Begin typing your search above and press return to search.
അംബാനിക്ക് പിന്നാലെ പേയ്ടിഎമ്മിനെ പിടിച്ച് സെബി; ഓഹരികളില്‍ വന്‍ ഇടിവ്
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മേല്‍ നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അനില്‍ അംബാനിയെ അഞ്ചു വര്‍ഷത്തേക്ക് വിലക്കിയതിന് പിന്നാലെ ഇപ്പോള്‍ സെബിയുടെ നോട്ടം എത്തിയിരിക്കുന്നത് പേയ്ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയിലും ബോര്‍ഡ് അംഗങ്ങളിലുമാണ്.
ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐ.പി.എ) സമയത്ത് തെറ്റായ വസ്തുതകള്‍ നല്‍കിയെന്ന ആരോപണത്തില്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് സെബി. 2021 നവംബറിലാണ് പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് ഐ.പിഎ.ഒ നടത്തിയത്. ഐ.പി.ഒ സമയത്ത് പേയ്ടിഎം സി.ഇ.ഒ വിജയ് ശേഖര്‍ ശര്‍മയെ പ്രമോട്ടറായി ഉള്‍പ്പെടുത്താതെ ജീവനക്കാരനെന്ന രീതിയിലായിരുന്നു കാണിച്ചിരുന്നത്.
പേയ്ടിഎം പേയ്‌മെന്റ് ബാങ്കിനെ കുറിച്ച് റിസര്‍വ് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ പേയ്ടിഎം പ്രതികരണം നടത്തിയിട്ടില്ല.
ഓഹരികളിലും വന്‍ ഇടിവ്
സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസ് വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ വണ്‍97 കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ ഓഹരികള്‍ കൂപ്പുകുത്തി. ഒരു സമയത്ത് 9 ശതമാനം വരെ ഇടിഞ്ഞ ഓഹരിവില വ്യാപാരം അവസാനിപ്പിച്ചത് 4.41 ശതമാനം താഴ്ചയിലാണ്.
ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം മുന്‍ പാദത്തേക്കാള്‍ വലിയതോതില്‍ ഇടിഞ്ഞിരുന്നു. നഷ്ടം മാര്‍ച്ച് പാദത്തിലെ 550 കോടി രൂപയില്‍ നിന്ന് 840 കോടിയിലേക്ക് ഉയരുകയും ചെയ്തു. മാര്‍ച്ച് പാദത്തില്‍ 2,267 കോടി രൂപ വിറ്റുവരവ് ഉണ്ടായിരുന്ന കമ്പനിക്ക് ജൂണ്‍ പാദത്തില്‍ 1,502 കോടി രൂപയിലേക്ക് ഒതുങ്ങേണ്ടി വന്നു. 33,753 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.
Next Story
Videos