ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 23, 2021

ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പ്രവര്‍ത്തനലാഭം നേടി ഫെഡറല്‍ ബാങ്ക്
ജൂണ്‍ 30ന് അവസാനിച്ച 2021 - 22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഫെഡറല്‍ ബാങ്ക് 1135 കോടി രൂപയുടെ പ്രവര്‍ത്തനലാഭം നേടി. ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന പ്രവര്‍ത്തനലാഭമാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 932.38 കോടി രൂപയായിരുന്ന പ്രവര്‍ത്തനലാഭം 22 ശതമാനമാണ് വര്‍ധിച്ചത്. 8.30 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മൊത്തം ബിസിനസ് 2,99,158.36 കോടി രൂപയിലെത്തി.
അറ്റപലിശ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.41 ശതമാനം വര്‍ധിച്ച് 1,418 കോടി രൂപയിലുമെത്തി. 53.90 ശതമാനം വര്‍ധനവോടെ ബാങ്കിന്റെ സ്വര്‍ണവായ്പകള്‍ 15764 കോടി രൂപയിലെത്തിയപ്പോള്‍ റീട്ടെയ്ല്‍ വായ്പകള്‍ 15.15 ശതമാനവും കൊമേര്‍ഷ്യല്‍ ബാങ്കിംഗ് വായ്പകള്‍ 10.23 ശതമാനവും കാര്‍ഷിക വായ്പകള്‍ 23.71 ശതമാനവുമാണ് പ്രസ്തുത കാലയളവില്‍ വര്‍ധിച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് മൊത്തം അറ്റാദായം 7.3 ശതമാനം ഇടിഞ്ഞ് 12,273 കോടിയായി
ജൂണ്‍ അവസാനിച്ച ത്രൈമാസത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) മൊത്തം അറ്റാദായം 7.3 ശതമാനം ഇടിഞ്ഞ് 12,273 കോടി രൂപയായി. എന്നാല്‍ ഇത് വിശകലന വിദഗ്ധരുടെ പ്രതീക്ഷകള്‍ക്ക് മുകളിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകീകൃത വരുമാനത്തില്‍ 58.2 ശതമാനം വളര്‍ച്ച നേടി 1.44 ലക്ഷം കോടി രൂപ രേഖപ്പെടുത്തി. എന്നാല്‍ ഇത് പ്രതീക്ഷിച്ചതില്‍ നിന്നും താഴെയാണ്. ഈ കാലയളവിലെ പലിശ, നികുതി, മൂല്യത്തകര്‍ച്ച, പലിശനിരക്ക് എന്നിവയ്ക്ക് മുമ്പുള്ള ആര്‍ഐഎല്ലിന്റെ ഏകീകൃത വരുമാനം 27.6 ശതമാനം ഉയര്‍ന്ന് 27,550 കോടി രൂപയിലെത്തി.
എ.ജി.ആര്‍ കുടിശ്ശിക വിഷയത്തില്‍ ടെലികോം കമ്പനികളുടെ ഹര്‍ജി തള്ളി സുപ്രീംകോടതി
എ.ജി.ആര്‍ കുടിശ്ശിക വിഷയത്തില്‍ പുനഃപരിശോധനയില്ല. ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച എജിആര്‍ കുടിശ്ശിക വീണ്ടും കണക്കാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ടാറ്റ ടെലിസര്‍വീസസ് എന്നീ കമ്പനികള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് എല്‍.എന്‍ റാവു, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.
കുടിശ്ശിക കുറയ്ക്കാനുള്ള സാധ്യതയാണ് സുപ്രീംകോടതിയുടെ തീരുമാനത്തിലൂടെ ഇല്ലാതായത്. കുടിശ്ശിക നല്‍കുന്നതിന് കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീംകോടതി 10 വര്‍ഷത്തെ സമയം അനുവദിച്ചിരുന്നു. അതിനുശേഷമാണ് മൂന്ന് ടെലികോം കമ്പനികള്‍ ജൂലായ് 19ന് വീണ്ടും കോടതിയെ സമീപിച്ചത്.
ഡിജിറ്റില്‍ കറന്‍സി അവതരിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് ആര്‍ബിഐ
രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റില്‍ കറന്‍സി അവതരിപ്പിക്കാന്‍ നടപടികള്‍ തുടങ്ങുമെന്ന് ആര്‍ബിഐ. ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക എന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ ടിബി ശങ്കര്‍ പറഞ്ഞു. രഡിജിറ്റല്‍ കറന്‍സിക്കായി രാജ്യത്തിന്റെ വിദേശനാണ്യ നിയമങ്ങളിലും വിവരസാങ്കേതിക നിയമങ്ങളിലുമെല്ലാം മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ കറന്‍സികളുടെ ഉപയോഗത്തില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം സമ്പദ്വ്യവസ്ഥയിലെ പണത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 10.31 കോടി രൂപ
സൗത്ത് ഇന്ത്യന്‍ ബാങ്ക് അറ്റാദായം 10.31 കോടി രൂപ രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 81.65 കോടി രൂപ നേടിയ സ്ഥാനത്താണിത്. അതേസമയം, മുന്‍ ത്രൈമാസത്തിലെ അറ്റാദായത്തെക്കാള്‍ കൂടുതലാണ്. ത്രൈമാസ പ്രവര്‍ത്തന ലാഭം 512.12 കോടി രൂപയാണ് രേഖപ്പെടുത്തിയത്. വാര്‍ഷികാടിസ്ഥാനത്തിലുള്ള വര്‍ധന 28.68%. ഉപഭോക്തൃ നിക്ഷേപങ്ങളില്‍ 10% വര്‍ധനയുണ്ട്. സേവിംഗ്‌സ് നിക്ഷേപത്തില്‍ 18% വര്‍ധനവ് കാണാം.
