ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 03, 2021

ഗീത ഗോപിനാഥ് ഐഎംഎഫിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററാകും

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായ ഗീത ഗോപിനാഥിനെ ഐഎംഎഫിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കുന്നതായി ഫണ്ട് വ്യാഴാഴ്ച പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ആദ്യം ഫണ്ട് വിടാന്‍ ഉദ്ദേശിക്കുന്ന ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ ജെഫ്രി ഒകമോട്ടോയ്ക്ക് പകരമായി അവര്‍ ഐഎംഎഫിന്റെ രണ്ടാം റാങ്ക് ഉദ്യോഗസ്ഥയാകും.

പുതിയ ചുമതലയില്‍ ഐഎംഎഫ് മേല്‍നോട്ടം, അനുബന്ധ നയങ്ങള്‍ എന്നിവയാകും എഫ്ഡിഎംഡി സ്ഥാനത്തിരുന്ന് ഗീത നിര്‍വഹിക്കുക. ഗവേഷണം കൂടാതെ മുന്‍നിര പ്രസിദ്ധീകരണങ്ങളുടെയും മേല്‍നോട്ടം ഗീത ഗോപിനാഥ് വഹിക്കും. ഐഎംഎഫ് പ്രസിദ്ധീകരണങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഗീതയുടെ നേതൃപാടവം ഉപകരിക്കുമെന്നാണ് ഐഎംഎഫ് പ്രസ്താവനയില്‍ പറയുന്നത്.

ക്രിപിറ്റോ നിരോധിക്കില്ല, സെബിയുടെ നിയന്ത്രണത്തില്‍ വന്നേക്കും

രാജ്യത്ത് ക്രിപ്‌റ്റോകറന്‍സികളെ നിരോധിച്ചേക്കില്ല, ആസ്തിയായി പരിഗണിക്കാന്‍ നീക്കം. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ സാധ്യത ഉള്ളതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി ക്രിപ്‌റ്റോകളെ ആസ്തിയായി പരിഗണിച്ചേക്കും. നിര്‍ദിഷ്ട നിയമപ്രകാരം ക്രിപ്റ്റോകറന്‍സിയെ ക്രിപ്റ്റോ-അസറ്റ്(ആസ്തി)ആയി പുനര്‍നാമകരണം ചെയ്യാനാനാണ് സാധ്യത. ക്രിപ്റ്റോ എക്സ്ചേഞ്ചുകളെല്ലാം ഇതോടെ സെബിയുടെ നിയന്ത്രണത്തില്‍വരും. സെബി രജിസ്‌റ്റേര്‍ഡ് പ്ലാറ്റ്ഫോമിലൂടെയും എക്സ്ചേഞ്ചുകളിലൂടെയുമാകും ഇടപാട് സാധ്യമാകുക. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പിഴ നേരിടേണ്ടി വരുമെങ്കിലും നിയമവശങ്ങളെക്കുറിച്ച് ഇനിയും വ്യക്തത കൈവരേണ്ടതുണ്ടെന്നാണ് അറിയുന്നത്.

സ്റ്റാര്‍ഹെല്‍ത്ത് ഐപിഒ പരാജയം, തുക കുറച്ചു

മൂന്നു ദിവസം നീണ്ടു നിന്ന ഐപിഓയ്ക്ക് മോശം പ്രതികരണം ലഭിച്ചതോടെ സ്റ്റാര്‍ഹെല്‍ത്ത് ഐപിഒ തുട കുറച്ചു. 7,249 കോടി രൂപയെന്ന ലക്ഷ്യമായിരുന്നു സ്റ്റാര്‍ ഹെല്‍ത്തിനുണ്ടായിരുന്നത്. ഓഫര്‍ ഫോര്‍ സെയില്‍വഴിയുള്ള ഓഹരി വില്പനയുടെ ഒരുഭാഗം ഇതേതുടര്‍ന്ന് സ്റ്റാര്‍ ഹെല്‍ത്തിന് കുറയ്ക്കേണ്ടിവന്നു. സമയംനീട്ടിയിട്ടും 79 ശതമാനം ഓഹരികള്‍ക്കുമാത്രമാണ് അപേക്ഷ ലഭിച്ചത്. റീറ്റെയില്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ ഭാഗം പൂര്‍ണമായും സബ്സ്‌ക്രൈബ് ചെയ്തെങ്കിലും യോഗ്യതയുള്ള നിക്ഷേപകര്‍ക്കായി നീക്കിവെച്ചിരുന്ന ഓഹരികള്‍ക്കാണ് ആവശ്യത്തിന് അപേക്ഷകള്‍ ലഭിക്കാതിരുന്നത്. 750 കോടി (10 കോടി ഡോളര്‍) രൂപ മൂല്യമുള്ള ഓഹരികള്‍ക്കുള്ള അപേക്ഷകളുടെ കുറവാണുണ്ടായത്. ഇതേതുടര്‍ന്ന് ഓഫര്‍ ഫോര്‍ സെയില്‍ വഴിയുള്ള ഓഹരി വില്പനയുടെ ഭാഗം കമ്പനിക്ക് കുറയ്ക്കേണ്ടിവന്നു.

