ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 09, 2021

രാജ്യം വി ആകൃതിയിലുള്ള വീണ്ടെടുക്കല്‍ പുനഃസ്ഥാപിച്ചതായി റിപ്പോര്‍ട്ട്
രാജ്യം വളര്‍ച്ചയുടെ കാര്യത്തില്‍ 'വി' ആകൃതിയിലുള്ള വീണ്ടെടുക്കല്‍ പുനഃസ്ഥാപിച്ചതായി കേന്ദ്ര ധനകാര്യവകുപ്പ് പുറത്തുവിട്ട സാമ്പത്തിക അവലോകനത്തില്‍ പറയുന്നു. കോവിഡ് രണ്ടാംതരംഗം നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തെ ബാധിച്ചെങ്കിലും 2020 ആദ്യപാദത്തില്‍ ആദ്യത്തെ കോവിഡ് വ്യാപനത്തിനുശേഷമുള്ള വീണ്ടെടുക്കലിനേക്കാള്‍ വേഗത്തില്‍ മുന്നേറാന്‍ കഴിഞ്ഞു. ഉല്‍പ്പാദനക്ഷമതയില്‍ 90ശതമാനത്തിലധികം വീണ്ടെടുത്ത് 20.1ശതമാനം വളര്‍ച്ചനേടാനായെന്നും അവലോകനം വിശദമാക്കുന്നു.
ഇന്ത്യ വിടാനൊരുങ്ങി ഫോര്‍ഡ്
അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യ വിടുന്നതായി ഔദ്യോഗിക പ്രഖ്യാപനം. ഇക്കഴിഞ്ഞ ദിവസമാണ് ഫോര്‍ഡ് രാജ്യം വിടുന്നെന്ന തരത്തില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വന്നത്. ഇപ്പോള്‍ വാര്‍ത്ത ശരിവച്ച് കൊണ്ട് കമ്പനി തന്നെ എത്തിയിരിക്കുകയാണ്. ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലുണ്ടായിരുന്ന രണ്ട് നിര്‍മാണ കേന്ദ്രങ്ങള്‍ കൂടി തങ്ങള്‍ അടച്ചുപൂട്ടുന്നതായാണ് സെപ്റ്റംബര്‍ ഒമ്പതിലെ അറിയിപ്പ്.
ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് തടഞ്ഞുവച്ച് സുപ്രീംകോടതി
ഫ്യൂച്ചര്‍ ഗ്രൂപ്പിനു കീഴിലുള്ള ബന്ധപ്പെട്ട ആസ്തികള്‍ കണ്ടുകെട്ടാനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീം കോടതി സ്റ്റേ. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസിഐ), നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍(എന്‍സിഎല്‍ടി), സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) തുടങ്ങിയ റെഗുലേറ്റര്‍മാരോട് ലയന കരാറുമായി ബന്ധപ്പെട്ട അന്തിമ നടപടികള്‍ നാലാഴ്ച കഴിഞ്ഞുള്ള തീയതിയിലേക്ക് നീട്ടാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി മദ്യവില്‍പ്പന; ഡിപ്പോകളിലായിരിക്കില്ല, ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലായിരിക്കും പ്രവര്‍ത്തനം
കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് മദ്യവില്‍പ്പനയാരിംഭിക്കാനുള്ള തീരുമാനവുമായി നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലായിരിക്കില്ല ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുക. കെ.എസ്.ആര്‍.ടി.സിയുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലായിരിക്കും പ്രവര്‍ത്തനമെന്ന് തീരുമാനമായി. സി.എം.ഡി ബിജു പ്രഭാകര്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തില്‍ 16 സ്ഥലങ്ങള്‍ വിട്ടുനല്‍കാന്‍ തീരുമാനമായത്.
സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 35,200 ആയി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4400 ആയി.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി
വണ്‍കാര്‍ഡ് എന്ന ഫിന്‍ടെക് സ്ഥാപനവുമായി കൈകോര്‍ത്ത്‌കൊണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. വിസ സിഗ്നേച്ചര്‍ പ്ലാറ്റ്‌ഫോമിലൂടെയെത്തുന്ന എസ്‌ഐബി-വണ്‍കാര്‍ഡ് വണ്‍ കാര്‍ഡ് ആപ്പിന്റെ പിന്തുണയിലാകും പ്രവര്‍ത്തിക്കുക.
ഇന്ത്യയുടെ ഇന്ധന ആവശ്യകത ഓഗസ്റ്റില്‍ ഉയര്‍ന്നു
കഴിഞ്ഞ വര്‍ഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ഇന്ധന ആവശ്യകത ഓഗസ്റ്റില്‍ ഏകദേശം 11 ശതമാനം ഉയര്‍ന്നു. ഓഗസ്റ്റില്‍ ഇന്ധന ഉപഭോഗം 16 ദശലക്ഷം ടണ്ണായി, ഒരു വര്‍ഷം മുമ്പ് ഇത് 14.42 ദശലക്ഷം ടണ്‍ ആയിരുന്നു. എന്നാല്‍ 2021 ജൂലൈയില്‍ രേഖപ്പെടുത്തിയ 16.83 ദശലക്ഷം ടണ്ണിനേക്കാള്‍ കുറവാണിതെന്നും പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പിപിഎ) ഡാറ്റ കാണിക്കുന്നു.
രണ്ടുദിവസത്തെ ഇടിവിന് വിരാമം, ഓഹരി സൂചികള്‍ ഉയര്‍ന്നു
ഓഹരി വ്യാപാരം അവസാനിക്കുന്നത് തൊട്ടുമുമ്പ് നിക്ഷേപകര്‍ കാണിച്ച ആവേശമാണ് വിപണിയെ ഉയര്‍ത്തിയത്. സെന്‍സെക്സ് 55 പോയ്ന്റ് ഉയര്‍ന്ന് 58,305ലും നിഫ്റ്റി നാല് പോയ്ന്റ് ഉയര്‍ന്ന് 17,357ലും ക്ലോസ് ചെയ്തു. മിഡ്, സ്മോള്‍ കാപ് ഓഹരികളിലും ഇന്ന് നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചു. ബിഎസ്ഇ മിഡ് കാപ് സൂചിക 0.56 ശതമാനവും സ്മോള്‍കാപ് സൂചിക 0.52 ശതമാനവും ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് കേരള കമ്പനികളുടെ ഓഹരി വിപണിയിലെ പ്രകടനം സമ്മിശ്രമായിരുന്നു. 11 ഓളം കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബാക്കിയുള്ളവയുടെ ഓഹരി വിലയില്‍ ഉയര്‍ച്ചയുണ്ടായില്ല. ആസ്റ്റര്‍ ഡിഎമ്മിന്റെ ഓഹരിവില മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്നു. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ഓഹരി വില രണ്ട് ശതമാനത്തിലേറെ കൂടി.
Exchange Rates : September 09, 2021

ഡോളര്‍ 73.55

പൗണ്ട് 101.74

യുറോ 87.04

സ്വിസ് ഫ്രാങ്ക് 80.16

കാനഡ ഡോളര്‍ 57.96

ഓസി ഡോളര്‍ 54.27

സിംഗപ്പൂര്‍ ഡോളര്‍ 54.75

ബഹ്‌റൈന്‍ ദിനാര്‍ 195.19

കുവൈറ്റ് ദിനാര്‍ 244.68

ഒമാന്‍ റിയാല്‍ 191.09

സൗദി റിയാല്‍ 19.61

യുഎഇ ദിര്‍ഹം 20.03

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it