Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 09, 2021
ശ്യാം ശ്രീനിവാസന്‍ ഫെഡറല്‍ ബാങ്ക് മേധാവിയായി തുടരും
ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി മൂന്ന് വര്‍ഷത്തേക്ക കൂടി റിസര്‍വ് ബാങ്ക് ദീര്‍ഘിപ്പിച്ചു. ഈ വര്‍ഷം സെപ്തംബര്‍ 23 മുതല്‍ 2024 സെപ്തംബര്‍ 22 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ബഹുരാഷ്ട്ര ബാങ്കുകളിലെ രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തന പരിചയവുമായി 2010 സെപ്തംബര്‍ 23നാണ് ഫെഡറല്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായി ശ്യാം ശ്രീനിവാസന്‍ ചുമതലയേറ്റത്.
ഇന്ത്യന്‍ കാമ്പസുകളില്‍ നിന്ന് 40,000 പേരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ടിസിഎസ്
ഈ വര്‍ഷം ഇന്ത്യയിലെ വിവിധ കാമ്പസുകളില്‍ നിന്നായി 40,000-ത്തിലധികം പേരെ നിയമിക്കുമെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്). ഇന്ത്യയെക്കൂടാതെ ആഗോള സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ യുഎസിലെയും ലാറ്റിനന്‍ അമേരിക്കയിലെയും കാമ്പസുകളിലുടനീളവും കമ്പനി റിക്രൂട്ട്‌മെന്റ് നടത്താനിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
എൽ ഐ സിയുടെ ചെയർമാൻ തസ്തിക ഒഴിവാക്കുന്നു
ഐപിഒയ്ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) മുന്നോടിയായി എല്‍ഐസിയുടെ ഭരണ തലത്തില്‍ വന്‍ മാറ്റങ്ങൾ. കമ്പനിയുടെ ചെയര്‍മാന്‍ പദവി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നു. പകരം സിഇഒ ആന്‍ഡ് എംഡി എന്നതാകും കോര്‍പ്പറേഷനിലെ ഉയര്‍ന്ന തസ്തിക. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തിയുളള ഉത്തരവ് ധനമന്ത്രാലത്തിന് കീഴിലെ സാമ്പത്തിക സേവന വകുപ്പ് പുറത്തിറക്കി. ചിലപ്പോള്‍ സിഇഒ, എംഡി എന്നിവയില്‍ രണ്ടിലും നിയമനം നടത്താനും സാധ്യതയുണ്ട്. അല്ലെങ്കില്‍ സിഇഒ ആന്‍ഡ് എംഡി എന്ന രീതിയില്‍ നിയമനം നടത്തുമെന്നാണ് റിപ്പോർട്ട്.
കസ്റ്റംസ് തീരുവ ഒഴിവാക്കിയതായി സംശയിച്ച് സാംസംഗ് ഓഫീസുകളില്‍ പരിശോധന
നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കുന്നുവെന്ന് സംശയിക്കുന്നതായി കാണിച്ച് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ് ഇലക്ട്രോണിക്‌സിന്റെ ഓഫീസുകളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി. സാംസംഗിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ തിരച്ചില്‍ നടന്നതായാണ് ദേശീയ റിപ്പോര്‍ട്ടുകള്‍.
കോവിഡ് ബോണസായി 1500 ഡോളര്‍ വീതം നല്‍കി മൈക്രോസോഫ്റ്റ്
കോവിഡ് ബോണസായി മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് 1,500 ഡോളര്‍(1.12 ലക്ഷം രൂപ) നല്‍കുന്നു. 1,75,508 ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണംലഭിക്കും. 2021 മാര്‍ച്ച് 31 വരെ അതിനുമുമ്പോ ജോലിയില്‍ പ്രവേശിച്ച, വൈസ് പ്രസിഡന്റിന് താഴെയുള്ള എല്ലാ ജീവനക്കാര്‍ക്കും പാന്‍ഡമിക് ബോണസ് നല്‍കുമെന്നാണ് കമ്പനി അറിയിപ്പ്.
വീണ്ടും സ്വര്‍ണവില വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയും ഉയര്‍ന്ന് പവന് 35,800 രൂപയും ഗ്രാമിന് 4,475 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 4,465 രൂപയും പവന് 35,720 രൂപയുമായിരുന്നു നിരക്ക്.
കേരള സര്‍ക്കാരുമായി തുറന്ന പോര് നടത്തുന്ന കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ് ഓഹരി വില ഇന്ന കുതിച്ചുമുന്നേറി. ഒറ്റ ദിവസം കൊണ്ട് 23 രൂപയാണ് കൂടിയത്. ഒരാഴ്ച കൊണ്ട് എട്ട് ശതമാനത്തോളമായിരുന്നു വില വര്‍ധനയെങ്കില്‍ ഇന്ന് കിറ്റെക്സ് ഓഹരി വില 19.72 ശതമാനം കൂടി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും നിക്ഷേപം നടത്താന്‍ കിറ്റെക്സിന് ലഭിച്ച ക്ഷണം നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്.
കുഞ്ഞുങ്ങള്‍ക്കുള്ള ഉടുപ്പ് നിര്‍മാണമേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് നിര്‍മാതാക്കളില്‍ ഒന്നാണ് കിറ്റെക്സ്. Gerber, Carter's, Walmart, Target, Amazon തുടങ്ങിയവരെല്ലാം കിറ്റെക്സിന്റെ പ്രമുഖ ഇടപാടുകാരാണ്. ലിറ്റില്‍ സ്റ്റാര്‍ എന്ന സ്വന്തം ബ്രാന്‍ഡും കമ്പനിക്കുണ്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രതിദിന ഉല്‍പ്പാദന ശേഷി 4,32,000 യൂണിറ്റുകളാണ്.
കേരള കമ്പനികളുടെ പ്രകടനം
കിറ്റെക്സിന്റെ മിന്നുന്ന പ്രകടനം തന്നെയാണ് ഇന്ന്് എടുത്തുപറയാവുന്ന ഒന്ന്. നിറ്റ ജലാറ്റിന്റെ ഓഹരി വിലയില്‍ എട്ടുശതമാനത്തോളം വര്‍ധനയുണ്ടായി. ഇന്ന് ഒരു ദിവസം കൊണ്ട് കമ്പനിയുടെ ഓഹരി വില 17 രൂപ കൂടി. ജിയോജിത് ഓഹരി വില മൂന്നര ശതമാനത്തിലേറെ ഉയര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് ഓഹരി വിലകള്‍ താഴ്ന്നു. സിഎസ്ബി ഓഹരി വില രണ്ടുരൂപ കൂടി. ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയില്‍ ഇന്ന് മാറ്റമില്ല.
Next Story
Videos