Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 04, 2022
നഷ്ടത്തില്‍ നിന്നും കരകയറി ഇന്‍ഡിഗോ, 130 കോടി രൂപയുടെ അറ്റാദായം നേടി
ഇന്‍ഡിഗോ ഫ്ളൈറ്റ്‌സ് നടത്തുന്ന എയര്‍ലൈന്‍ പ്രമുഖരായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, നഷ്ടക്കണക്കുകളില്‍ നിന്നും കരകയറുന്നു. ഇന്ധനച്ചെലവ് വര്‍ധിച്ചെങ്കിലും, അവധിക്കാലത്ത് യാത്രാ ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ 2021 ഡിസംബര്‍ 31-ന് അവസാനിക്കുന്ന പാദത്തില്‍ 130 കോടി രൂപയുടെ അറ്റാദായം കമ്പനി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 620 കോടി രൂപയുടെ അറ്റനഷ്ടം ആണ് രേഖപ്പെടുത്തിയിരുന്നത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 21 സാമ്പത്തിക വര്‍ഷത്തിലെ 4,910 കോടി രൂപയില്‍ നിന്ന് 90% ഉയര്‍ന്ന് 9,295 കോടി രൂപയായി.
ബിപിസിഎല്‍ വില്‍ക്കാന്‍ കൂടുതല്‍ അപേക്ഷകരെ ക്ഷണിച്ച് കേന്ദ്രം
രാജ്യത്തെ രണ്ടാമത്തെ വലിയ സര്‍ക്കാര്‍ റിഫൈനറായ ബിപിസിഎല്ലിനെ വില്‍ക്കാന്‍ കൂടുതല്‍ അപേക്ഷകരെ കാത്തിരിക്കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക്ക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ. നിലവില്‍ വാങ്ങാനുള്ള യോഗ്യതയോടെ വേദാന്ദ ഗ്രൂപ്പ് മാത്രമാണ് സന്നദ്ധത അറിയിച്ച കൂട്ടത്തിലുള്ളത്. കൂടുതല്‍ മത്സരാധിഷ്ഠിതമായ വില്‍പ്പനയ്ക്കായി മറ്റുള്ളവരെ കൂടി കാത്തിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സിലിക്കണ്‍ വാലി സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തി ജിയോ പ്ലാറ്റ്ഫോംസ്
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പായ ടു പ്ലാറ്റ്ഫോംസ് ഇന്‍കില്‍ നിക്ഷേപം നടത്തി. പ്രണവ് മിസ്ത്രി സ്ഥാപിച്ച കമ്പനിയുടെ 15 മില്യണ്‍ ഡോളര്‍ വില മതിക്കുന്ന ഓഹരികളാണ് ജിയോ നേടിയത്. ഇന്ററാക്ടീവ്, ഇമ്മേഴ്ഷണല്‍ AI അനുഭവങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റി കമ്പനിയാണ് ടു പ്ലാറ്റ്‌ഫോംസ്.
അദാനി വില്‍മര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ക്ക് ഇഷ്യുവില പ്രഖ്യാപിച്ചു
അദാനി വില്‍മര്‍ ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) ഇഷ്യു വില ഒരു ഷെയറൊന്നിന് 230 രൂപ ആയി നിശ്ചയിച്ചു.
ജനുവരി 31-ന് സമാപിച്ച അദാനി വില്‍മറിന്റെ മൂന്ന് ദിവസത്തെ ഐപിഒയില്‍ 17 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ ആണ് ലഭിച്ചത്. ജനുവരി 27 ന് പൊതു സബ്സ്‌ക്രിപ്ഷനായി തുറന്ന ഇഷ്യുവില്‍ കമ്പനി ഒരു ഷെയറിന് 218-230 പ്രൈസ് ബാന്‍ഡ് ആണ് നിശ്ചയിച്ചിരുന്നത്.
സൂചികകളില്‍ ഇന്നും ഇടിവ്
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഇന്നും ഇടിവോടെ ഓഹരി വിപണി. സെന്‍സെക്സ് 143.20 പോയ്ന്റ് താഴ്ന്ന് 58644.82 പോയ്ന്റിലും നിഫ്റ്റി 43.90 പോയ്ന്റ് താഴ്ന്ന് 17516.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. പിഎസ്യു ബാങ്ക്, ഓട്ടോ, റിയല്‍റ്റി ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കലിന് വിധേയമായതോടെയാണ് സൂചികയില്‍ ഇടിവുണ്ടായത്.
1554 ഓഹരികളുടെ വില ഇന്ന് വര്‍ധിച്ചപ്പോള്‍ 1704 ഓഹരികളുടേത് കുറഞ്ഞു. 87 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഹീറോ മോട്ടോകോര്‍പ്, എസ്ബിഐ, എന്‍ടിപിസി, എച്ച്ഡിഎഫ്സി ലൈഫ്,് മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍ പെടുന്നു. അതേസമയം ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, സണ്‍ഫാര്‍മ, ഏഷ്യന്‍ പെയ്ന്റ്സ്, ഡിവിസ് ലാബ്സ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
പിഎസ്യു ബാങ്ക്, റിയല്‍റ്റി സെക്ടറല്‍ സൂചികകളില്‍ 1-2 ശതമാനം ഇടിവ് രേഖപ്പെടുത്തി. മെറ്റല്‍ സൂചിക 1 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.68 ശതമാനവും സ്മോള്‍കാപ് സൂചിക 0.45 ശതമാനവും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
11 കേരള കമ്പനി ഓഹരികളുടെ വില ഉയര്‍ന്നു. എവിറ്റി (13.33 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (5 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (3.37 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (2.09 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. ഇന്‍ഡിട്രേഡ് (ജെആര്‍ജി), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദ, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എസിടി തുടങ്ങി 17 കേരള കമ്പനി ഓഹരികളുടെ വിലയിടിഞ്ഞു. ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരി വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല.
Next Story
Videos