കോവിഡ്: വാക്സിന്‍ ട്രയല്‍ തുടങ്ങാന്‍ ഓക്സ്ഫോര്‍ഡ്

കോവിഡ് 19 വൈറസ് ബാധയ്‌ക്കെതിരെ വികസിപ്പിച്ചെടുത്ത വാക്സിന്‍ മനുഷ്യരില്‍ പ്രയോഗിക്കാന്‍ തയ്യാറെടുത്ത് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല. നാളെ മുതല്‍ ട്രയല്‍ റണ്‍ ആരംഭിക്കാനായേക്കുമെന്ന് യു.കെയുടെ ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ സെക്രട്ടറി മാട്ട് ഹാന്‍കോക്ക് ലണ്ടനില്‍ പറഞ്ഞു.

കൊറോണ വൈറസിനെ തുരത്തുന്ന ഒരു വാക്സിന്‍ കണ്ടെത്താന്‍ കഠിന ശ്രമത്തിലായിരുന്നു ഓക്സ്ഫോര്‍ഡ്. വാക്സിനു വേണ്ടിയുള്ള രണ്ട് സുപ്രധാന ശ്രമങ്ങളാണ് യു.കെയില്‍ നടന്നുകൊണ്ടിരിക്കുന്നത്, ഓക്സ്ഫോര്‍ഡിലും മറ്റൊന്ന് സ്പുട്നിക് ഇംപീരിയല്‍ കോളജിലും- ഹാന്‍കോക്ക് പറഞ്ഞു. ലോകവ്യാപകമായി ഏറ്റവും പ്രതീക്ഷ പകരുന്ന വാക്സിന്‍ ഗവേഷണത്തിനാണ് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല വേദിയാകുന്നത്.ട്രയലിനു വിധേയരാകാന്‍ 500 സന്നദ്ധ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ ഏകദേശം 5.46 കോടി ഡോളര്‍ ഗവേഷണങ്ങള്‍ക്കായി സര്‍വ്വകലാശാലയ്ക്ക് കൈമാറിയിട്ടുണ്ട്. വാക്സിന്‍ നിര്‍മ്മിക്കാനും സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കും. ഇപ്പോഴത്തെ ദിശയില്‍ നീക്കങ്ങള്‍ പുരോഗമിക്കുന്നപക്ഷം, ഈ വര്‍ഷത്തെ ശരത് കാലമാകുമ്പോഴേക്കും പുതിയ വാക്‌സിന്റെ ദശലക്ഷക്കണക്കിന് ഡോസുകള്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഓക്‌സ്‌ഫോര്‍ഡ് ഗവേഷക സംഘത്തിലെ പ്രൊഫസര്‍ ആന്‍ഡ്രൂ പൊള്ളാര്‍ഡ് പങ്കുവയ്ക്കുന്നത്.

ഓക്സ്ഫോര്‍ഡിലെ വാക്സിന്‍ ട്രയല്‍ ഈ ആഴ്ച തന്നെ ആരംഭിക്കും. സാധാരണ ഗതിയില്‍ വാക്സിന്‍ ഗവേഷണം ഈ ഘട്ടത്തിലെത്താന്‍ വര്‍ഷങ്ങള്‍ എടുക്കാറുണ്ട്. ഇതുവരെ നടന്ന ഗവേഷണങ്ങള്‍ അഭിമാനകരമാണ്-ഹാന്‍കോക്ക് ട്വിറ്ററില്‍ കുറിച്ചു. ബ്രിട്ടനില്‍ ഇതുവരെ ഏകദേശം 1.30 ലക്ഷം പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 17,350 പേര്‍ മരിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it