എണ്ണയില്‍ 'ലിബിയന്‍' റീഎന്‍ട്രി, ഇന്ത്യയ്ക്ക് ഡബിള്‍ സന്തോഷം; തിരിച്ചടി ഗള്‍ഫ് രാജ്യങ്ങള്‍ക്ക്

ആഗോളതലത്തില്‍ മാന്ദ്യ ഭീതിയുടെ സൂചനകള്‍ക്കിടയില്‍ ക്രൂഡ് ഓയില്‍ വില ഒന്‍പതു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍. ഇന്നലെ (സെപ്റ്റംബര്‍ 3) അഞ്ചു ശതമാനത്തോളം കുറവാണ് ക്രൂഡ് ഓയില്‍ വിലയില്‍ രേഖപ്പെടുത്തിയത്. എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ട് ലിബിയയില്‍ ഉടലെടുത്തിരുന്ന അനിശ്ചിതത്വം രമ്യമായി പരിഹരിക്കപ്പെട്ടതും എണ്ണവിലയെ പിടിച്ചു വലിച്ചു.
ബ്രെന്റ് ക്രൂഡ് വില ഡിസംബറിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ്. നിലവില്‍ 74 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യു.ഡി.ഐ ക്രൂഡ് വില 70 ഡോളറുകളിലാണ്. ഒരുഘട്ടത്തില്‍ 69 ഡോളര്‍ വരെ വില താഴ്ന്നിരുന്നു.

ചൈനയില്‍ ഉപഭോഗം ഇടിഞ്ഞു

ചൈനയില്‍ എണ്ണ ഉപഭോഗം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ്, വാഹന വിപണിയില്‍ അടക്കം മാന്ദ്യം നിലനില്‍ക്കുന്നതാണ് ചൈനയില്‍ എണ്ണ ആവശ്യകത കുറയ്ക്കുന്നത്. അതിനിടെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വിലയില്‍ കുറവു വരുത്താന്‍ സൗദി അറേബ്യ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ചൈനയില്‍ നിന്നുള്ള ഓര്‍ഡര്‍ കുറഞ്ഞതാണ് സൗദിയുടെ നീക്കത്തിനു പിന്നില്‍.
ഡിമാന്‍ഡ് കുറഞ്ഞതോടെ എണ്ണ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് പ്ലസ് തീരുമാനിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സാധാരണഗതിയില്‍ ഒക്ടോബറില്‍ ചൈനയില്‍ അടക്കം ഉപഭോഗം കൂടുകയായിരുന്നു പതിവ്. ഒക്ടോബറില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ എണ്ണ ഉത്പാദന രാജ്യങ്ങളുടെ കൂട്ടായ്മ നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പുനപരിശോധിച്ചേക്കുമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.

ലിബിയന്‍ എണ്ണയുടെ വരവും ഇന്ത്യയും

ലിബിയയില്‍ നിന്ന് ഇന്ത്യയ്ക്ക് വലിയ എണ്ണ ഇറക്കുമതിയില്ല. എന്നാല്‍ ലിബിയയില്‍ നിന്നുള്ള എണ്ണ കൂടുതലായി വിപണിയിലേക്ക് ഒഴുകുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. വില വീണ്ടും കുറയാന്‍ ഇത് ഇടയാക്കും. ഇന്ത്യയെ പോലെ ആവശ്യകതയുടെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വില എത്രത്തോളം കുറയുമോ അത്രത്തോളം നല്ലതാണ്.
ജൂലൈയില്‍ പ്രതിദിനം 1.28 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലായിരുന്നു ലിബിയയില്‍ നിന്നുള്ള കയറ്റുമതി. ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചതോടെ ഇത് ഓഗസ്റ്റ് അവസാന വാരം 5.9 ലക്ഷം ബാരലായി കുറഞ്ഞിരുന്നു. ലിബിയയിലെ ഉത്പാദനവും കയറ്റുമതിയും പഴയപടിയാകുമെന്ന വാര്‍ത്തയാണ് എണ്ണവിലയെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലേക്ക് എത്തിച്ചത്.

ഇന്ത്യയില്‍ വിലകുറയുമോ?

എണ്ണവില 80 ഡോളറില്‍ താഴെ നിന്നാല്‍ വില കുറയ്ക്കുമെന്നായിരുന്നു മൂന്നാം മോദിസര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് എസ്. പുരി വ്യക്തമാക്കിയത്. വില ഇപ്പോള്‍ 70 കളില്‍ നില്‍ക്കുമ്പോള്‍ വില കുറയ്ക്കുമോയെന്ന കാര്യത്തില്‍ കേന്ദ്രത്തിന് മിണ്ടാട്ടമില്ലെന്നതാണ് വാസ്തവം. പൊതുതിരഞ്ഞെടുപ്പ് സമയത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചത് എണ്ണ കമ്പനികളുടെ ലാഭം കുറച്ചിരുന്നു.

Related Articles

Next Story

Videos

Share it