ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്‌ടോബര്‍ 28, 2021

വി-ഗാര്‍ഡ് വരുമാനത്തില്‍ 46 ശതമാനം വര്‍ധന

മുന്‍നിര ഇലക്ട്രിക്കല്‍ ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 907.40 കോടി രൂപ ഏകീകൃത മൊത്ത വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 623 കോടി രൂപയില്‍ നിന്ന് ഇത്തവണ 46 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 15 ശതമാനം വര്‍ധിച്ച് 59.40 കോടി രൂപയായി. മുന്‍ വര്‍ഷം ഈ കാലയളവില്‍ ഇത് 51.62 കോടി രൂപയായിരുന്നു. എല്ലാ വിഭാഗങ്ങളിലും വളര്‍ച്ച കൈവരിച്ചു.

പേടിഎം ഐപിഒ നവംബര്‍ എട്ടിന്

പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ പ്രാഥമിക പബ്ലിക് ഓഫറിംഗ് (കജഛ) 2021 നവംബര്‍ 8 തിങ്കളാഴ്ച ആരംഭിക്കും. 2021 നവംബര്‍ 10 ബുധനാഴ്ച വരെ സബ്സ്‌ക്രിപ്ഷനായി ലഭ്യമായിരിക്കും. 18,300 കോടി രൂപ സമാഹരിക്കാനാണ് ഡിജിറ്റല്‍ പേയ്മെന്റ് ഭീമന്‍ ലക്ഷ്യമിടുന്നത്. ഒരു രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 2,080-2,150 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. പേടിഎമ്മിന്റെ ഐപിഒ സബ്സ്‌ക്രൈബ് ചെയ്യാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ആറ് ഇക്വിറ്റി ഷെയറുകളുടെയും ഗുണിതങ്ങളുടെയും ബിഡ്ഡിന് അപേക്ഷിക്കാം.

മണപ്പുറം ഫിനാന്‍സിന്റെ ക്രെഡിറ്റ് റേറ്റിംഗ് എസ് ആന്‍ഡ് പി ഉയര്‍ത്തി

മണപ്പുറം ഫിനാന്‍സിന്റെ ക്രെഡിറ്റ് റേറ്റിംഗ് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി (S&P) ഉയര്‍ത്തി. കമ്പനിയുടെ ദീര്‍ഘകാല വായ്പാക്ഷമത 'B+' ല്‍ നിന്നും സ്റ്റേബിള്‍ ഔട്ട്ലുക്കോടെ 'BB-' ആയാണ് ഉയര്‍ത്തിയത്. ഹ്രസ്വകാല വായ്പാക്ഷമതയുടെ റേറ്റിങ് 'B' ആയും നിലനിര്‍ത്തി. ഇന്ത്യയിലെ മൈക്രോഫിനാന്‍സ് രംഗത്തെ തളര്‍ച്ചയെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ കമ്പനിയുടെ സ്വര്‍ണ വായ്പാ ബിസിനസിനു കഴിഞ്ഞെന്ന് S&P വിലയിരുത്തി.

378.12 കോടി അറ്റാദായം റിപ്പോര്‍ട്ട് ചെയ്ത് ഡിഎല്‍എഫ്

ഇന്ത്യയിലെ ഏറ്റവും വലിയ ബില്‍ഡേഴ്‌സ് ഗ്രൂപ്പായ DLF ലിമിറ്റഡ്, സെപ്തംബര്‍ പാദത്തില്‍ 378.12 കോടി അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തിലെ 227.5 കോടിയില്‍ നിന്ന് 66% ആണ് വര്‍ധന.

രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഇടിഞ്ഞു

2021 സെപ്തംബര്‍ പാദത്തില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 2 ശതമാനം കുറഞ്ഞ് 52 ദശലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതി സന്ധിയോടൊപ്പം ഡിമാന്‍ഡ് ഉയര്‍ന്നതാണ് ഇടിവിന് കാരണമായതെന്ന് വ്യവസായ നിരീക്ഷകരായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഓഹരി വിപണിയില്‍ കരടിയിറങ്ങി; സെന്‍സെക്സില്‍ ആറുമാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്!