ഹാപ്പേയെ ഏറ്റെടുത്ത് ക്രെഡ്

കോര്‍പറേറ്റ് എക്സ്പെന്‍സ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ഹാപ്പേയെ ഏറ്റെടുത്ത് ക്രെഡ്. ഏറ്റെടുക്കലിലൂടെ ക്രെഡിന് പുതിയ കസ്റ്റമര്‍ വിഭാഗത്തിലേക്ക് കൂടി കടന്നു ചെല്ലാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 180 ദശലക്ഷം ഡോളറിന്റേതാണ് ഇടപാട്. പണമായും ഓഹരിയായും ഇത് ക്രെഡ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

കോഴിക്കോട് ജില്ലയിലും ഓമിക്രോണ്‍ ജാഗ്രത

കോഴിക്കോട് ജില്ലയിലും ഓമിക്രോണ്‍ ജാഗ്രത. നവംബര്‍ 21-ാം തീയതി യുകെയില്‍ നിന്ന് വന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സ്രവം ഓമിക്രോണ്‍ പരിശോധനയ്ക്ക് അയച്ചു. ബ്രിട്ടനില്‍ നിന്ന് എത്തിയ യുവാവിന്റെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. ഇയാളുടെ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 21-ാം തീയതി നാട്ടിലെത്തിയ ഇദ്ദേഹത്തിന് 26-ാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ വിവിധ ജില്ലകളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. ഇതിന്റെ വിശദ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക ലിസ്റ്റില്‍ രണ്ട് പേരാണുള്ളത്. ഇദ്ദേഹത്തിന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം.

രണ്ടു ദിവസത്തെ മുന്നേറ്റം അവസാനിച്ചു, സൂചികകള്‍ താഴേക്ക്

രണ്ടു ദിവസത്തെ മുന്നേറ്റത്തിന് ശേഷം ഓഹരി സൂചികകള്‍ താഴേക്ക്. സെന്‍സെക്സ് 764.83 പോയ്ന്റ് താഴ്ന്ന് 57696 പോയ്ന്റിലും നിഫ്റ്റി 205 പോയ്ന്റ് താഴ്ന്ന് 17196.70 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യയില്‍ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നുള്ള നിക്ഷേപകരുടെ ആശങ്കകളാണ് വിപണിയില്‍ പ്രധാനമായും പിന്നോട്ടടിപ്പിച്ചത്. അതേസമയം ആഗോള വിപണി ഇന്ന് നേരിയ നേട്ടമുണ്ടാക്കി.

1722 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1453 ഓഹരികളുടെ വില കുറഞ്ഞു. 137 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയ്ന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ യുപിഎല്‍, ബിപിസിഎല്‍, ഒഎന്‍ജിസി, ഐഒസി, എല്‍ & ടി തുടങ്ങിയവ നേട്ടമുണ്ടാക്കി.

കാപിറ്റല്‍ ഗുഡ്സ് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകളില്‍ വലിയ മാറ്റം ഉണ്ടായില്ല.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.06 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (2.43 ശതമാനം), കിറ്റെക്സ് (1.69 ശതമാനം), ധനലക്ഷ്മി (1.49 ശതമാനം), സിഎസ്ബി ബാങ്ക് (1.41 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.26 ശതമാനം) തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.






Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it