ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 14, 2021

ഡിഎംആര്‍സിയില്‍ നിന്നും ലഭിക്കുന്ന പണം കടം വീട്ടാനുപയോഗിക്കും; റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ (DMRC) നിന്നും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് ലഭിക്കുന്ന 7100 കോടി രൂപ കടം തിരിച്ചടയ്ക്കാനും കമ്പനിയെ കടബാധ്യതയില്ലാതാക്കാനും ഉപയോഗിക്കുമെന്ന് അനില്‍ അംബാനി. ചൊവ്വാഴ്ച നടന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് (AGM) ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2008 ല്‍ ഡിഎംആര്‍സിയുമായി റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ യൂണിറ്റ് കരാറില്‍ ഏര്‍പ്പെട്ടിരുന്നു. 2038 വരെ രാജ്യത്തെ ആദ്യ സ്വകാര്യ സിറ്റി റെയില്‍ പ്രൊജക്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടായിരുന്നു കരാര്‍. എന്നാല്‍ 2012 ല്‍ ഇതുമായി ബന്ധപ്പെട്ട ഫീസും ഓപ്പറേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കത്തില്‍ കലാശിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് ഇതി സംബന്ധിച്ച്
ഡിഎംആര്‍സിക്കെതിരായ കേസില്‍ നേരത്തെ ആര്‍ബിട്രേഷന്‍ കോടതി കൈക്കൊണ്ട വിധി സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്.
ഇഎസ്ഒപി പൂള്‍ വിപുലീകരിക്കാന്‍ പേടിഎമ്മിന് അനുമതി
ജീവനക്കാരുടെ ഉടമസ്ഥാവകാശ ഓഹരി വില്‍പ്പന സംബന്ധിച്ച എംപ്ലോയി സ്‌റ്റോക്ക് ഓണര്‍ഷിപ്പ് പ്രോഗ്രാം (ഇഎസ്ഓപി) വിപുലീകരിക്കാന്‍ പേടിഎമ്മിന്റെ ഉടമസ്ഥതയുള്ള വണ്‍ നയന്റി സെവന്‍ കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് അനുമതി. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച ഫയലിംഗിലാണ് ഇത് സംബന്ധിച്ച് ഷെയര്‍ഹോള്‍ഡര്‍മാരുടെ അനുമതി ലഭിച്ചതായി കമ്പനി വ്യക്തമാക്കിയത്. ഐപിഓയ്ക്ക് മുന്നോടിയായാണ് ഇത്.
ജിഎസ്ടി കൗണ്‍സില്‍ യോഗം 17 ന്: പെട്രോള്‍, ഡീസല്‍ ജിഎസ്ടി പരിധിയിലാക്കുന്നത് ചര്‍ച്ചയായേക്കും
45ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 17 ന്.കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള അംഗങ്ങള്‍ നേരിട്ട് പങ്കെടുക്കുന്ന ജിഎസ്ടി കൗണ്‍സിലിന്റെ ആദ്യ കൂടിക്കാഴ്ചയാണ് ലഖ്‌നൗവില്‍ നടക്കാനൊരുങ്ങുന്നത്. സംസ്ഥാനങ്ങള്‍ക്കുളള ജിഎസ്ടി നഷ്ടപരിഹാരം യോഗത്തില്‍ മുഖ്യചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍, ഡീസല്‍ എന്നിവയെ ജിഎസ്ടിയുടെ പരിധിയിലാക്കുന്നതും കൗണ്‍സില്‍ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സൊമാറ്റോയുടെ സഹസ്ഥാപകന്‍ രാജിവെച്ചു
