Begin typing your search above and press return to search.
എണ്ണയില്‍ ട്രംപിന് ബൈഡന്റെ അവസാന മിനിറ്റ് 'ചെക്ക്', പ്രകമ്പനം ഇന്ത്യയില്‍ ഒതുങ്ങില്ല; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സന്തോഷം
മോദി സര്‍ക്കാരിന് മുന്നില്‍ പുതിയ അഗ്നിപരീക്ഷ, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സന്തോഷവും
അധികാരം വിട്ടൊഴിയുംമുമ്പേ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപരോധ നീക്കത്തിന് പിന്നാലെ രാജ്യാന്തര എണ്ണവിലയില്‍ വന്‍ കുതിപ്പ്. രണ്ടുദിവസത്തിനിടെ എണ്ണവില 2 ശതമാനത്തോളം ഉയര്‍ന്ന് 80 ഡോളറിന് മുകളിലായി. ഓഗസ്റ്റ് 27ന് ശേഷമുള്ള ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ ക്രൂഡ് ഓയില്‍ വില. നിലവില്‍ ബ്രെന്റ് ക്രൂഡിന്റെ വില 81 ഡോളറിന് മുകളിലാണ്. റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കും ഇത് വിതരണം നടത്തുന്ന 120ലേറെ കപ്പലുകള്‍ക്കുമാണ് യു.എസ് അപ്രതീക്ഷിതമായി ഉപരോധം ഏര്‍പ്പെടുത്തിയത്.
ഉപരോധം നിലവില്‍ വരുന്നതോടെ ഇന്ത്യയിലേക്കും ചൈനയിലേക്കും എണ്ണ കൊണ്ടുവരാനുള്ള കപ്പലുകളുടെ ലഭ്യത തീരെ കുറയും. ഇതോടെ റഷ്യന്‍ എണ്ണയ്ക്ക് ആവശ്യക്കാരെ കിട്ടാതാകും. റഷ്യയ്‌ക്കൊപ്പം ഇന്ത്യയ്ക്കും ചൈനയ്ക്കും എണ്ണ ഉപരോധം കടുത്ത തിരിച്ചടിയാകും. കഴിഞ്ഞ രണ്ടുവര്‍ഷമായി റഷ്യയില്‍ നിന്നുള്ള ഡിസ്‌കൗണ്ട് എണ്ണയായിരുന്നു ഇന്ത്യയുടെ ആവശ്യകത നിറവേറ്റി കൊണ്ടിരുന്നതിലേറെയും. ഇനി പുതിയ വിപണികളില്‍ നിന്ന് എണ്ണ വാങ്ങാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.
ട്രംപിനുള്ള പണി
നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍ക്കാന്‍ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ട്രംപ്. അധികാരത്തിലെത്തിയാല്‍ റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ നീക്കങ്ങള്‍ക്ക് ഒരുമുഴം നീട്ടിയെറിഞ്ഞിരിക്കുകയാണ് ബൈഡന്‍.
റഷ്യയ്ക്ക് സഹായകമായ രീതിയില്‍ ഇടപെടല്‍ നടത്തുന്നതില്‍ നിന്ന് ട്രംപിനെ തടയുകയെന്ന ലക്ഷ്യവും പുതിയ ഉപരോധത്തിലേക്ക് നയിച്ചു. അധികാരത്തിലെത്തുമ്പോള്‍ ഉപരോധം നീക്കാന്‍ ട്രംപ് ശ്രമിച്ചേക്കാം. അങ്ങനെ വന്നാല്‍ ട്രംപിന്റെ ജനപ്രീതിക്ക് ഇടിവുണ്ടാക്കാന്‍ കാരണമായേക്കുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നു. പുതിയ ഉപരോധത്തെ ട്രംപ് ഭരണകൂടം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആകാംക്ഷയിലാണ് പാശ്ചാത്യ ലോകം.
ഇന്ത്യയ്ക്ക് തലവേദന
ഉപരോധം തുടരാന്‍ ട്രംപ് തീരുമാനിച്ചാല്‍ ഇന്ത്യയ്ക്ക് തലവേദന കൂടും. കാരണം, ബൈഡനെ പോലെയല്ല ട്രംപ്. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകും. ബൈഡന്‍ ഭരണകാലത്ത് ഇന്ത്യ യു.എസിന്റെ ഭീഷണികളെ കാര്യമാക്കിയിരുന്നില്ല. ഇനി അങ്ങനെയാകാന്‍ പറ്റില്ല.
എണ്ണ വാങ്ങാന്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുകയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രശ്‌നം. റഷ്യന്‍ എണ്ണ ഡിസ്‌കൗണ്ടില്‍ ലഭിച്ചിരുന്നതിനാല്‍ ചെലവ് താരതമ്യേന കുറവായിരുന്നു. റഷ്യന്‍ എണ്ണ ആഗോള വിപണിയിലേക്ക് എത്താതെ വരുന്ന അവസ്ഥയില്‍ ലഭ്യത കുറയും. ഇത് വില കുതിച്ചുയരാന്‍ ഇടയാക്കും. ഫലത്തില്‍ എണ്ണയ്ക്കായി കൂടുതല്‍ പണം ചെലവഴിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.
എണ്ണവില പിടിവിട്ട് പോയാല്‍ പെട്രോള്‍, ഡീസല്‍വില ഉയര്‍ത്താന്‍ കേന്ദ്രം നിര്‍ബന്ധിതരാകും. ഇന്ധന വില കൂടിയാല്‍ അവശ്യസാധനങ്ങളുടെ വില കുതിക്കും. ഇത് ഇന്ത്യന്‍ വിപണിയില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. ഇപ്പോള്‍ തന്നെ രൂപയുടെ മൂല്യം ഇടിയുന്നതും മൂന്നാംപാദത്തില്‍ കമ്പനികളുടെ വരുമാനം ഇടിയുന്നതും ഉള്‍പ്പെടെ പ്രശ്‌നങ്ങളേറെയാണ്. മോദി സര്‍ക്കാരിന് മുന്നില്‍ പുതുവര്‍ഷത്തില്‍ പുതിയ വെല്ലുവിളികളാണ് ഉടലെടുത്തിരിക്കുന്നത്. എങ്ങനെ പുറത്തു കടക്കാന്‍ സാധിക്കുമെന്ന് കണ്ടറിയണം.
Next Story
Videos