Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 26, 2021
എക്കാലത്തെും ഉയര്‍ന്ന അറ്റാദായം രേഖപ്പെടുത്തി ആക്സിസ് ബാങ്ക്
സെപ്റ്റംബര്‍ പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം രേഖപ്പെടുത്തി ആക്സിസ് ബാങ്ക്. മുന്‍ വര്‍ഷം 1,682 കോടി രൂപയില്‍ നിന്നും 3,133 കോടി രൂപയായിട്ടാണ് ബാങ്കിന്റെ അറ്റാദായം രേഖപ്പെടുത്തിയത്. 86% വര്‍ധനവാണിത്. അറ്റ പലിശ വരുമാനം (NII) കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തിലെ 7,326 കോടി രൂപയില്‍ നിന്നും 8% വര്‍ധിച്ച് 7,901 കോടി രൂപയായി.
ഇസാഫും പേടിഎമ്മും ഉള്‍പ്പെടെ 7 കമ്പനികളുടെ ഐപിഒയ്ക്ക് സെബി അനുമതി
പേ ടി എം, പോളിസി ബസാര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഉള്‍പ്പെടെ അഞ്ച് കമ്പനികള്‍ക്ക് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ അനുമതി. അനുമതിയാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും അനുമതി നേടിയവരുടെ നിരയിലുണ്ട്.
ഇന്ത്യ കാണാനൊരുങ്ങുന്ന ഇത് വരെ നടന്ന ഏറ്റവും വലിയ ഐപിഒ മഹാമഹമായിരിക്കും പേടിഎമ്മിന്റേത്. പേടിഎം മാതൃകമ്പനിയായ വണ്‍ വെബ് കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, പോളിസി ബസാര്‍, കെഎഫ്‌സി പീത്സ ഹട്ട് ഓപ്പറേറ്റേഴ്‌സ് ആയ സഫയര്‍ ഫുഡ്‌സ്, ആനന്ദ് രതി വെല്‍ത്ത്, എച്ച് പി അധസീവ്‌സ്, ടാര്‍സണ്‍ പ്രോഡക്റ്റ്‌സ് എന്നിവര്‍ക്കാണ് സെബി ക്ലിയറന്‍സ് ലഭിച്ചത്.
ഇന്ത്യക്കാര്‍ക്ക് ഇന്നുമുതല്‍ സിംഗപ്പൂരിലേക്ക് യാത്രാനുമതി
ഇന്ത്യക്കാര്‍ക്ക് ഇന്ന് മുതല്‍ സിംഗപ്പൂരിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കി. പുതുക്കിയ മാനദണ്ഡങ്ങളോടെയാണ് അനുമതി. 10 ദിവസം വീട്ടില്‍ തന്നെ ഇരുന്നുള്ള സ്റ്റേ-ഹോം നോട്ടീസ് പിരീഡ് ഉള്‍പ്പെടെയാണ് ഇത്.
ഭവനവായ്പയ്ക്കായി കൈകോര്‍ത്ത് എച്ച്ഡിഎഫ്സി ലിമിറ്റഡും ഐപിപിബിയും
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും (ഐപിപിബി) എച്ച്ഡിഎഫ്സി ലിമിറ്റഡും ഭവനവായ്പാ പദ്ധതിക്കായി കൈകോര്‍ത്തു. ഐപിപിബിയുടെ ഏകദേശം 4.7 കോടി ഉപഭോക്താക്കള്‍ക്ക് ഭവനവായ്പകള്‍ എച്ച്ഡിഎഫ്‌സി വഴി ലഭിക്കും. ഇന്ത്യ പോസ്റ്റ് വഴി ഗ്രാമങ്ങളിലുള്ളവര്‍ക്കും മികച്ച പലിശനിരക്കില്‍ വായ്പകളെത്തിക്കുകയാണ് ലക്ഷ്യം.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും തുടര്‍ച്ചയായ വര്‍ധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 36,040 രൂപ ആയി. ഗ്രാമിന് 4505 രൂപയും. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്.
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണി നേട്ടത്തില്‍
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 383.21 പോയ്ന്റ് ഉയര്‍ന്ന് 61350.26 പോയ്ന്റിലും നിഫ്റ്റി 143.00 പോയ്ന്റ് ഉയര്‍ന്ന് 18268.40 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകള്‍ ആഭ്യന്തര വിപണിയെ തുടക്കത്തില്‍ മുന്നോട്ട് നയിച്ചെങ്കിലും പിന്നീട് താഴാന്‍ തുടങ്ങി. എന്നാല്‍ ഓട്ടോ, മെറ്റല്‍, റിയല്‍റ്റി ഓഹരികളുടെ കരുത്തില്‍ ദിവസാവസാനം നേട്ടം കൈവരിക്കാനായി. 2174 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1007 ഓഹരികളുടെ വിലയാണ് ഇടിഞ്ഞത്. 150 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ടൈറ്റന്‍ കമ്പനി, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, എച്ച് യു എല്‍, എന്‍ടിപിസി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
കേരള കമ്പനികളുടെ പ്രകടനം
21 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. ഇന്‍ഡിട്രേഡ് (4.97 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (3.79 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (3.53 ശതമാനം), കിറ്റെക്സ് (3.46 ശതമാനം) മണപ്പുറം ഫിനാന്‍സ് (2.35 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.18 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (2.09 ശതമാനം) എവിറ്റി (2.04 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
Next Story
Videos