Begin typing your search above and press return to search.
ടോൾ പിരിക്കും, ഉപഗ്രഹം വഴി : സഞ്ചരിക്കുന്ന ദൂരം അടിസ്ഥാനമാക്കി ടോൾ തുക
ദേശീയ പാതകളില്‍ ഉപഗ്രഹാധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. ഡിസംബറിനുള്ളില്‍ ദേശീയ പാതയിലെ 5000 കിലോമീറ്റര്‍ ദൂരം ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ (ജി.എന്‍.എസ്.എസ് ) പരിധിയില്‍ കൊണ്ടുവരും. തുടര്‍ന്ന് പൈലറ്റ് അടിസ്ഥാനത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ 5000 കിലോമീറ്റര്‍ പ്രദേശത്ത് ആരംഭിക്കുന്ന പദ്ധതി വേണ്ട പരിഷ്‌ക്കാരങ്ങള്‍ക്ക് ശേഷം രാജ്യവ്യാപകമായി നടപ്പിലാക്കും.
10,000 കോടി അധിക വരുമാനം
അതേസമയം, ഉപഗ്രാധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം ഗതാഗത രംഗത്തെ ആധുനീകരിക്കുന്നതിനൊപ്പം റോഡിലെ തിരക്ക് കുറക്കുകയും ചെയ്യുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തെക്കുറിച്ച് നടന്ന അന്താരാഷ്ട്ര വര്‍ക്ക്‌ഷോപ്പില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ 12.7 കോടി വാഹനങ്ങളാണ് രാജ്യത്തുള്ളത്. ഇതില്‍ ഒമ്പത് കോടി വാഹനങ്ങളില്‍ മാത്രമേ ഫാസ്റ്റ് ടാഗുള്ളൂ. കാല്‍ഭാഗം വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് ഇല്ലെന്നതാണ് ഇതിനര്‍ത്ഥം. കുറച്ചാളുകള്‍ ടോള്‍ പിരിവില്‍ നിന്നും സമര്‍ത്ഥമായി രക്ഷപ്പെടുന്നുണ്ട്. ഇവരെ കണ്ടെത്താനും ടോള്‍ വരുമാനത്തിലെ ചോര്‍ച്ചയടക്കാനും പുതിയ സംവിധാനത്തിനാകും. 10,000 കോടി രൂപയെങ്കിലും അധികമായി സര്‍ക്കാരിലേക്കെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തടസമില്ലാത്ത ടോള്‍ പിരിവിനായി സ്വീകരിക്കേണ്ട രീതികള്‍, മുന്‍കരുതലുകള്‍ എന്നിവ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്യാന്‍ ദേശീയ പാത അതോറിറ്റിയുടെ കീഴിലുള്ള ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡാണ് (IHMCL) വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. കഴിഞ്ഞ ദശാബ്ദത്തിനിടെ രാജ്യത്തെ റോഡ് ശൃംഖല വലിയ രീതിയില്‍ വികസിച്ചുവെന്ന് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവ് പറഞ്ഞു. രാജ്യത്തെ ചരക്കുനീക്കത്തിന്റെ 70 ശതമാനവും ദേശീയപാതകളിലൂടെയാണ്. പുതിയ സാങ്കേതിക വിദ്യ നടപ്പിലാക്കുന്നത് സാമ്പത്തിക രംഗത്തിന് ഊര്‍ജ്ജം നല്‍കുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് തടസമില്ലാത്ത ടോള്‍ അനുഭവം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഞ്ചരിച്ച ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതി
ജി.എന്‍.എസ്.എസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം സഞ്ചരിച്ച ദൂരത്തിന് മാത്രം ടോള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള ഇലക്ട്രോണിക് ടോള്‍ പിരിവാണ്. നിലവില്‍ വാഹനങ്ങളില്‍ പതിപ്പിച്ചിട്ടുള്ള ഫാസ്ട് ടാഗിനൊപ്പം പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ടോള്‍ പ്ലാസകളില്‍ ജി.എന്‍.എസ്.എസ് അധിഷ്ഠിത ടോള്‍ ടാഗുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക വരി ഏര്‍പ്പെടുത്തും. ക്രമേണ ഭൂരിപക്ഷം വരികളും ഈ സംവിധാനത്തിലേക്ക് മാറും.
വലിയ മാറ്റം
ആധുനിക ടോള്‍ പിരിവ് സംവിധാനം വരുന്നത് ചരക്ക്, യാത്രാ വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കും. സഞ്ചരിച്ച ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതിയെന്നതും തടസമില്ലാത്ത സേവനം ടോള്‍ ബൂത്തില്‍ ലഭ്യമാകുമെന്നതും പദ്ധതിയെ ജനപ്രിയമാക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ടോള്‍ നല്‍കാതെ മുങ്ങുന്നവരെ പിടിക്കാന്‍ പദ്ധതിക്ക് കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.
Next Story
Videos