ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 10, 2021

ഇന്ത്യയുടെ ഇപ്പോഴത്തെ വളര്‍ച്ച ശാശ്വതമല്ലെന്ന് നൊമൂറ
നിലവില്‍ രാജ്യത്ത് നിലനില്‍ക്കുന്ന വളര്‍ച്ചാ ചക്രം ശാശ്വതമല്ലെന്നും 2022 ആദ്യ പകുതിയോടെ അത് ഉയരുമെന്നും ജാപ്പനീസ് ബ്രോക്കറേജ് നൊമൂറ വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് വളര്‍ച്ച വര്‍ധിപ്പിക്കുന്നതിന് സ്വീകരിച്ച അയഞ്ഞ നയങ്ങളുടെ പാര്‍ശ്വഫലങ്ങളായ ഉയര്‍ന്ന പണപ്പെരുപ്പവും വിശാലമായ കറന്റ് അക്കൗണ്ട് കമ്മിയും ഇതിന് കാരണമായേക്കും.
108 രാജ്യങ്ങളില്‍ ഇന്ത്യന്‍ കോവിഡ് വാക്‌സിന് അംഗീകാരം
യാത്രാ ആവശ്യങ്ങള്‍ക്കായി മൊത്തം 108 രാജ്യങ്ങള്‍ ഇന്ത്യന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചതായി ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ വെള്ളിയാഴ്ച ലോക്‌സഭയെ അറിയിച്ചു. ഡിസംബര്‍ ആറ് വരെയുള്ള വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗ് ഗുണമേന്മ, സുരക്ഷ, കാര്യക്ഷമത എന്നിവയുടെ ലഭ്യമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള നിര്‍ദ്ദിഷ്ട വാക്‌സിനുകളുടെ പട്ടിക പ്രകാരമാണിത്.
25 വിമാനത്താവളങ്ങള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വകാര്യവത്കരിക്കും
രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നതായി വ്യോമയാന സഹമന്ത്രി വി.കെ. സിംഗ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങള്‍ 2022 മുതല്‍ 2025വരെയുള്ള കാലയളവിലാകും സ്വകാര്യവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കുക. ഭൂവനേശ്വര്‍, വാരണാസി, അമൃത്സര്‍, തിരുച്ചിറപ്പിള്ളി, ഇന്‍ഡോര്‍, റായ്പൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍, നാഗ്പൂര്‍, പട്ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂര്‍, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാല്‍, തിരുപ്പതി, ഹുബ്ലി, ഇംഫാല്‍, അഗര്‍ത്തല, ഉദയ്പൂര്‍, ഡെറാഡൂണ്‍, രാജമുണ്ട്രി എന്നീ എയര്‍പോര്‍ട്ടുകളാണ് പദ്ധതിക്കുകീഴില്‍വരിക.
മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഫുള്‍ ചാര്‍ജ്, ഇളവുകള്‍ വെട്ടിക്കുറച്ച് റെയില്‍വേ
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉള്‍പ്പടെയുള്ള യാത്രാ നിരക്കിളവുകള്‍ തിരികെ കൊണ്ട് വരില്ലെന്ന് റെയില്‍വേ. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ സാധാരണനിലയില്‍ പുനരാരംഭിച്ചെങ്കിലും നിരക്കിലെ ഇളവുകള്‍ തിരികെ കൊണ്ടുവരില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ അറിയിച്ചു. ഇതോടെ വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട നിരവധിയാളുകള്‍ക്ക് റെയില്‍വേ യാത്രനിരക്കില്‍ കിട്ടിക്കൊണ്ടിരുന്ന ഇളവുകള്‍ ഇല്ലാതാവും.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ മാറ്റമില്ലാതെ സ്വര്‍ണം
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില. 4495 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ സ്വര്‍ണ വില. പവന് 35960 രൂപയും. 4475 രൂപയില്‍ നിന്ന് 20 രൂപ വര്‍ധിച്ച ശേഷം കഴിഞ്ഞ രണ്ട് ദിവസമായി 4495 രൂപയിലാണ് സ്വര്‍ണത്തിന്റെ വിപണനം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്വര്‍ണവിലയില്‍ വലിയ വ്യത്യാസമുണ്ടായി. നവംബര്‍ 25 ന് 4470 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില വര്‍ധിച്ചു. നവംബര്‍ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വര്‍ണത്തിന് ഇന്നത്തെ നിരക്കായ 4495 രൂപയില്‍ എത്തിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉള്ളത്.
നേരിയ ഇടിവോടെ ഓഹരി സൂചികകള്‍
ഇന്ത്യന്‍ ഓഹരി സൂചികകളില്‍ നേരിയ ഇടിവ്. സെന്‍സെക്സ് 20.46 പോയ്ന്റ് ഇടിഞ്ഞ് 58,786.67 പോയ്ന്റിലും നിഫ്റ്റി 5.50 പോയ്ന്റ് ഇടിഞ്ഞ് 17511.30 പോയ്ന്റിലും ക്ലോസ് ചെയ്തു. ആഗോള വിപണി ദുര്‍ബലമായത ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ഫിനാന്‍ഷ്യല്‍, ഐറ്റി ഓഹരികളാണ് ഇന്ന് നിറം മങ്ങിയത്.
2024 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1165 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 125 ഓഹരികളുടെ വിലമാറ്റമില്ലാതെ തുടരുന്നു.
ഏഷ്യന്‍ പെയന്റ്സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എസ്ബിഐ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഡിവിസ് ലാബ്സ്, ടൈറ്റന്‍ കമ്പനി, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 19 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. എവിറ്റി 8.33 ശതമാനം നേട്ടവുമായി നേട്ടത്തില്‍ മുന്നിലെത്തി. പാറ്റ്സ്പിന്‍ ഇന്ത്യ (4.90 ശതമാനം), കേരള ആയുര്‍വേദ (3.77 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.25 ശതമാനം), നിറ്റ ജലാറ്റിന്‍ (2.49 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്.
ഇന്ത്യയില്‍ ഇതുവരെ 25 ഒമിക്രോണ്‍ കേസുകള്‍
ഇന്ത്യയില്‍ ഇതുവരെ 25 ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എല്ലാ കേസുകളിലും നേരിയ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യ മന്ത്രാലയം പത്രസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ മൊത്തം ഒമൈക്രോണ്‍ കേസുകളില്‍ ഒമ്പത് പേര്‍ രാജസ്ഥാനില്‍ നിന്നും മൂന്ന് ഗുജറാത്തില്‍ നിന്നും 10 മഹാരാഷ്ട്രയില്‍ നിന്നും രണ്ട് കര്‍ണാടകയില്‍ നിന്നും ഒന്ന് ഡല്‍ഹിയില്‍ നിന്നും ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it