പാർലമെന്റ് സമ്മേളനത്തിന് തുടക്കം; ബജറ്റ് ജൂലൈ നാലാം വാരം

18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. മൂന്നാം മോദിസർക്കാറിന്റെ മുൻഗണന മേഖലകളുടെ ചിത്രം കോറിയിടുന്ന ബജറ്റ് അടുത്ത മാസം നാലാം വാരം. മിക്കവാറും ജൂലൈ 22ന് പുതിയ സർക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. തീയതി അന്തിമമായി നിശ്ചയിച്ചിട്ടില്ല.

മുതിർന്ന അംഗം ബി.ജെ.പിയിലെ ഭർതൃഹരി മെഹ്താബിന് പ്രോട്ടെം സ്പീക്കറായി തിങ്കളാഴ്ച രാവിലെ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ലോക്സഭ സമ്മേളനത്തിൽ സഭാ നേതാവായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്.

തുടർന്ന് സ്പീക്കർ പാനലിലുള്ള മുതിർന്ന അംഗങ്ങൾ, കേന്ദ്രമന്ത്രിമാർ, സഹമന്ത്രിമാർ, എം.പിമാർ എന്നിവർ അക്ഷരമാല ക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് രീതി. എട്ടു തവണ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷാണ് ഏറ്റവും മുതിർന്ന അംഗമെങ്കിലും അദ്ദേത്തെ പ്രോട്ടെം സ്പീക്കറാക്കാത്തതിൽ പ്രതിപക്ഷം പ്രതിഷേധത്തിലാണ്. ഏഴു തവണ തെരഞ്ഞെടുക്കപ്പെട്ട ഭർതൃഹരി മെഹ്താബ് സീനിയോറിട്ടിയിൽ കൊടിക്കുന്നിലിനു താഴെയാണ്.

തിങ്കളാഴ്ച തുടങ്ങിയ പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ജൂലൈ മൂന്നു വരെയാണ്. ജൂൺ 27 രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ ഇരുസഭകളെയൂം അഭിസംബോധന ചെയ്യും. 27ന് രാജ്യസഭ സമ്മേളനവും തുടങ്ങും. ജൂലൈ നാലു മുതൽ 21 വരെ സമ്മേളനമില്ല. 22ന് രണ്ടാം ഘട്ടമായി ബജറ്റ് സമ്മേളനം നടക്കും.
Related Articles
Next Story
Videos
Share it