Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 01, 2021
ഐപിഒയിലൂടെ ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം സമാഹരിച്ചത് 27,417 കോടി രൂപ
ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം മാത്രം ഐപിഓ(പ്രാരംഭ പബ്ലിക് ഓഫര്‍)കളിലൂടെ (ഐപിഒ) 27,417 കോടി രൂപ സമാഹരിച്ചു. മുന്‍വര്‍ഷങ്ങളിലെ ആറുമാസത്തെ അപേക്ഷിച്ച് കുറഞ്ഞത് ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇത് പണലഭ്യതയും നിക്ഷേപകരുടെ ഉന്മേഷവും മൂലമാണ്.
എംഎസ്എംഇ മേഖല ഇപ്പോഴും സമ്മര്‍ദ്ദത്തിലെന്ന് ആര്‍ബിഐ
പുനര്‍ നിര്‍മാണം നടന്നെങ്കിലും രാജ്യത്തെ എംഎസ്എംഇ മേഖലയിലെ സംരംഭങ്ങള്‍ സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാന്‍ പാടുപെടുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി വില ഇന്ത്യ വെട്ടിക്കുറച്ചു
സ്വര്‍ണവും വെള്ളിയും ഇറക്കുമതി ചെയ്യുന്നതിലെ അടിസ്ഥാന വില വെട്ടിക്കുറച്ച് ഇന്ത്യ. ഇന്ത്യയില്‍ നിലവിലെ സ്വര്‍ണ ഇറക്കുമതി വില 7.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ചേര്‍ത്താണ് ഈടാക്കുന്നത്. എന്നാല്‍ ഇതാണ് ഒഴിവാകുന്നത്. നിരക്ക് വെട്ടിക്കുറച്ചതായുള്ള സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. സര്‍ക്കാരിന്റെ ഈ നീക്കത്തിനുശേഷം ഇന്ത്യയില്‍ സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നത് റീറ്റെയ്ല്‍ ജ്വല്ലറിക്കാരെയും ഉപഭോക്താക്കളെയും സഹായിക്കുമെന്ന് വിദഗ്ധര്‍.
എസ്ബിഐ സേവനങ്ങളില്‍ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ വിവിധ മാറ്റങ്ങള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പുതിയ സേവന നിരക്കുകള്‍ 2021 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉടമകള്‍ക്കുള്ള സേവന നിരക്കുകള്‍, എടിഎം പിന്‍വലിക്കല്‍, ചെക്ക്ബുക്കുകള്‍, കൈമാറ്റങ്ങള്‍, മറ്റ് സാമ്പത്തികേതര ഇടപാടുകള്‍ എന്നിവയ്ക്ക് പുതിയ നിരക്കുകള്‍ ബാധകമാണ്. മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതല്ലാത്ത താഴെതട്ടിലുള്ള ഉപഭോക്താക്കളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള അക്കൗണ്ടാണ് ബിഎസ്ബിഡി. പുതുക്കിയ നിരക്കുകളും മാറ്റങ്ങളും എസ്ബിഐ വെബ്സൈറ്റില്‍ പരാമര്‍ശിച്ചിരുന്നു.
അസംസ്കൃത പാമോയിലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ പത്ത് ശതമാനമായി നിജപ്പെടുത്തി
അസംസ്കൃത പാമോയിലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ പത്ത് ശതമാനമായി നിജപ്പെടുത്തി കേന്ദ്രസർക്കാർ. ഇതിലൂടെ രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ റീടെയ്ൽ വില കുറയ്ക്കാൻ കഴിയുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആന്റ് കസ്റ്റംസ് ആണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
നീരവ് മോദിയുടെ സഹോദരി 17.25 കോടി രൂപ ഇന്ത്യന്‍ സര്‍ക്കാരിന് അയച്ചു: ഇഡി
പിഎന്‍ബി വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യവിട്ട വ്യവസായി നീരവ് മോദിയുടെ സഹോദരി യുകെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 17 കോടി രൂപ ഇന്ത്യന്‍ സര്‍ക്കാരിന് അയച്ചതായി ഇഡി അറിയിച്ചു. സഹോദരന്‍ നീരവ് മോദിയുടെ നിര്‍ദേശപ്രകാരമാണ് ജൂണ്‍ 24 ന് അക്കൗണ്ടിലെ പണം മാറ്റാന്‍ അവസരം നല്‍കിയതെന്ന് പൂര്‍വി മോദി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു.
ഊർജ ഉപഭോഗത്തിൽ വീണ്ടും വർധന
രാജ്യത്തെ ഊർജ്ജ ഉപഭോഗത്തിൽ ജൂൺ മാസത്തിലും വർധനയെന്ന് റിപ്പോർട്ട്. പത്ത് ശതമാനമാണ് വർധിച്ച് 115.39 ബില്യൺ യൂണിറ്റാണ് മുൻവർഷത്തെ അപേക്ഷിച്ച് ജൂൺ മാസത്തിൽ ഉണ്ടായ ഉപഭോഗം. എന്നാലും ഇത് കോവിഡിന് മുൻപത്തേക്കാൾ താഴെയാണെന്നത് നേരിയ നിരാശ ഉയർത്തുന്നുണ്ട്.
തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി സൂചികകള്‍ താഴോട്ട്. രാവിലെ മുതല്‍ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച വിപണിയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെയാണ് ഇടിവുണ്ടായത്. സെന്‍സെക്സ് 164.11 പോയ്ന്റ് ഇടിഞ്ഞ് 52318.60 പോയ്ന്റിലും നിഫ്റ്റി 41.50 പോയ്ന്റ് ഇടിഞ്ഞ് 15680 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1632 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1516 ഓഹരികളുടെ വിലയിടിഞ്ഞു. 118 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. അഞ്ചു ശതമാനം നേട്ടവുമായി കെഎസ്ഇ നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നു. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.64 ശതമാനം), നിറ്റ ജലാറ്റിന്‍ (4.54 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.32 ശതമാനം), എവിറ്റി (1.99 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (1.96 ശതമാനം), അപ്പോളോ ടയേഴ്സ് (1.64 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
Next Story
Videos