വിപണി മൂലധനം ഒരു ലക്ഷം കോടി വരെ കടന്നു
സോമാറ്റോ ഓഹരികള്‍ വെള്ളിയാഴ്ച ഓഹരി വിപണിയില്‍ ശക്തമായ അരങ്ങേറ്റം കുറിച്ചു. വ്യാപാരത്തിന്റെ ആദ്യ ദിവസം എന്‍എസ്ഇയില്‍ ഒരു ഓഹരിക്ക് 126 രൂപയായി. സോമാറ്റോയുടെ ഓഹരി വില ഐപിഒ വില 76 രൂപയില്‍ നിന്ന് 66 ശതമാനം അഥവാ 50 രൂപയാണ് ഉയര്‍ന്നത്. ഓപ്പണിംഗില്‍ സൊമാറ്റോ ഓഹരികള്‍ 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ 138 രൂപയിലെത്തിയിരുന്നു. ഇത് ഐപിഒ നിക്ഷേപകരുടെ പണം ഇരട്ടിയാക്കി. സൊമാറ്റോയുടെ 9,375 കോടി രൂപയുടെ ഐപിഒയാണ് കഴിഞ്ഞ ആഴ്ച്ച നടന്നത്.
എന്‍എസ്ഇയില്‍ 116 രൂപ നിരക്കിലാണ് സൊമാറ്റോ വ്യാപാരം ആരംഭിച്ചത്. ദലാല്‍ സ്ട്രീറ്റില്‍ അരങ്ങേറ്റം കുറിച്ച ശേഷം കമ്പനിയുടെ വിപണി മൂലധനം 1,08,067.35 കോടി രൂപ കടന്നു. ക്ലോസിംഗ് ബെല്ലില്‍ 98,211 കോടി രൂപയാണ് ഇത്. ഐഒസി, ബിപിസിഎല്‍, ശ്രീ സിമന്റ്‌സ് എന്നീ കമ്പനികളേക്കാള്‍ മുന്നിലാണ് ഇപ്പോള്‍ സൊമാറ്റോയുടെ സ്ഥാനം.
പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കാം
100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് അംഗീകാരം. മുന്‍പ് ഇത് 49 ശതമാനമായിരുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍(ബിപിസിഎല്‍) സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സര്‍ക്കാരിന്റെ കൈവശമുള്ള 52.98ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകര്‍ക്ക് കൈമാറുകയാണ് ലക്ഷ്യം. അതോടൊപ്പം പൊതുമേഖലയിലെ മറ്റ് എണ്ണക്കമ്പനികളിലും വിദേശനിക്ഷേപത്തിന് സാധ്യതതെളിയും.
ഓഹരി വിപണി: തുടങ്ങിയത് ചാഞ്ചാട്ടത്തില്‍, നേട്ടത്തോടെ ക്ലോസിംഗ്
ചാഞ്ചാട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണി ഉച്ചയ്ക്ക് ശേഷം മുന്നേറി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 138.5 പോയ്ന്റ് അഥവാ 0.26 ശതമാനം ഉയര്‍ന്ന് 52,976ല്‍ ക്ലോസ് ചെയ്തു. അതേ സമയം നിഫ്റ്റി 32 പോയ്ന്റ് അഥവാ 0.2 ശതമാനം ഉയര്‍ന്ന് 15,856 ലുമെത്തി. ബാങ്കിംഗ്, എഫ്എംസിജി രംഗത്ത് നിക്ഷേപ താല്‍പ്പര്യം കൂടിയതാണ് ഇ്ന്ന് വിപണിയുടെ മുന്നേറ്റത്തിന് സഹായിച്ചത്. ഓട്ടോ, എനര്‍ജി, മീഡിയ മുതലായവ ഒഴികെ മറ്റെല്ലാ സെക്ടര്‍ സൂചികകളും ഗ്രീന്‍ സോണിലായിരുന്നു.
കേരള കമ്പനികളുടെ പ്രകടനം
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സിന്റെ ഓഹരി വില ഇന്ന് 19.98 ശതമാനമാണ് ഉയര്‍ന്നത്. സിഎസ്ബി ബാങ്ക് ഓഹരി ഇന്ന് 8.13 ശതമാനം നേട്ടമുണ്ടാക്കി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഏഴര ശതമാനത്തിലേറെ താഴ്ന്നു. കിറ്റെക്സ് ഓഹരി വില ഇന്ന് നാല് ശതമാനത്തിലേറെ താഴ്ന്നു. ഈസ്റ്റേണ്‍ ട്രെഡ്സിന്റെ ഓഹരി വിപണി ഇന്ന് എട്ടുശതമാനത്തിലേറെയാണ് ഇടിഞ്ഞത്.




Related Articles
Next Story
Videos
Share it