വാഹനം നിരത്തിലിറക്കുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, ഇല്ലെങ്കില്‍ 10,000 രൂപ പിഴ

കേരളത്തിലെ നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. വാഹന പാര്‍ക്കിംഗ് അനുവദിക്കാത്ത സ്ഥലത്ത് നിര്‍ത്തിയിട്ടാല്‍ പോലും പരിശോധിച്ച് എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഉണ്ടെന്ന് ഉറപ്പുവരുത്താനാണ് നിര്‍ദേശം നല്കിയിരിക്കുന്നത്.

റോഡിലെ പരിശോധനയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് മോട്ടോര്‍ വാഹനവകുപ്പ്. കാലാവധി കഴിയാത്ത പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആദ്യ ഘട്ടത്തില്‍ 2,000 രൂപയും വീണ്ടും ആവര്‍ത്തിച്ചാല്‍ 10,000 രൂപയും പിഴ ഈടാക്കും. എല്ലാ വാഹനങ്ങളുടെയും പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശനം
വാഹന പരിശോധനയില്‍ ഇനി മുതല്‍ ലൈസന്‍സ്, ഇന്‍ഷുറന്‍സ്, നമ്പര്‍പ്ലേറ്റിലെ രൂപമാറ്റം, കൂളിംഗ് ഫിലീം ഒട്ടിച്ചത് തുടങ്ങിയ എല്ലാ കാര്യങ്ങളും പരിശോധിക്കും. എന്തെങ്കിലും അപാകത ഉണ്ടെങ്കില്‍ വാഹനത്തിന്റെ ഫോട്ടോസഹിതം കുറ്റപത്രം തയാറാക്കും. നിരത്തിലോടുന്ന വാഹനങ്ങളില്‍ പലതിലും അടുത്ത കാലത്ത് പുകപരിശോധന നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം നിയമലംഘനങ്ങള്‍ പിടികൂടി വരുമാനം കൂട്ടുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
കേരളത്തില്‍ പുക പരിശോധനയില്‍ പരാജയപ്പെട്ട വാഹനങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത് വ്യാപകമാകുന്നുണ്ട്. ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. സംശയം തോന്നുന്ന ഇത്തരം വ്യാജന്മാരെ പിടികൂടാനും മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Related Articles
Next Story
Videos
Share it