Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 05, 2022
ആമസോണ്‍, ഫ്യൂച്ചര്‍ ആര്‍ബിട്രേഷന്‍ നിര്‍ത്തിവച്ചു
രാജ്യത്ത് കല്‍ക്കരി ഉത്പാദനം ഉയര്‍ന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ സിംഗപ്പൂര്‍ ട്രിബ്യൂണലില്‍ ആമസോണിന്റെ ആര്‍ബിട്രേഷന്‍ നടപടികള്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ച സ്റ്റേ ചെയ്തു. ആമസോണ്‍ ആര്‍ബിട്രേഷന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഹര്‍ജികള്‍ സിംഗിള്‍ ജഡ്ജി ബെഞ്ച് ഇന്നലെ തള്ളിയതിന് പിന്നാലെയാണിത്.
ഇന്ത്യയുടെ കല്‍ക്കരി ഉത്പാദനം 74.78 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നു
രാജ്യത്ത് കല്‍ക്കരി ഉത്പാദനം വര്‍ധിച്ചു. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഡിസംബറില്‍ ഇന്ത്യയുടെ കല്‍ക്കരി ഉത്പാദനം 74.78 ദശലക്ഷം ടണ്‍ (മെട്രിക് ടണ്‍) ആയിട്ടാണ് ഉയര്‍ന്നതെന്ന് കേന്ദ്ര കല്‍ക്കരി മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതി പിടിവാശിയല്ല, നാടിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി
സില്‍വര്‍ലൈന്‍ പദ്ധതിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തു വന്ന പ്രതിപക്ഷത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈന്‍ പദ്ധതി തന്റെ പിടിവാശിയല്ലെന്നും നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്.
നിക്ഷേപകര്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങള്‍ സുപരിചിതമാക്കാനുള്ള നീക്കവുമായി സെബി
നിക്ഷേപകരുടെ പരാതി പരിഹാരത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനായി, കൊമ്മോഡിറ്റി ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചുകള്‍ / ഡിപ്പോസിറ്ററികള്‍ / ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളോടും അവരുടെ വെബ്‌സൈറ്റുകളുടെയും മൊബൈല്‍ ആപ്ലിക്കേഷനുകളുടെയും വിവരങ്ങള്‍ സ്‌കോര്‍സ് എന്ന വെബ്‌സൈറ്റിന്റെ (scores.gov.in - സെബി കംപ്ലയന്റ്‌സ് റിഡ്രസ് സിസ്റ്റം )ഹോം പേജില്‍ പ്രദര്‍ശിപ്പിക്കാന്‍ സെബി നിര്‍ദ്ദേശിച്ചു.
400 കോടിയുടെ എന്‍സിഡി ഇഷ്യു ചെയ്ത് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
മുത്തൂറ്റ് ഫിന്‍കോര്‍പ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രം (എന്‍സിഡി) ഇഷ്യുവില്‍ ഇന്നു മുതല്‍ 28 വരെ അപേക്ഷിക്കാം. 200 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഇഷ്യൂവിന് കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ ആകെ 400 കോടി രൂപ വരെ സമാഹരിക്കാന്‍ കമ്പനിക്ക് അനുമതിയുണ്ട്. 1000 രൂപ മുഖവിലയില്‍ 10,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക. 27 മാസം, 38 മാസം, 72 മാസം, 96 മാസം എന്നിങ്ങനെ 10 കാലാവധി ഓപ്ഷനുകള്‍ ഉണ്ട്. 8.30% മുതല്‍ 9.37% വരെ നിരക്കുകളിലുള്ള ആദായമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
507 കോടി രൂപയുടെ ഫണ്ട് സമാഹരിച്ച് ഐഡി ഫ്രഷ്
507 കോടി രൂപ പുതുതായി സമാഹരിച്ച് ഐഡി ഫ്രഷ്. ന്യൂക്വസ്റ്റ് ക്യാപിറ്റല്‍ പാര്‍ട്‌നര്‍, പ്രേംജി ഇന്‍വെസ്റ്റ് എന്നിവയാണ് മൂലധന നിക്ഷേപം നടത്തിയത്. മലയാളികളായ പി.സി.മുസ്തഫ, അബ്ദുല്‍ നാസര്‍ എന്നിവര്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പാണ് 'ഐഡി ഫ്രഷ് ഫുഡ്' ഇഡ്ഡലി, ദോശ മാവ്, മലബാര്‍ പറോട്ട, ചപ്പാത്തി തുടങ്ങിയ ഉല്‍പന്നങ്ങളാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനിയുടേത്.
