ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 20,2022

ടെസ്ലയുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടുന്നുവോ?
ഇലോണ്‍ മസ്‌കിനോട് ഇന്ത്യ മുഖം തിരിക്കുമോ? ടെസ്ല കാറുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാന്‍ നികുതി ഇളവ് തേടിക്കൊണ്ട് ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന ചര്‍ച്ചകള്‍ ഇരുഭാഗവും വിട്ടുവീഴ്ച ചെയ്യാത്തതിനാല്‍ സ്തംഭിച്ചുനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ടെസ്ല കാറുകള്‍ നിര്‍മിക്കാന്‍ നിക്ഷേപം നടത്താമെന്ന ഉറപ്പ് ഇലോണ്‍ മസ്‌ക് ഇതുവരെ നല്‍കിയിട്ടില്ല. ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്ത് ഇവിടെ വില്‍ക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നത്. അതിന് നികുതി ഇളവ് വേണമെന്ന ആവശ്യത്തോടാണ് കേന്ദ്രം മുഖം തിരിക്കുന്നത്. നിക്ഷേപത്തെ കുറിച്ച് വ്യക്തമായ പ്ലാനില്ലാതെ നികുതി ഇളവിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന.
ഡിസംബറില്‍ രാജ്യത്ത് 5.30 കോടി തൊഴിലില്ലാത്തവര്‍
സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്ക് പ്രകാരം 2021 ഡിസംബറില്‍ 5.30 തൊഴില്‍ രഹിതര്‍ രാജ്യത്തുണ്ട്. ഇതില്‍ 3.50 കോടി ആളുകള്‍ എന്തെങ്കിലും ഒരു തൊഴില്‍ ഗൗരവമായി തേടിക്കൊണ്ടിരിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ 80 ലക്ഷത്തോളം പേര്‍ സ്ത്രീകളാണ്.
2021ല്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇടിവ്
2021ല്‍ ഇന്ത്യയിലേക്ക് വന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 26 ശതമാനം ഇടിവ് സംഭവിച്ചതായി യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ്. എന്നാല്‍ ഇതേ കാലയളവില്‍ ആഗോള തലത്തിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 77 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020ല്‍ സംഭവിച്ചതുപോലെ വമ്പന്‍ ലയനങ്ങളും ഏറ്റെടുക്കലുകളുമൊന്നുമില്ലാത്തതുകൊണ്ടാണ് 2021ല്‍ ഇന്ത്യയിലേക്കുള്ള എഫ് ഡി ഐ കുറഞ്ഞതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
'സ്റ്റാര്‍ട്ടപ്പിന്റെ നിര്‍വചനത്തില്‍ മാറ്റം വരുത്തണം'
സ്റ്റാര്‍ട്ടപ്പുകളുടെ നിര്‍വചനത്തില്‍ മാറ്റം വരുത്തണമെന്നാവശ്യവുമായി ഇന്ത്യന്‍ പ്രൈവറ്റ് ഇക്വിറ്റി ആന്‍ഡ് വെഞ്ച്വര്‍ കാപ്പിറ്റല്‍ അസോസിയേഷന്‍. ഇതുള്‍പ്പടെ അടുത്ത ബജറ്റില്‍ സ്റ്റാര്‍ട്ടപ്പ് രംഗത്ത് നടപ്പാക്കേണ്ട ആവശ്യങ്ങള്‍ അസോസിയേഷന്‍ കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. നിലവില്‍ സ്ഥാപിതമായിട്ട് പത്തുവര്‍ഷം വരെയുള്ള, 100 കോടി വരുമാനം വരെയുള്ളവയെയാണ് സ്റ്റാര്‍ട്ടപ്പ് എന്ന നിര്‍വചിക്കുന്നത്. എന്നാല്‍ പത്തുവര്‍ഷത്തിനുള്ളിലുള്ള എല്ലാ കമ്പനികളെയും വരുമാനപരിധിയില്ലാതെ സ്റ്റാര്‍ട്ടപ്പായി പരിഗണിക്കണമെന്നും വിദേശത്ത് നേരിട്ട് ലിസ്റ്റിംഗ് നടത്താന്‍ അനുമതി നല്‍കണമെന്നൊക്കെയാണ് പ്രധാന ആവശ്യങ്ങള്‍.
തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്
വിദേശ നിക്ഷേപകരുടെ കൂട്ടത്തോടെയുള്ള വില്‍പ്പന, ഉയരുന്ന ബോണ്ട് യീല്‍ഡ്, കുതിച്ചുമുന്നേറുന്ന ക്രൂഡ് വില, പിടിവിട്ട് പോകുന്ന വിലക്കയറ്റം ഇവയെല്ലാം ചേര്‍ന്നപ്പോള്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി ഇടിവോടെ ക്ലോസ് ചെയ്തു.

സെന്‍സെക്സ് 634 പോയ്ന്റ് താഴ്ന്നതോടെ ക്ലോസിംഗ് 60,000 ത്തില്‍ താഴെ 59,465ലായി. നിഫ്റ്റി 181 പോയ്ന്റ് ഇടിഞ്ഞ് 17,757ല്‍ ക്ലോസ് ചെയ്തു. മുഖ്യ സൂചികകള്‍ രണ്ടും ഒരു ശതമാനത്തിലേറെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.

ബിഎസ്ഇ മിഡ്കാപ് സൂചിക വെറും 0.07 ശതമാനവും സ്മോള്‍കാപ് സൂചിക 0.05 ശതമാനവും മാത്രമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്.
കേരള കമ്പനികളുടെ പ്രകടനം
വിപണിയില്‍ ഇടിവ് തുടരുമ്പോഴും കേരള കമ്പനികളില്‍ ഒമ്പതെണ്ണത്തിന്റെ ഓഹരി വില മാത്രമേ ഇന്ന് താഴ്ന്നുള്ളൂ. സ്‌കൂബിഡേ ഓഹരി വില 9.99 ശതമാനം ഉയര്‍ന്നു. കിംഗ്സ് ഇന്‍ഫ്രയുടെ ഓഹരി വില 7.08 ശതമാനമാണ് കൂടിയത്. ജിയോജിത് ഓഹരി വില 1.93 ശതമാനം വര്‍ധിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it