നിക്ഷേപകര്‍ റിസ്‌കെടുക്കാനുള്ള താല്‍പ്പര്യം കുറച്ച് വ്യാപകമായ വില്‍പ്പനയിലേക്ക് കടന്നതോടെ ഇന്ന് ഇന്ത്യന്‍ മുഖ്യ ഓഹരി സൂചികകള്‍ രേഖപ്പെടുത്തിയത് ഏകദേശം രണ്ടുശതമാനത്തോളം ഇടിവ്. സെന്‍സെക്സ് 1.9 ശതമാനം ഇടിഞ്ഞ് 59,984.7 പോയ്ന്റില്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റിയും 1.9 ശതമാനം ഇടിഞ്ഞ് 17,857.25 ല്‍ ക്ലോസ് ചെയ്തു. ഏപ്രില്‍ മാസമാദ്യമുണ്ടായ ഇടിവിനുശേഷം ഇതുപോലെ താഴ്ന്നത് ഇപ്പോള്‍ മാത്രമാണ്.

കേരള കമ്പനികളുടെ പ്രകടനം

കല്യാണ്‍ ജൂവല്ലേഴ്സ്, കിംഗ്സ് ഇന്‍ഫ്ര, നിറ്റ ജലാറ്റിന്‍, റബ്്ഫില, വി ഗാര്‍ഡ്, വണ്ടര്‍ല എന്നീ കമ്പനികള്‍ മാത്രമാണ് ഇന്ന് നിലമെച്ചപ്പെടുത്തിയത്. വിഗാര്‍ഡ് ഓഹരി വില 4.90 ശതമാനം വര്‍ധിച്ചു. മണപ്പുറം, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവയുടെ ഓഹരി വിലകള്‍ രണ്ടുശതമാനത്തിലേറെ താഴ്ന്നു. ഫെഡറല്‍ ബാങ്ക് ഓഹരി വിലയും രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു.


സംസ്ഥാനത്ത് കോവിഡ് മരണം 30,000 കടന്നു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ മരണനിരക്ക് 30 ,000കടന്നു. ഇന്ന് മാത്രം 7738 കോവിഡ് രോഗികളാണ് കേരളത്തില്‍.

അടുത്തമാസത്തോടെ രാജ്യം 30 കോടി കോവിഡ് വാക്‌സിന്‍ സംഭരിക്കുമെന്ന് റിപ്പോര്‍ട്ട്

നവംബറോടെ 30 കോടി കോവിഡ് വാക്‌സിന്‍ സംഭരിക്കാന്‍ ഇന്ത്യ. ഇതില്‍ ആറ് കോടി വാക്‌സിനുകള്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, 22 കോടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ്, രണ്ട് കോടി സൈഡസ് കാഡിലയുടെ സൈകോവി-ഡി എന്നിവയായിരിക്കുമെന്ന് റിപ്പോര്‍ട്ട്.

ഗൂഗ്‌ളുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പരിശീലനം

ഐടി മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റാര്‍ട്ടപ് ഹബ്ബ് ഗൂഗ്‌ളുമായി ചേര്‍ന്ന് രൂപീകരിച്ച ആപ്‌സ്‌കെയില്‍ അക്കാദമിയിലേക്ക് സംരംഭകര്‍ക്ക് അപേക്ഷിക്കാം. ലോകനിലവാരമുള്ള ആപ്പുകള്‍ വികസിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു പിന്തുണ നല്‍കുന്നതാണ് പദ്ധതി. ഗെയിമിങ്, ആരോഗ്യം, ഫിന്‍ടെക് തുടങ്ങിയ മേഖലകള്‍ക്കാണ് ഊന്നല്‍. ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. 6 മാസമാണ് പരിശീലനം. വെബ്‌സൈറ്റ്: events. withgoogle.com/appscale-academy



Related Articles
Next Story
Videos
Share it