ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 11, 2022

കേരള ബജറ്റ് അവതരിപ്പിച്ചു

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പേപ്പര്‍ രഹിത ബജറ്റില്‍ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭക വികസനത്തിനും ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഭൂനികുതി സ്ലാബ് മാറ്റവും പുതിയ ഐടി പാര്‍ക്കുകളുടെ പ്രഖ്യാപനവുമുള്‍പ്പെടുന്ന നിരവധി പദ്ധതികള്‍.

ബജറ്റ് അവലോകനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


കെ-റെയില്‍: സ്ഥലമേറ്റെടുക്കലിന് 2,000 കോടി

സംസ്ഥാനത്തിന്റെ അതിവേഗ റെയ്ല്‍വേ പദ്ധതിലായ സില്‍വര്‍ ലൈനിന്റെ കേന്ദ്ര അനുമതി ഉടന്‍ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനുവേണ്ട സ്ഥലമേറ്റെടുപ്പിന് 2,000 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

ഭൂനികുതിക്ക് പുതിയ സ്ലാബ്, ഭൂമി ന്യായവില ഉയര്‍ത്തി

സംസ്ഥാനത്തെ ഭൂനികുതി പരിഷ്‌കരിച്ച് പുതിയ സ്ലാബ് കൊണ്ടുവരുമെന്ന് ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. ഭൂനികുതി പരിഷ്‌കരിക്കുന്നതിലൂടെ 80 ലക്ഷം രൂപയുടെ വരുമാന വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഭൂമിയുടെ ന്യായവിലയും ഉയര്‍ത്തും. 10 ശതമാനമാണ് ഭൂമിന്യായവില വര്‍ധിപ്പിക്കുക. ഇതുവഴി 200 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. മോട്ടോര്‍ വാഹന നികുതിയും 1 ശതമാനം വര്‍ധിപ്പിക്കും. പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50 ശതമാനം വരെ ഉയര്‍ത്തും.

പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതില്‍ പേടിഎം പേമെന്റ് ബാങ്കിന് വിലക്ക്

പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് പേടിഎമ്മിന് വിലക്കേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്താന്‍ ഒരു ഐടി ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാന്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആര്‍ബിഐ അതിന്റെ വെബ്സൈറ്റിലെ പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

സെമികണ്ടക്ടര്‍ ക്ഷാമം; ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളിലേക്കുള്ള വാഹന വിതരണത്തില്‍ വന്‍ ഇടിവ്

സെമികണ്ടക്ടര്‍ ക്ഷാമം, വില വര്‍ധന തുടങ്ങിയവ കാരണം രാജ്യത്തുടനീളമുള്ള ഫാക്ടറികളില്‍ നിന്ന് ഡീലര്‍ഷിപ്പുകളിലേക്ക് വാഹനങ്ങള്‍ അയക്കുന്നതില്‍ 23 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. എസ്ഐഎഎം (Society of Indian Automobile Manufacturers) ന്റെ കണക്കുകള്‍ പ്രകാരം, 2021 ഫെബ്രുവരിയേക്കാള്‍ കഴിഞ്ഞമാസം വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.

ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ മൊത്തവിതരണം 2021 ഫെബ്രുവരിയിലെ 17,35,909 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 23 ശതമാനം കുറഞ്ഞ് 13,28,027 യൂണിറ്റായി. 2022 ഫെബ്രുവരിയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വിതരണം ആറ് ശതമാനം കുറഞ്ഞ് 2,62,984 യൂണിറ്റുകളായി, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 2,81,380 യൂണിറ്റുകളായിരുന്നു.

സ്‌കൂട്ടര്‍ മൊത്ത വില്‍പ്പന ഫെബ്രുവരിയില്‍ 3,44,137 യൂണിറ്റായി കുറഞ്ഞു, കഴിഞ്ഞ മാസം ഇതേ കാലയളവില്‍ ഇത് 4,65,097 യൂണിറ്റായിരുന്നു. മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയും 2021 ഫെബ്രുവരിയിലെ 9,10,323 യൂണിറ്റില്‍ നിന്ന് 6,58,009 യൂണിറ്റായി കുറഞ്ഞു.

രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം 394 മില്യണ്‍ ഡോളര്‍ വര്‍ധിച്ചു

മാര്‍ച്ച് നാലിന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 394 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 631.92 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി ആര്‍ബിഐ റിപ്പോര്‍ട്ട്. ഫെബ്രുവരി 25ന് അവസാനിച്ച മുന്‍ ആഴ്ചയില്‍ കരുതല്‍ ധനം 1.425 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 631.527 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2021 സെപ്റ്റംബര്‍ 3-ന് അവസാനിച്ച ആഴ്ചയില്‍ ഇത് 642.453 ബില്യണ്‍ ഡോളറിന്റെ ആജീവനാന്ത ഉയരത്തിലെത്തിയിരുന്നു. ഇതിനോടടുത്തു നില്‍ക്കുന്ന പിന്നീടുള്ള കണക്കുകളാണ് പുതിയത്.

താങ്ങായി ഫാര്‍മ ഓഹരികള്‍; ഓഹരി സൂചികകളില്‍ നേരിയ ഉയര്‍ച്ച

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്സ് 85.91 പോയ്ന്റ് ഉയര്‍ന്ന് 55550.30 പോയ്ന്റിലും നിഫ്റ്റി 35.60 പോയ്ന്റ് ഉയര്‍ന്ന് 16630.50 പോയ്ന്റിലും ക്ലോസ് ചെയ്തു. 2004 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1257 ഓഹരികള്‍ക്ക് കാലിടറി. 112 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

സിപ്ല, ബിപിസിഎല്‍, സണ്‍ഫാര്‍മ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐഒസി തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. എന്നാല്‍ നെസ്ലെ ഇന്ത്യ, മാരുതി സുസുകി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി തുടങ്ങിയവയുടെ ഓഹരി വില ഇന്ന് ഇടിഞ്ഞു.

ഫാര്‍മ സൂചികയില്‍ 2 ശതമാനവും ഓയ്ല്‍ & ഗ്യാസ് സൂചികയില്‍ ഒരു ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകളും നേരിയ നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. എഫ്എസിടി (9.06 ശതമാനം), ഹാരിസണ്‍സ് മലയാളം (5.21 ശതമാനം), ആസ്റ്റര്‍ ഡിഎം (3.14 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (2.97 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (2.64 ശതമാനം) തുടങ്ങി 16 കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. അതേസമയം വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, മണപ്പുറം ഫിനാന്‍സ്, ഈസ്റ്റേണ്‍ ട്രെഡ്സ്, ധനലക്ഷ്മി ബാങ്ക്, കെഎസ്ഇ, കേരള ആയുര്‍വേദ, നിറ്റ ജലാറ്റിന്‍ തുടങ്ങി 13 കേരള കമ്പനി ഓഹരികളുടെ വിലയിടിഞ്ഞു.

Related Articles
Next Story
Videos
Share it