ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 03, 2021

എക്സൈഡ് ലൈഫിനെ ഏറ്റെടുത്ത് എച്ച്ഡിഎഫ്‌സി ലൈഫ്

ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ പ്രമുഖ ഇന്ത്യന്‍ കമ്പനിയായ എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയെ ഏറ്റെടുത്ത് എച്ച്ഡിഎഫ്‌സി ലൈഫ്. 6687 കോടി രൂപയാണ് ഏറ്റെടുക്കലിനായി എച്ച്ഡിഎഫ്‌സി ചെലവിടുക. 725 കോടി രൂപ പണമായി നല്‍കുകയും ബാക്കി തുകയ്ക്ക് മാതൃകമ്പനിയായ എക്‌സൈഡ് ഇന്‍ഡസ്ട്രീസില്‍ നിന്ന് 8.70 കോടി ഓഹരികള്‍ വാങ്ങും. 685 രൂപയാണ് ഒരു ഓഹരിയുടെ വില. ഇതോടെ എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സിന്റെ 100 ശതമാനം ഓഹരികളും എച്ച്ഡിഎഫ്‌സി ലൈഫിന്റെ കൈവശമാകും.

സ്ട്രാന്‍ഡ് ലൈഫ് സയന്‍സസിന്റെ ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കി റിലയന്‍സ്

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ കമ്പനിയായ റിലയന്‍സ് ബിസ് വെഞ്ച്വേഴ്‌സ് സ്ട്രാന്‍ഡ് ലൈഫ് സയന്‍സസിന്റെ ഭൂരിഭാഗം ഓഹരികള്‍ പ്രാരംഭ വിലയ്ക്ക് സ്വന്തമാക്കി. 393 കോടിയാണ് റിലയന്‍സ് ഇതിനായി മുടക്കിയതെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി പറഞ്ഞു.
2030 ന് മുമ്പ് കാര്‍ബണ്‍ എമിഷന്‍ 40 ശതമാനം കുറയ്ക്കുമെന്ന് ബിഎംഡബ്ല്യു
കാര്‍ബണ്‍ എമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ മാതൃകയുമായി ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. 2030നകം തങ്ങളുടെ വാഹനത്തിന്റെ ജീവിതചക്രത്തിലുടനീളം കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനാണ് മ്യൂണിക് ആസ്ഥാനമായ കാര്‍ നിര്‍മാതാക്കളൊരുങ്ങുന്നത്. ഉല്‍പ്പാദന പ്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍, 2030 ഓടെ കുറഞ്ഞത് 40 ശതമാനം കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുമെന്ന് കാര്‍ നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
മദ്യവില്‍പ്പനയെക്കുറിച്ച് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് രത്തന്‍ ടാറ്റ
മദ്യവില്‍പനയെക്കുറിച്ചുള്ള തന്റെ നിര്‍ദേശമെന്ന നിലയ്ക്ക് പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണെന്ന സ്ഥിരീകരണവുമായി പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ രംഗത്ത്. മദ്യവില്‍പനയെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന തരത്തിലുള്ള പ്രചാരണം തന്റേതല്ലെന്ന് ഇന്‍സ്റ്റാ്രഗാമിലൂടെയാണു അദ്ദേഹം വ്യക്തമാക്കിയത്.
തമിഴ്‌നാട് നീലഗിരീസ് ജില്ലയില്‍ മദ്യം വാങ്ങണമെങ്കില്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കി
തമിഴ്‌നാട്ടിലെ നീലഗിരീസില്‍ ഇനി മദ്യശാലകളില്‍ നിന്നും മദ്യം ലഭിക്കണമെങ്കില്‍ വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുത്തിരിക്കണം. മദ്യം വാങ്ങാനായി വാക്‌സിനേഷന്‍ പ്രൂഫ് നിര്‍ബന്ധമാക്കുമെന്ന് കളക്റ്റര്‍ ദിവ്യ ഇന്നസെന്റ് പറഞ്ഞു.
സോള്‍ഫുള്‍ ബ്രാന്‍ഡ് ഇനി 'ടാറ്റ സോള്‍ഫുള്‍'
ബ്രേക്ക്ഫാസ്റ്റ് ഫുഡ്‌സ് വിഭാഗത്തിലെ മലയാളികള്‍ സ്ഥാപകരായ സോള്‍ഫുള്‍ ബ്രാന്‍ഡ് ഇനി ടാറ്റ സോള്‍ഫുള്‍. ഫെബ്രുവരി 2021 നാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സിന് കീഴിലേക്ക് സോള്‍ഫുളും എത്തിയത്. കൊട്ടാരം അഗ്രോ ഫുഡ്‌സ് എന്ന മലയാളികള്‍ സ്ഥാപിച്ച കമ്പനിയുടെ ബ്രാന്‍ഡ് നാമമാണ് ടാറ്റ സോള്‍ഫുള്‍ എന്ന് ഇപ്പോള്‍ പൂര്‍ണമായും മാറുന്നത്.
സാമ്പത്തിക മേഖലയില്‍ നിന്നുള്ള മെച്ചപ്പെട്ട കണക്കുകള്‍ വിപണിക്ക് നേട്ടമായി. ഓഹരി സൂചികകള്‍ ഇന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തി. സെന്‍സെക്സ് 277.41 പോയ്ന്റ് ഉയര്‍ന്ന് 58,129.95 പോയ്ന്റിലും നിഫ്റ്റി 89.40 പോയ്ന്റ് ഉയര്‍ന്ന് 17323.60 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1624 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1469 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 144 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 17 കമ്പനികള്‍ക്കാണ് നേട്ടമുണ്ടാക്കാനായത്. കിറ്റെക്സ് മുന്നേറ്റം തുടരുകയാണ്. ഇന്ന് 4.39 ശതമാനം നേട്ടമുണ്ടാക്കി. ഈസ്റ്റേണ്‍ ട്രെഡ്സ് (4.34 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.95 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് (2.50 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.26 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (2.10 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള ഓഹരികളില്‍ പെടുന്നു.









Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it