ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 06, 2021

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരകയറുന്നതായി സൂചനകള്‍

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന്റെ ശക്തമായ അടയാളങ്ങള്‍ കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 22 സാമ്പത്തിക സൂചകങ്ങളില്‍ 19 എണ്ണത്തിലും ഉയര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020 ജനുവരിയില്‍ രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇന്ത്യയിലെ സാമ്പത്തിക വീണ്ടെടുക്കലിന്റെ പുരോഗതി ട്രാക്കുചെയ്യുന്നതിന് ഹൈ ഫ്രീക്വന്‍സി ഇന്‍ഡിക്കേറ്ററുകള്‍ (HFIs) ഉപയോഗപ്പെടുത്തുന്നു. ഇവയുടെ ഏറ്റവും പുതിയ നിരീക്ഷണ ഫലങ്ങളാണ് ഇവ.

ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റലില്‍ നിന്നും 375 കോടി രൂപ ഫണ്ട് നേടി മുത്തൂറ്റ് മൈക്രോഫിന്‍

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (ബ്ലൂ മുത്തൂറ്റ് ) മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡില്‍,375 കോടി രൂപയുടെ (50 മില്യണ്‍ ഡോളര്‍) 'സീരീസ്-സി' ഓഹരിനിക്ഷേപം നടത്തി ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ (ജി.പി.സി). 2022 ജൂണില്‍ കമ്പനിയുടെ ഓപ്ഷനില്‍,150 കോടി രൂപയുടെ അധികനിക്ഷേപത്തിനും യു കെ ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജി. പി. സി യുമായി ധാരണയായി.

വര്‍ക്ക് ഫ്രം ഹോം ജീവനക്കാര്‍ക്ക് പ്രത്യേക നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രം

വര്‍ക്ക് ഫ്രം ഹോമിന് പ്രത്യേക നിയമപരിരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളതായി റിപ്പോര്‍ട്ട്. തൊഴില്‍ സമയത്തില്‍ ചട്ടക്കൂട് കൊണ്ടുവന്നേക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടു വരാനാണ് നീക്കം. വീടുകളിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുതി, ഇന്റര്‍നെറ്റ് ചെലവുകള്‍ ആര് വഹിക്കണമെന്നത് സംബന്ധിച്ചും പുതിയ നിയമത്തില്‍ വ്യവസ്ഥകള്‍ തയ്യാറാക്കിയേക്കും.

ക്രിപ്‌റ്റോ നിക്ഷേപത്തിലേക്ക് ഇറങ്ങുന്ന ആദ്യ ബാങ്കായി കൊട്ടക് മഹീന്ദ്ര

ക്രിപ്റ്റോകറന്‍സികള്‍ക്ക് 'നിയന്ത്രണം' നല്‍കാമെന്നും ഇന്ത്യയില്‍ നിരോധിക്കാനാകില്ലെന്നുമുള്ള ചര്‍ച്ചകള്‍ വര്‍ധിച്ചുവരുന്ന ചര്‍ച്ചകള്‍ക്കിടയില്‍ ക്രിപ്‌റ്റോ ലോകത്തേക്ക് വാതിലുകള്‍ തുറക്കുന്ന ആദ്യ പ്രധാന ബാങ്കായി കൊട്ടക് മഹീന്ദ്ര. രാജ്യത്തെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലൊന്നായ വാസിര്‍ എക്‌സുമായി (WazirX- )കൊട്ടക് ബാങ്ക് ബിസിനസ്സ് ചെയ്യുമെന്നാണ് അറിയുന്നത്.

'സെന്‍സ്' സ്റ്റാര്‍ട്ടപ്പില്‍ 50 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് സോഫ്റ്റ്ബാങ്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടാലന്റ് എന്‍ഗേജ്മെന്റ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോമായ സെന്‍സില്‍ സോഫ്റ്റ്ബാങ്ക് 50 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. ഈ ഫണ്ടിംഗിന് ശേഷം, സെന്‍സിന്റെ മൂല്യം ഏകദേശം 500 മില്യണ്‍ ഡോളറാകും.

ഓഹരി വിപണിയില്‍ ഇന്നും ഇടിവ്

വെള്ളിയാഴ്ച താഴ്ചയോടെ വാരാന്ത്യത്തില്‍ വ്യാപാരം ക്ലോസ് ചെയ്ത ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നും അതേ പാതയാണ് പിന്തുടര്‍ന്നത്. ബുധനാഴ്ച പുറത്തുവരാനിരിക്കുന്ന പണനയവും ഒമിക്രോണ്‍ കേസുകള്‍ കൂടുന്നതുകൊണ്ടുള്ള അവ്യക്തതയുമാണ് ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളെ താഴേയ്ക്ക് വലിച്ച ഘടകങ്ങളില്‍ പ്രധാനപ്പെട്ടവ. ഐറ്റി ഓഹരികള്‍ താഴ്ചയെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ നിക്ഷേപകരുടെ 4.29 ലക്ഷം കോടി രൂപയാണ് ഇന്നത്തെ ഇടിവില്‍ മാത്രം ഒലിച്ച് പോയത്. എഫ് എം സി ജി, ഫാര്‍മ ഓഹരികളും ഇന്ന് താഴ്ചയിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

ആറ് കേരള കമ്പനികളുടെ ഓഹരികള്‍ മാത്രമാണിന്ന് നിലമെച്ചപ്പെടുത്തിയത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വില നാമമാത്രമായി ഉയര്‍ന്നു. സ്‌കൂബിഡേ ഓഹരി വില 4.99 ശതമാനമാണ് ഇന്ന് വര്‍ധിച്ചത്.




Related Articles
Next Story
Videos
Share it