ഡിസ്‌കൗണ്ട് കമ്മിയായി; എന്നിട്ടും ഇന്ത്യയിലേക്ക് റഷ്യന്‍ എണ്ണ ഒഴുക്കില്‍ കുറവില്ല

ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ധന. ഡിസ്‌കൗണ്ട് നല്‍കുന്നതില്‍ കുറവുവരുത്തിയെങ്കിലും ഇപ്പോഴും റഷ്യന്‍ എണ്ണ തന്നെയാണ് ഇന്ത്യയ്ക്ക് പ്രിയമെന്ന് പുതിയ കണക്കുകള്‍ അടിവരയിടുന്നു. കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 19.6 ലക്ഷം ബാരല്‍ എണ്ണയാണ്.
ഏപ്രിലില്‍ ഇറക്കുമതി ചെയ്തതില്‍ നിന്ന് 3 ശതമാനം കൂടുതലാണിത്. അതേസമയം, കഴിഞ്ഞ വര്‍ഷം മേയില്‍ വാങ്ങിയതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു കുറവാണ്. 2023ല്‍ ഇതേ മാസം 21.5 ലക്ഷം ബാരലാണ് റഷ്യയില്‍ നിന്നെത്തിച്ചത്.
സൗദിയില്‍ നിന്ന് കുറഞ്ഞു
റഷ്യന്‍ എണ്ണയിലേക്ക് ഇന്ത്യ കൂടുതല്‍ താല്പര്യം കാണിച്ചപ്പോള്‍ മറുവശത്ത് കുറവുവന്നത് സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതിയാണ്. ഏപ്രിലിലെ 13 ശതമാനത്തില്‍ നിന്ന് മെയില്‍ 11 ശതമാനത്തിലേക്ക് സൗദിയുടെ സംഭാവന കുറഞ്ഞു. അതേസമയം, ഇറാക്കില്‍ നിന്നുള്ള ഇറക്കുമതി 2 ശതമാനം വര്‍ധിച്ച് 20 ശതമാനത്തിലെത്തി.
കഴിഞ്ഞ മെയിലെ അപേക്ഷിച്ച് ഈ വര്‍ഷം ഇതേസമയത്ത് ഇന്ത്യയുടെ മൊത്തം ഇറക്കുമതിയില്‍ നേരിയ വര്‍ധനയുണ്ട്. 46.9 ലക്ഷം ബാരലായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ ഇറക്കുമതി. ഇത്തവണ അത് 47.9 ലക്ഷം ബാരലായി ഉയര്‍ന്നു.
ഓയില്‍ കമ്പനികളില്‍ ഇന്ത്യന്‍ ഓയിലാണ് റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങിക്കൂട്ടിയത്. 4,47,986 ബാരലാണ് ഇന്ത്യന്‍ ഓയില്‍ പ്രതിദിനം ഇറക്കുമതി ചെയ്യുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് രണ്ടാംസ്ഥാനത്ത്. 3,85,786 ബാരലാണ് അവരുടെ പ്രതിദിന വാങ്ങല്‍.
റഷ്യയുമായി പുതിയ കരാറിലൊപ്പിട്ട് റിലയന്‍സ്
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതിക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കരാറുണ്ടായിരുന്നു. മാര്‍ച്ചില്‍ ഈ കരാര്‍ അവസാനിച്ചു. പുതിയ കരാറിന്റെ കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. അതേസമയം, റിലയന്‍സ് റഷ്യന്‍ കമ്പനിയായ റോസ്നെഫ്റ്റുമായി ഒരുവര്‍ഷത്തെ പുതിയ റിലയന്‍സ് ഒപ്പുവച്ചു. ഒരുവര്‍ഷത്തേക്ക് പ്രതിമാസം കുറഞ്ഞത് 30 ലക്ഷം ബാരല്‍ എണ്ണയാണ് റിലയന്‍സ് വാങ്ങുക. ഇന്ത്യന്‍ റുപ്പിക്ക് പകരം റഷ്യയുടെ കറന്‍സിയായ റൂബിളിലായിരിക്കും ഇടപാട്.
Related Articles
Next Story
Videos
Share it