Begin typing your search above and press return to search.
റെയില്‍വേയുടെ സൂപ്പര്‍ ആപ്പ് അടുത്ത മാസം, ചെലവ് ₹100 കോടി! ലക്ഷ്യം കോടികളുടെ അധിക വരുമാനം
ഇന്ത്യന്‍ റെയില്‍വേയുടെ സേവനങ്ങളെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്ന സൂപ്പര്‍ ആപ്പ് ഡിസംബറില്‍ പുറത്തിറക്കുമെന്ന് റെയില്‍വേ. കഴിഞ്ഞ ഒരു വര്‍ഷമായി സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ് (സി.ആര്‍.ഐ.എസ്) ഈ ആപ്പിന്റെ പണിപ്പുരയിലാണ്. ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ് ഉള്‍പ്പെടെ എല്ലാവിധ സേവനങ്ങളും ഒരു കുടക്കീഴില്‍ അവതരിപ്പിക്കാന്‍ സൂപ്പര്‍ ആപ്പിലൂടെ സാധിക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
ടിക്കറ്റ് ബുക്കിംഗ് വരുമാനം വര്‍ധിക്കും
100 കോടി രൂപ മുടക്കിലാണ് അത്യാധുനിക സുരക്ഷയുമായി ഈ ആപ്പ് എത്തുന്നത്. നിലവില്‍ റെയില്‍വേ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട്, ഐ.ആര്‍.സി.ടി.സി ഇ-കേറ്ററിംഗ് ഫുഡ് ഓണ്‍ ട്രാക്ക്, റെയില്‍ മഡാഡ്, യു.ടി.എസ്, നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റംസ് തുടങ്ങി നിരവധി ആപ്പുകളുണ്ട്. ഇതില്‍ ഏറ്റവും ജനകീയമായ ആപ്പ് ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട് ആപ്പ് ആണ്.
100 മില്യണ്‍ ഡൗണ്‍ലോഡ്‌സ് ഈ ആപ്പിനുണ്ട്. സൂപ്പര്‍ ആപ്പ് വരുമ്പോള്‍ ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്‌ഫോം ബുക്കിംഗ് എന്നിവയെല്ലാം കൂടുതല്‍ എളുപ്പമാകുമെന്നും വരുമാനം വര്‍ധിക്കുമെന്നും റെയില്‍വേ കണക്കുകൂട്ടുന്നു. 2023-24 സാമ്പത്തികവര്‍ഷം ഐ.ആര്‍.സി.ടി.സിയുടെ വരുമാനം 4,270.18 കോടി രൂപയാണ്. 1,111.26 കോടി രൂപയാണ് ലാഭം. ഈ വരുമാനത്തില്‍ 30.33 ശതമാനം ടിക്കറ്റ് ബുക്കിംഗില്‍ നിന്നുള്ള വരുമാനമാണ്. 453 മില്യണ്‍ ടിക്കറ്റുകളാണ് സാമ്പത്തികവര്‍ഷം ആപ്പിലൂടെ ബുക്ക് ചെയ്യപ്പെട്ടത്.
യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ മൊബൈല്‍ ആപ്പില്‍ ലഭിക്കണമെന്നത്. പുതിയ ആപ്പില്‍ ലഭിക്കുന്ന പ്രധാന സേവനങ്ങളിലൊന്ന് ഏറ്റവും വേഗത്തിലുള്ള ടിക്കറ്റ് റീഫണ്ടിംഗ് ആണെന്നാണ് സൂചന. റീഫണ്ടിംഗ് പ്രക്രിയ ആരംഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ പണം അക്കൗണ്ടിലെത്തും. നിലവില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ അക്കൗണ്ടിലെത്താന്‍ സമയമെടുക്കും. യാത്രക്കാരുടെ ദീര്‍ഘകാല പരാതികളിലൊന്ന് സൂപ്പര്‍ ആപ്പ് വരുന്നതോടെ പരിഹരിക്കപ്പെട്ടേക്കും.
Next Story
Videos