ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 24, 2022

10.7 ബില്യണ്‍ ഡോളര്‍ ഡെക്കാകോണ്‍ കമ്പനി ആയി മാറി സ്വിഗ്ഗി
ഫുഡ്-ഓര്‍ഡറിംഗ്, തല്‍ക്ഷണ ഗ്രോസറി ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി അസറ്റ് മാനേജര്‍ ഇന്‍വെസ്‌കോയുടെ നേതൃത്വത്തില്‍ 700 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് നടത്തിയതായി തിങ്കളാഴ്ച തയ്യാറാക്കിയ പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. നിലവിലെ റൗണ്ടിലെ ധനസമാഹരണം കൂടെ ചേര്‍ത്ത് ബംഗളൂരു ആസ്ഥാനമായുള്ള സ്വിഗ്ഗി ഏകദേശം ഇരട്ടി മൂല്യത്തിലേക്ക് അതായത് 10.7 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു.
ആക്സിസ് ബാങ്ക് അറ്റാദായം 224 ശതമാനം ഉയര്‍ന്നു
ഡിസംബറില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം 224 ശതമാനം വര്‍ധിച്ച് 3,614 കോടി രൂപയായെന്ന് ആക്സിസ് ബാങ്ക് തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദം 1,117 കോടി രൂപയായിരുന്നു. 3,150 കോടി രൂപയായിരിക്കും എന്ന പ്രവചനങ്ങളെക്കാള്‍ ഏറെ ഉയരെയാണ് ഇത്. അറ്റ പലിശ വരുമാനം (എന്‍ഐഐ) വര്‍ഷം തോറും (YoY) 17 ശതമാനവും തുടര്‍ച്ചയായി 10 ശതമാനം അഥവാ 8,653 കോടി രൂപയായും വളര്‍ന്നതായി ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 4 ശതമാനം ഇടിഞ്ഞു
ഓഹരി വിപണിയിലെ മൊത്തത്തിലുള്ള ദുര്‍ബലമായ പ്രവണതയ്ക്ക് അനുസൃതമായി ലാഭമെടുപ്പിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികള്‍ തിങ്കളാഴ്ച 4% ഇടിഞ്ഞു. വിപണി മൂല്യനിര്‍ണ്ണയം അനുസരിച്ച് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനത്തിന്റെ ഓഹരികള്‍ ബിഎസ്ഇയിലെ ആദ്യ വ്യാപാരത്തില്‍ 1.04 ശതമാനം ഉയര്‍ന്ന് 2,504.10 രൂപയിലെത്തിയെങ്കിലും പിന്നീട് സ്റ്റോക്ക് അതിന്റെ എല്ലാ ആദ്യകാല നേട്ടങ്ങളും ഉപേക്ഷിച്ച് 4.06% ഇടിവോടെ 2,377.55 രൂപയില്‍ എത്തി.
ചുവപ്പണിഞ്ഞ് വിപണി; മൂന്ന് ശതമാനത്തോളം ഇടിഞ്ഞ് സൂചികകള്‍
തുടര്‍ച്ചയായ അഞ്ചാം ദിവസവും വിപണിയില്‍ തകര്‍ച്ച. സെന്‍സെക്സും നിഫ്റ്റിയും മൂന്നു ശതമാനത്തോളമാണ് ഇന്ന് ഇടിഞ്ഞത്. സെന്‍സെക്സ് 1545.67 പോയ്ന്റ് ഇടിഞ്ഞ് 57491.51 പോയ്ന്റിലും നിഫ്റ്റി 468.10 പോയ്ന്റ് ഇടിഞ്ഞ് 17149.10 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ആഗോള വിപണി ദുര്‍ബലമായതും മൂന്നാം പാദ ഫലങ്ങളും ബജറ്റിന് മുന്നോടിയായുള്ള ആശയക്കുഴപ്പങ്ങളും വന്‍ വിറ്റഴിക്കലിലേക്ക് വിപണിയെ നയിച്ചതാണ് സൂചികകളിലെ തകര്‍ച്ചയ്ക്ക് വഴിവെച്ചത്.
450 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 2938 ഓഹരികളുടെ വില ഇടിഞ്ഞു. 100 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ഗ്രാസിംഗ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയുടെ വിലയില്‍ ഇടിവുണ്ടായി. സിപ്ല, ഒഎന്‍ജിസി തുടങ്ങിയവയുടെ വില വര്‍ധിച്ചു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഒന്നു മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 0.79 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്.
സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, എഫ്എസിടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, റബ്ഫില ഇന്റര്‍നാഷണല്‍, ഹാരിസണ്‍സ് മലയാളം, അപ്പോളോ ടയേഴ്സ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് തുടങ്ങി 28 കേരള കമ്പനികളുടെ ഓഹരി വില ഇന്ന് ഇടിഞ്ഞു.
ഒമിക്രോണിലൂടെ യൂറോപ്പില്‍ കോവിഡ് വ്യാപാനം അവസാനിച്ചേക്കും ലോകാരോഗ്യ സംഘടന
ഒമിക്രോണ്‍ വകഭേദത്തോടെ യൂറോപ്പില്‍ കോവിഡ് വ്യാപനം അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പിലെ ലോകാരോഗ്യ സംഘടനയുടെ ചെയര്‍മാന്‍ ഹാന്‍സ് ക്ലൂഗെ ആണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോണ്‍ കൊവിഡ് മഹാമാരിയെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മാസത്തോടെ യുറോപ്പിലെ 60 ശതമാനം പേര്‍ക്കും ഒമിക്രോണ്‍ ബാധിക്കും. ഇപ്പോഴത്തെ ഒമിക്രോണ്‍ വ്യാപനത്തിന് ശേഷം, രോഗത്തില്‍ നിന്നും വാക്സിനേഷനില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിരോധ ശേഷി മാസങ്ങളോളം നിലനില്‍ക്കും. ഈ വര്‍ഷത്തിന്റെ അവസാനം കൊവിഡ് വീണ്ടും വന്നേക്കുമെങ്കിലും അത് ഒരു മഹാമാരിയായി മാറില്ലെന്നും ഹാന്‍സ് ക്ലൂഗെ വ്യക്തമാക്കി.