ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 21, 2021

കേന്ദ്ര ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ഡിഎ മൂന്നുശതമാനം വര്‍ധിപ്പിച്ചു
ഉത്സവകാലത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ കൈനീട്ടം. ഡിഎ മൂന്ന ശതമാനം കൂടി ഇന്ന് കൂട്ടി. പെന്‍ഷന്‍കാര്‍ക്കും ഇത് ലഭിക്കും.2021 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന.

ഇതിന് മുമ്പ് ജൂലൈയില്‍ ഡിഎ 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കിയിരുന്നു. ഇപ്പോള്‍ മൂന്നു ശതമാനം കൂടി വര്‍ധിപ്പിച്ചതോടെ മൊത്തം ഡിഎ വര്‍ധന 31 ശതമാനമായി.
ഫുഡ് പാണ്ടയും റബല്‍ ഫുഡ്‌സും കൈകോര്‍ക്കുന്നു
ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമായ ഫുണ്ട്പാണ്ടയും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് റെസ്‌റ്റോറന്റ് കമ്പനിയായ റബല്‍ ഫുഡ്‌സും കൈകോര്‍ക്കുന്നു. ഫുഡ് & ബിവ്‌റേജസ് മേഖലയിലെ പ്രാദേശിക, ചെറുകിട ബ്രാന്‍ഡുകള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതായും ഇവയുടെ പങ്കാളിത്തമെന്ന് കമ്പനികള്‍ പറയുന്നു. ഏഷ്യയില്‍ പുതിയഡിജിറ്റല്‍ ഫസ്റ്റ് എഫ് & ബി ഫോര്‍മാറ്റ് കൊണ്ടുവരികയാണ് കമ്പനികളുടെ ലക്ഷ്യം.
പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം
പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. ലോജിസ്റ്റിക് ചെലവ് കുറയ്ക്കുക, കാര്‍ഗോ കൈകാര്യം ചെയ്യല്‍ ശേഷി വര്‍ധിപ്പിക്കുക, ടേണ്‍ എറൗണ്ട് സമയം കുറയ്ക്കുക എന്നിവയെല്ലാം ലക്ഷ്യമിട്ടുള്ള ബൃഹത് പദ്ധതിയാണിത്.
സ്വര്‍ണ വില കൂടി
സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടി. ഗ്രാം വില 4455 രൂപയും പവന് വില 35640 രൂപയുമായിരുന്നു ഇന്ന്.
തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി ഇടിഞ്ഞു, നിഫ്റ്റി ബാങ്ക് പുതിയ ഉയരത്തില്‍
തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സെക് സൂചിക 336.46 പോയ്ന്റ ഇടിഞ്ഞ് 60,923 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സൂചിക 88.5 പോയ്ന്റ് കുറഞ്ഞ് 18,178 ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റ് ബാങ്ക് സൂചിക 512 പോയ്ന്റ് ഉയര്‍ന്ന് ഏറ്റവും ഉയര്‍ന്ന നിലയായ 40,030 പോയ്ന്റിലെത്തി. ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സൂചിക, 300 പോയിന്റ് ഉയര്‍ച്ചയോടെ 61,557 ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. മിനുട്ടുകള്‍ക്കകം 61,621 എന്ന ഉയര്‍ന്ന നിലയിലെത്തി. പിന്നീട് വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദിവസത്തെ ഉയര്‍ന്ന നിരക്കില്‍ നിന്ന് 1,135 പോയിന്റ് കുറഞ്ഞ് 60,486 പോയ്ന്റ് എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. സെന്‍സെക്‌സ്, അതിന്റെ ചില നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുകയും ഒടുവില്‍ 337 പോയിന്റ് നഷ്ടത്തില്‍ 60,923 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിക്കുകയുമായിരുന്നു.
കേരള കമ്പനികളുടെ പ്രകടനം
തുടര്‍ച്ചയായ മൂന്നാം ദിനവും ഓഹരി വിപണി ഇടിഞ്ഞപ്പോള്‍ കേരള കമ്പനികളില്‍ ഭൂരിഭാഗവും കമ്പനികളും നേട്ടമുണ്ടാക്കി. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (9.36 ശതമാനം), സ്‌കൂബീഡേ (1.51 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.72 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.21 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.42 ശതമാനം), നിറ്റ ജലാറ്റിന്‍ (3.52 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.25 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (2.53 ശതമാനം), ഫെഡറല്‍ ബാങ്ക് (2.66 ശതമാനം) തുടങ്ങിയ 20 ഓളം കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.
എഫ്എസിടി, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, ഇന്‍ഡിട്രേഡ്, കിറ്റെക്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.








Related Articles
Next Story
Videos
Share it