സൊമാറ്റയുടെ സഹസ്ഥാപകനും സപ്ലൈ വിഭാഗം മേധാവിയുമായ ഗൗരവ് ഗുപ്ത രാജിവെച്ചു. ആറ് വര്‍ഷമായി സൊമാറ്റയ്ക്കൊപ്പമുള്ള ഗൗരവ് ഗുപ്ത കമ്പനിയുടെ ലിസ്റ്റിംഗ് നടപടികളില്‍ സുപ്രധാന റോളാണ് വഹിച്ചിരുന്നത്. ഗൗരവ് ഗുപ്തയുടെ രാജിക്കാര്യം സൊമാറ്റോ സി ഇ ഒ ദീപിന്ദര്‍ ഗോയല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 2015 മുതല്‍ ഗുപ്ത സൊമാറ്റോയിലുണ്ട്. സ്വന്തമായി മറ്റൊരു പ്രസ്ഥാനത്തിനുള്ള പദ്ധതിയിലാണ് അദ്ദേഹം പുറത്തുപോകുന്നതെന്നാണ് പുതിയ വിവരം. അതേസമയം, ഗ്രോസറി ഡെലിവറി, ഡയറ്ററി സപ്ലിമെന്റ് ഡെലിവറി ബിസിനസുകള്‍ അടുത്തിടെ സൊമാറ്റോ അടച്ചുപൂട്ടിയിരുന്നു
ഫോര്‍ഡ്; ജീവനക്കാരുടെ പുനരധിവാസം സംബന്ധിച്ച ചര്‍ച്ച എങ്ങുമെത്തിയില്ല
ഫോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ ആദ്യഘട്ട ചര്‍ച്ച പരാജയം. ജോലി നഷ്ടപ്പെട്ടവര്‍ക്കു പകരം ജോലി എന്ന ആവശ്യത്തോടു മാനേജ്‌മെന്റ് അനുകൂലമായി പ്രതികരിച്ചില്ലെന്നും നഷ്ടപരിഹാര പാക്കേജ് ചര്‍ച്ച ചെയ്യാനാണു കൂടുതല്‍ താല്‍പര്യം കാണിച്ചതെന്നും യൂണിയന്‍ പറഞ്ഞു. ചെന്നൈ പ്ലാന്റ് പൂട്ടുന്നതോടെ 4000 പേര്‍ക്കു നേരിട്ടും 20000 പേര്‍ക്കു പരോക്ഷമായും തൊഴില്‍ നഷ്ടമാകുമെന്നാണു കണക്ക്. ഇക്കഴിഞ്ഞയാഴ്ചയാണ് സാനന്ദ്, ചെന്നൈ പ്ലാന്റുകള്‍ പൂട്ടുന്ന വിവരം ഫോര്‍ഡ് പുറത്തുവിട്ടത്.
ഓഹരി സൂചികകള്‍ നേട്ടത്തില്‍
ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് തന്നെ കുതിപ്പോടെയായിരുന്നു. ആദ്യ മണിക്കൂറുകളില്‍ തന്നെ കുതിച്ചുയര്‍ന്ന സൂചിക റെക്കോര്‍ഡ് തലം ലക്ഷ്യമാക്കി മുന്നോട്ട് പോയെങ്കിലും ലാഭമെടുക്കല്‍ സൂചികകളെ ഇടിച്ചു താഴ്ത്തു. സെന്‍സെക്സ് 69 പോയ്ന്റ് മാത്രം നേട്ടത്തില്‍ 58,247.09 ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 25 പോയ്ന്റ് നേട്ടത്തില്‍ 17,380ലും ക്ലോസ് ചെയ്തു.
അതേസമയം വിശാല വിപണിയില്‍ നിക്ഷേപതാല്‍പ്പര്യം ശക്തമായി തന്നെ തുടരുകയാണ്. ബിഎസ്ഇ മിഡ് കാപ് സൂചിക 1.09 ശതമാനം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ സ്മോള്‍ കാപ് സൂചിക 0.63 ശതമാനം മുന്നേറി.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് ഏഴ് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് താഴ്ച്ച രേഖപ്പെടുത്തിയത്. എവിറ്റി നാച്വറല്‍ ഓഹരി വില ഇന്ന് ആറ് ശതമാനത്തിലേറെ ഉയര്‍ന്നു. കിംഗ്സ് ഇന്‍ഫ്രയുടെ ഓഹരി വില 3.52 ശതമാനത്തോളം ഉയര്‍ന്നപ്പോള്‍ റബ്ഫില ഓഹരി വില 3.86 ശതമാനം നേട്ടമുണ്ടാക്കി.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it