വീണ്ടും 60,000 കടന്ന് സെന്‍സെക്സ്; ഒമിക്രോണ്‍ 'തുണയാകുന്നു'
ഒമിക്രോണ്‍ വന്നത് നന്നായി! ഓഹരി വിപണി ഇപ്പോള്‍ പറയുന്നത് ഇതാണെന്ന് തോന്നുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോഴും വിപണിക്ക് കൂസലില്ല. കാരണം വിപണിയുടെ കണ്ണ് ഇന്നത്തെ പ്രശ്നങ്ങളിലല്ല. നാളത്തെ സാധ്യതകളിലാണ്.
ഒമിക്രോണ്‍ വ്യാപനം അതിവേഗത്തിലാണെങ്കിലും മാരക സ്വഭാവം കുറവാണെന്ന വസ്തുതയാണ് നിക്ഷേപകര്‍ ഗൗനിക്കുന്നത്. മാത്രമല്ല നിയന്ത്രണങ്ങള്‍ വരുമ്പോള്‍ വളര്‍ച്ചയെ ബാധിക്കും. അതുകൊണ്ട് തന്നെ ഇനി സമ്പദ് വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാവുന്ന നയങ്ങള്‍ കേന്ദ്ര ബാങ്കുകള്‍ ഉടനടി സ്വീകരിച്ചേക്കാനിടയില്ല.
വിപണിയിലേക്കുള്ള പണമൊഴുക്കിന് തടയുന്ന നീക്കങ്ങള്‍ കേന്ദ്ര ബാങ്കുകളില്‍ നിന്ന് അതിവേഗത്തിലുണ്ടായേക്കില്ല എന്ന നിഗമനം ഓഹരി വിപണിയില്‍ പുതിയ ആത്മവിശ്വാസം നിറയ്ക്കുന്നുണ്ട്. ഇന്ന് വ്യാപാരത്തിനിടെ 60,333 പോയ്ന്റ് തൊട്ട സെന്‍സെക്സ് 60,223ലാണ് ക്ലോസ് ചെയ്തത്. 367 പോയ്ന്റ് അഥവാ 0.61 ശതമാനം വര്‍ധന. നിഫ്റ്റി 120 പോയ്ന്റ് അഥവാ 0.67 ശതമാനം ഉയര്‍ന്ന് 17,925 ല്‍ ക്ലോസ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
പതിനൊന്ന് കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് താഴ്ന്നു. ആസ്റ്റര്‍ ഡിഎം ഓഹരി വില ആറ് ശതമാനത്തിലേറെ ഉയര്‍ന്നു. കിറ്റെക്സ് ഓഹരി വിലയും ഇന്ന് 6.17 ശതമാനം കൂടി. സ്‌കൂബിഡേ ഓഹരി വില 2.12 ശതമാനം താഴ്ന്നു. കല്യാണ്‍ ജൂവല്ലേഴ്സ് ഓഹരി വില 3.39 ശതമാനം കൂടി.
കേരളത്തില്‍ കോവിഡ് കൂടുന്നു, എറണാകുളം ഒന്നാമത്
കേരളത്തില്‍ 4801 പേര്‍ക്ക് കോവിഡ് രോഗം. എറണാകുളത്താണ് ഏറ്റവുമധികം രോഗികള്‍, 24 മണിക്കൂറിനിടെ 1081 പേര്‍, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂര്‍ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂര്‍ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140, വയനാട് 128, കാസര്‍ഗോഡ് 83 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്.
Next Story
Videos