ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 13, 2021

റീറ്റെയ്ല്‍ പണപ്പെരുപ്പം 4.91 ശതമാനമായി ഉയര്‍ന്നു
തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ റീറ്റെയില്‍ പണപ്പെരുപ്പം നവംബറില്‍ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായതായി റിപ്പോര്‍ട്ട്. 4.91 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ഇത് അഞ്ചാം മാസമാണ് റീറ്റെയില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ ടാര്‍ഗെറ്റ് ബാന്‍ഡായ 2-6 ശതമാനത്തില്‍ തുടരുന്നത്.
പെട്രോളിയം ജിഎസ്ടി പരിധിയില്‍ വരില്ലെന്ന് കൗണ്‍സില്‍
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍ അറിയിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ല എന്നാണ് കൗണ്‍സിലിലുണ്ടായ ഏകകണ്ഠമായ തീരുമാനം. വലിയ വരുമാന നഷ്ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നും ജി.എസ്.ടി കൗണ്‍സില്‍ നിലപാട് എടുത്തതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട എട്ട് തട്ടിപ്പ് കേസുകള്‍ ഇഡിക്ക്
ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട എട്ട് തട്ടിപ്പ് കേസുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിലാണെന്ന് ധനമന്ത്രാലയം. വെര്‍ച്വല്‍ കറന്‍സി ഉള്‍പ്പെട്ടേക്കാവുന്ന അപകടസാധ്യതകളെക്കുറിച്ച് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രാലയം ലോക്സഭയെ അറിയിച്ചു.
സഹകരണ സംഘങ്ങളെ ബാങ്കെന്ന് വിളിക്കാനാവില്ലെന്ന് വ്യക്തമാക്കി ധനമന്ത്രാലയം
സഹകരണ സംഘങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന റിസര്‍വ് ബാങ്ക് നടപടികള്‍ ശരിവെച്ചും ആവര്‍ത്തിച്ചും ധനമന്ത്രാലയവും. സഹകരണ സംഘങ്ങളെ ബാങ്കെന്ന് വിളിക്കാനാവില്ലെന്ന ആര്‍ബിഐ നിലപാട് പാര്‍ലമെന്റില്‍ ധനകാര്യമന്ത്രാലയം ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ കേരളം ഉന്നയിച്ച ആവശ്യം ആര്‍ബിഐ തള്ളിയതാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവുകള്‍ നിലനില്‍ക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ധനമന്ത്രി രേഖാമൂലം ലോക്‌സഭയെ അറിയിച്ചു.
ഇന്ത്യയിലെ 5 ജി ലോകോത്തരനിലവാരമുള്ളതെന്ന് 3GPP
മെയ്ഡ്-ഇന്‍-ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്ത് നിര്‍മ്മിച്ച 5ജി സാങ്കേതികവിദ്യ ആഗോള നിലവാരമുള്ളതെന്ന് അന്താരാഷ്ട്ര സംഘടന 3GPP ഔദ്യോഗികമായി അറിയിച്ചു. ടെലികോം മേഖലയുടെ ആഗോള നിലവാരം നിര്‍വചിക്കുന്ന ഒരു അന്താരാഷ്ട്ര സ്ഥാപനമാണ് 3 ജി പി പി.
ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍;നിക്ഷേപകര്‍ക്ക് 985 കോടി രൂപ ഉടനെ നല്‍കും
ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണിന്റെ പ്രവര്‍ത്തനം നിര്‍ത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് 985 കോടി രൂപ ഉടനെ വിതരണംചെയ്യും. ഈ ആഴ്ചതന്നെ നിക്ഷേപകരുടെ അക്കൗണ്ടില്‍ പണമെത്തും. എട്ടാമത്തെ ഘട്ടമായാണ് ഫ്രാങ്ക്ളിന്‍ പണം നിക്ഷേപകര്‍ക്ക് കൈമാറുന്നത്. പ്രവര്‍ത്തനം നിര്‍ത്തുമ്പോഴുണ്ടായിരുന്ന മൊത്തം ആസ്തിയുടെ 103.5ശതമാനം(26,098.2 കോടി രൂപ) തുക ഫ്രാങ്ക്ളിന്‍ നിക്ഷേപകര്‍ക്ക് കൈമാറി. ആറ് ഫണ്ടുകളിലായി ഇതോടെ 25,114 കോടി രൂപ വിതരണംചെയ്തു.
തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിഞ്ഞ് ഓഹരി സൂചികകള്‍
റിയല്‍റ്റി, ഓയ്ല്‍ & ഗ്യാസ്, പിഎസ്യു ബാങ്ക് ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടതോടെ തുടര്‍ച്ചയായ രണ്ടാം സെഷനിലും ഇടിഞ്ഞ് ഓഹരി സൂചികകള്‍. സെന്‍സെക്സ് 503.25 പോയ്ന്റ് ഇടിഞ്ഞ് 58283.42 പോയ്ന്റിലും നിഫ്റ്റി 143 പോയ്ന്റി ഇടിഞ്ഞ് 17368 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്.
1840 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1554 ഓഹരികളുടെ വിലയിടിഞ്ഞു. 158 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ബജാജ് ഫിനാന്‍്സ്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയവയുടെ വിലിയിടിഞ്ഞു. ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, മാരുതി സുസുകി, വിപ്രോ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 10 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. സ്‌കൂബീ ഡേ ഗാര്‍മന്‍ഫ്സ് 4.58 ശതമാനം നേട്ടവുമായി മുന്നിലെത്തി. പാറ്റ്സിന്‍ ഇന്ത്യ (4.45 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (3.66 ശതമാനം), എഫ്എസിടി (3.03 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (1.96 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it