ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 20, 2021

ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി കുറയുമെന്ന് റിപ്പോര്‍ട്ട്
2022 മാര്‍ച്ച് അവസാനത്തോടെ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി (NPA) 6.97 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. റേറ്റിംഗ് ഏജന്‍സി ICRA യുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ബിറ്റ്‌കോയിന്‍ മൂല്യം റെക്കോര്‍ഡ് ഉയരങ്ങളിലേക്ക്
ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ വീണ്ടുമുയര്‍ന്ന് 66000 ഡോളറിലേക്ക്. 3.1 ശതമാനമാണ് ഇന്ന് ഉയര്‍ച്ച പ്രകടമാക്കിയത്. 66084 ഡോളര്‍ വരെയാണ് ബിറ്റ്‌കോയിന്‍ മൂല്യം രേഖപ്പെടുത്തിയത്. ഏപ്രില്‍ 2021 ന് ശേഷം 120 ശതമാനമുയര്‍ച്ചയാണ് ബ്ലൂംബെര്‍ഗ് ഗ്യാലക്‌സി ക്രിപ്‌റ്റോ ഇന്‍ഡെക്‌സ് രേഖപ്പെടുത്തുന്നത്.
സ്‌പെക്ട്രം മൊറട്ടോറിയത്തിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി വോഡഫോണ്‍ ഐഡിയ
ടെലികോം മേഖലയ്ക്കായുള്ള ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന നാല് വര്‍ഷത്തെ സ്‌പെക്ട്രം പേയ്മെന്റ് മൊറട്ടോറിയം ഉപയോഗിക്കാന്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായി വോഡഫോണ്‍ ഐഡിയ ബുധനാഴ്ച അറിയിച്ചു.
ടെലികോം വകുപ്പിന്റെ വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന മറ്റ് ഓപ്ഷനുകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഡയറക്ടര്‍ ബോര്‍ഡ് പരിഗണിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു.
വണ്‍പ്ലസ് ഇന്ത്യ സിഇഒ ആയി നവനിത് നക്ര ചുമതലയേറ്റു
ഗ്ലോബല്‍ ടെക്‌നോളജി ബ്രാന്‍ഡായ വണ്‍പ്ലസ് ഇന്ത്യയുടെ സിഇഒ ആയി നവനിത് നക്ര ചുമതലയേറ്റു. വൈസ് പ്രസിഡന്റ്, ചീഫ് സ്ട്രാറ്റജി ഓഫീസര്‍, ഇന്ത്യയിലെ സെയില്‍സ് ഹെഡ് എന്നീ ചുമതലയായിരുന്നു അദ്ദേഹം നിര്‍വഹിച്ചിരുന്നു. കമ്പനിയുടെ ബിസിനസ് ഓപ്പറേഷന്‍സ് സ്ട്രാറ്റജി മേക്കിംഗ് എന്നിവയില്‍ നേതൃത്വം നല്‍കകയാകും നക്രയുടെ ചുമതല.
2022 ല്‍ ഇന്ത്യന്‍ കമ്പനികള്‍ 9.3 ശതമാനം വരെ ശമ്പളവര്‍ധനവ് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്
2022 ല്‍ ഇന്ത്യന്‍ കമ്പനികള്‍ 9.3 ശതമാനം ശമ്പളവര്‍ധനവ് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ എട്ട് ശതമാനത്തോളമാണ് വര്‍ധനവ്. വില്ലിസ് ടവേഴ്‌സ് വാട്‌സന്റെ ഏറ്റവും പുതിയ ശമ്പള ബജറ്റ് ആസൂത്രണ റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് ഹൈടെക് സെക്്ടര്‍ ആണ് ഏറ്റവുമധികം ശമ്പളവര്‍ധനവ് നല്‍കുക. 9.9 ശതമാനത്തോളമായിരിക്കുമിത്.
തുടര്‍ച്ചയായി രണ്ടാംദിവസവും ഇടിവ്; തിരുത്തലിന് കളമൊരുങ്ങിയോ?
നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തിടുക്കം കാണിച്ചതോടെ ഓഹരി സൂചികകള്‍ ഇന്നും ഇടിഞ്ഞു. തുടര്‍ച്ചയായി ഏഴ് ദിവസത്തെ കുതിപ്പിന് ശേഷം ഇന്നലെ ഇടിഞ്ഞ ഓഹരി സൂചികകള്‍ ഇന്ന് രാവിലെ ഉണര്‍വോടെ തുടങ്ങിയെങ്കിലും പിന്നീട് അത് നിലനിര്‍ത്താനായില്ല.
കേരള കമ്പനികളുടെ പ്രകടനം
ഒന്‍പത് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് നിലമെച്ചപ്പെടുത്തിയത്. ഈസ്റ്റേണ്‍ ട്രെഡ്സിന്റെ ഓഹരി വില ഇന്ന് 5.68 ശതമാനം ഉയര്‍ന്നു. ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് ഓഹരി വിലകളും കൂടി. കേരളം ആസ്ഥാനമായുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ഓഹരി വിലകളും ഇന്ന് ഇടിവ് രേഖപ്പെടുത്തി.





Related Articles
Next Story
Videos
Share it