ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 11, 2021

ടാറ്റാ മോട്ടോഴ്‌സിന്റെ ആഗോള ഹോള്‍സെയ്ല്‍ വില്‍പ്പനയില്‍ 24 ശതമാനം വര്‍ധനവ്

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) ഉള്‍പ്പെടെയുള്ള ആഗോള ഹോള്‍സെയ്ല്‍ 24 ശതമാനം വര്‍ധനയുണ്ടായതായി ടാറ്റ മോട്ടോഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അത് പോലെ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 87 ശതമാനം വര്‍ധിച്ച് 89,055 ആയതായും ടാറ്റ മോട്ടോഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓയോ റൂംസ് ഐപിഓയ്‌ക്കെതിരെ സോസ്റ്റല്‍ ഹോസ്പിറ്റാലിറ്റി

സോസ്റ്റല്‍ ഹോസ്റ്റല്‍സ്, സോ റൂംസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സോസ്റ്റല്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഓയോ റൂംസിന്റെ ഐപിഓയ്‌ക്കെതിരെ ഇന്ത്യന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചു. ഓയോറൂംസിന്റെ കമ്പനിയായ ഒറാവല്‍ സ്റ്റേയ്‌സ് ലിമിറ്റഡ് സമര്‍പ്പിച്ച ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് നിരസിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബിറ്റ്‌കോയിന്‍ വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. കഴിഞ്ഞ മെയ് മാസത്തിന് ശേഷം ആദ്യമായി 57,000 ഡോളറിന് മുകളിലാണ് കറന്‍സി എത്തിയത്.

ഡ്രീം 11 ഇനി കര്‍ണാടകയില്‍ പ്രവര്‍ത്തിക്കില്ല

ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ പ്രമുഖ ഓണ്‍ലൈന്‍ ഫാന്റസി പ്ലാറ്റ്ഫോമായ ഡ്രീം11 കര്‍ണാടകയിലെ പ്രവര്‍ത്തനം നിര്‍ത്തി. തങ്ങള്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുകയാണെന്ന് കാട്ടി ഡ്രീം 11 പ്രവര്‍ത്തനം തുടര്‍ന്നതോടെ കമ്പനിയുടെ സ്ഥാപകര്‍ക്കെതിരെ ബാംഗളൂര്‍ പോലീസ കേസെടുത്തതിനു പിന്നാലെയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

പാകിസ്താന് വിലക്ക് കല്‍പ്പിച്ച് അദാനി പോര്‍ട്ട്

പാക്കിസ്താനില്‍ നിന്നുള്ള കാര്‍ഗോകള്‍ നവംബര്‍ 15 മുതല്‍ അദാനി തുറമുഖങ്ങളില്‍ കൈകാര്യം ചെയ്യില്ലെന്ന് അദാനി ഗ്രൂപ്പ്. ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്കും നിയന്ത്രണം ഉണ്ടാകും. ഗുജറാത്ത് മുന്ദ്രയിലെ അദാനി തുറമുഖത്തു കഴിഞ്ഞ മാസം 21,000 കോടി രൂപയുടെ ലഹരിമരുന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയതിനു പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ കടുത്ത തീരുമാനം.

കേരളത്തില്‍ ഡീസല്‍ വില 100 കടന്നു

രാജ്യാന്തര എണ്ണവില സ്ഥിരമാക്കുന്നതിനൊപ്പം ആഭ്യന്തര നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചതിനാലാണ് ഡീസല്‍ വിലയും വര്‍ധിച്ചത്. കേരളത്തിലും കര്‍ണാടകയിലും തിങ്കളാഴ്ച ഡീസല്‍ വില ലിറ്ററിന് 100 രൂപ മറികടന്നു. പെട്രോള്‍ വില ലിറ്ററിന് 30 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഓട്ടോ, പവര്‍ ഓഹരികള്‍ കരുത്തുകാട്ടി റെക്കോര്‍ഡ് ഉയരത്തിലെത്തി സൂചികകള്‍

ഇന്ത്യന്‍ ഓഹരി സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തില്‍. സെന്‍സെക്സ് 76.72 പോയ്ന്റ് ഉയര്‍ന്ന് 60135.78 പോയന്റിലും നിഫ്റ്റി 50.80 പോയ്ന്റ് ഉയര്‍ന്ന് 17946 പോയ്ന്റിലും ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും കോവിഡ് കേസുകള്‍ കുറഞ്ഞതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള യാത്ര നിയന്ത്രണങ്ങളില്‍ ഇളവ് വന്നതുമെല്ലാം വിപണിയെ സ്വാധീനിച്ചു. ഓട്ടോ, പവര്‍, ബാങ്ക്, മെറ്റല്‍, റിയല്‍റ്റി മേഖലകളാണ് മികച്ച പ്രകടനം നടത്തിയത്. ഉത്സവ സീസണില്‍ വാഹനങ്ങളുടെ ഡിമാന്‍ഡ് പഴയനിലയിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചനകള്‍ ലഭിച്ചത് നിക്ഷേപകരില്‍ ഓട്ടോ ഓഹരികളോടുള്ള താല്‍പ്പര്യം ഉയര്‍ത്തി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 15 എണ്ണത്തിന് ഇന്ന് നേട്ടമുണ്ടാക്കാനായി. പാറ്റ്സ്പിന്‍ (4.95 ശതമാനം), എവിറ്റി (4.35 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.67 ശതമാനം), അപ്പോളോ ടയേഴ്സ് (2.56 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (2.09 ശതമാനം), കെഎസ്ഇ (1.06 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (0.98 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.




Related Articles
Next Story
Videos
Share it