ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 01, 2021

ഇന്ത്യയുടെ കയറ്റുമതി 21.35% വര്‍ധിച്ചു

രാജ്യത്തെ ചരക്ക് കയറ്റുമതി സെപ്റ്റംബറില്‍ തുടര്‍ച്ചയായ പത്താം മാസമായി 33.44 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2020 സെപ്റ്റംബറില്‍ 27.56 ബില്യണ്‍ ഡോളറായിരുന്നു ഇത്. 21.35% ആണ് വര്‍ധനവെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട പ്രാഥമിക ഡാറ്റ വ്യക്തമാക്കുന്നു. 2019 സെപ്റ്റംബറില്‍ ഇത് 26.02 ബില്യണ്‍ ഡോളറായിരുന്നു.

തുടര്‍ച്ചയായ മൂന്നാം മാസവും ലക്ഷം കോടി കവിഞ്ഞ് ജിഎസ്ടി വരുമാനം

തുടര്‍ച്ചയായ മൂന്നാം മാസവും 1.1 ലക്ഷം കോടി രൂപ കടന്ന് ജിഎസ്ടി വരുമാനം. അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ചരക്കു സേവന നികുതിയിലൂടെ സെപ്തംബറില്‍ സര്‍ക്കാരിന് ലഭിച്ചത്. 1.17 ലക്ഷം കോടി രൂപ. ഓഗസ്റ്റില്‍ 1.12 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. ധനകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.

ഭവനവായ്പയ്ക്ക് പലിശ നിരക്ക് കുറച്ച് യെസ് ബാങ്ക്

എസ്ബിഐ, ഐസിഐസിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവര്‍ക്ക് ശേഷം യെസ് ബാങ്കും ഭവനവായ്പാ പലിശനിരക്ക് കുറച്ചു. പുതുക്കിയ നിരക്കുകളനുസരിച്ച് 6.7 ശതമാനമാണ് ഹോംലോണ്‍ പലിശ നിരക്ക്. ഉത്സവ സീസണ്‍ പ്രമാണിച്ച് ഇടക്കാല ഓഫറാണിതെന്നാണ് അറിയിപ്പ്. നിലവില്‍ 8.95 മുതല്‍ 11.80 ശതമാനം വരെയാണ് യെസ് ബാങ്ക് ഭവനവായ്പാ പലിശ നിരക്കുകള്‍.

എയര്‍ഇന്ത്യ ലേലം ഉറപ്പിച്ചെന്നത് തെറ്റായ വാര്‍ത്തയെന്ന് മന്ത്രാലയം

എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്കെന്ന വാര്‍ത്ത സ്ഥിരീകരിക്കാതെ മന്ത്രാലയം. 'എയര്‍ഇന്ത്യ ഓഹരി വിറ്റഴിക്കലിലെ ഇന്ത്യാ ഗവണ്‍മെന്റിന്റെ ലേലത്തില്‍ അംഗീകാരമായെന്ന് സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. സര്‍ക്കാര്‍ തീരുമാനം എടുക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും.' നിക്ഷേപ, പൊതു അസറ്റ് മാനേജ്‌മെന്റ് (DIPAM - Department of Investment and Public Asset Management) വകുപ്പ് നിഷേധിച്ചു. രത്തന്‍ ടാറ്റയും വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി.

വാണിജ്യ വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

ഇന്ധന കമ്പനികള്‍ വാണിജ്യ വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 43 രൂപയാണു വര്‍ധിച്ചത്. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 1,736.50 രൂപയായി. ഗാര്‍ഹിക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചില്ലെന്നതാണു ഏക ആശ്വാസം. എന്നാല്‍ സിഎന്‍ജിയില്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത ഗ്യാസിന്റെ വില 62 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.

വന്‍ നഷ്ടം നേരിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സെപ്റ്റംബര്‍ വില്‍പ്പന 44 ശതമാനം ഇടിഞ്ഞു

സെപ്റ്റംബര്‍ മാസ വില്‍പ്പന 44 ശതമാനം വരെ ഇടിഞ്ഞതായി റോയല്‍ എന്‍ഫീല്‍ഡ്. 33529 മോട്ടോര്‍സൈക്കിളുകളാണ് സെപ്റ്റംബര്‍ 2021 ല്‍ വില്‍പ്പന നടത്തിയത്. എന്നാല്‍ കോവിഡ് രൂക്ഷമായിരുന്നിട്ട് കൂടി കഴിഞ്ഞ വര്‍ഷം ഇതേ സമയം രേഖപ്പെടുത്തിയത് 60,331 മോട്ടോര്‍സൈക്കിളുകളാണ്.

ടാറ്റാ മോട്ടോഴ്‌സ്: ആഭ്യന്തര ഹോള്‍സെയ്ല്‍ വില്‍പ്പന വര്‍ധിച്ചു

ടാറ്റാ മോട്ടോഴ്‌സിന്റെ ആഭ്യന്തര ഹോള്‍സെയ്ല്‍ വിപണിയില്‍ 26 ശതമാനം വില്‍പ്പന വര്‍ധനവ് രേഖപ്പെടുത്തി. 55,988 യൂണിറ്റുകളാണ് 2021 സെപ്റ്റംബറില്‍ ടാറ്റ വിറ്റഴിച്ചത്. ഇതേകാലയളവില്‍ കഴിഞ്ഞ വര്‍ഷം 44,410 യൂണിറ്റുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

ഓഹരി വിപണി ഇന്നും താഴേക്ക് തന്നെ

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി സൂചികകള്‍ താഴേക്ക് തന്നെ. പുതിയ മാസത്തെ ആദ്യ ദിവസം സെന്‍സെക്സ് 360.78 പോയ്ന്റ് ഇടിഞ്ഞ് 58765.58 പോയ്ന്റിലും നിഫ്റ്റി 86.20 പോയ്ന്റ് ഇടിഞ്ഞ് 17532 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. കാതലായ വ്യവസായ മേഖലകളുടെ പ്രകടനം മെച്ചപ്പെട്ടുവെന്ന കണക്കുകള്‍ പുറത്തു വന്നെങ്കിലും ആഗോള വിപണി ദുര്‍ബലമായത് ഇന്ത്യന്‍ സൂചികകളെയും ബാധിക്കുകയായിരുന്നു. 1716 ഓഹരികള്‍ നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 15 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. 6.12 ശതമാനം നേട്ടവുമായി മണപ്പുറം ഫിനാന്‍സാണ് മുന്നില്‍. മുത്തൂറ്റ് ഫിനാന്‍സ് (5.85 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്(3.77 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.45 ശതമാനം), ഹാരിസണ്‍സ് മലയാളം (2.08 ശതമാനം), ആസ്റ്റര്‍ ഡിഎം (1.81 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.




Related Articles
Next Story
Videos
Share it