ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധനവില കൂട്ടി

തുടര്‍ച്ചയായ 21 ദിവസത്തിനുശേഷം ഇന്നലെ ഞായറാഴ്ച അവധി നല്‍കിയതിന് ശേഷം ഇന്നു മുതല്‍ ഇന്ധന വില കൂട്ടല്‍ തുടരുന്നു. തിങ്കളാഴ്ച രാവിലെ പെട്രോളിന് 5 പൈസയും ഡീസലിന് 13 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെട്രോളിന് കൂടിയത് 9.18 രൂപയും ഡീസലിന് കൂടിയത് 10.54 രൂപയുമാണ്. ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചതിനുശേഷം ജൂണ്‍ ഏഴ് മുതലായിരുന്നു രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇന്ന് കൊച്ചിയില്‍ ഇന്നത്തെ വിലവിവരം ഇങ്ങനെ, പെട്രോള്‍ 80.69 രൂപ, ഡീസല്‍ 76.33 രൂപ. ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 80.43 രൂപയും ഡീസലിന്റെ വില 80.83 ആയി. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തിരുവ കൂട്ടിയതാണ് ഇന്ധന വില വര്‍ധനവിന് കാരണമായി പറയുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ വര്‍ധനവിനുശേഷം അടുത്തയാഴ്ച്ച മുതല്‍ ഇന്ധന വില കുറയാനും സാധ്യത കാണുന്നുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ 19 മാസം മുന്‍പ് ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 45 ഡോളറില്‍ താഴെയാണ് നിരക്ക്. ഡീസല്‍ വില കുത്തനെ ഉയരുന്നത് ചരക്ക് നീക്കത്തെ ബാധിക്കും. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ തന്നെ ഇന്ധന വില വര്‍ധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലുള്ള വലിയ കുറവും പൊതുഗതാഗത മേഖലയെ കൂടുതല്‍ നഷ്ടത്തിലാക്കും. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ നഷ്ടം നികത്താനും വരും ദിവസങ്ങളില്‍ ഇന്ധന വില കമ്പനികള്‍ കുത്തനെ ഉയര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇതിനകം തന്നെ ഇന്ധന വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങള്‍ വലയുമ്പോള്‍ ഇന്ധന നികുതി കൂട്ടിയത് അനീതിയും ക്രൂരതയുമാണെന്ന് കേന്ദ്രത്തില്‍ രാഷ്ട്രീയ വാഗ്വാദങ്ങള്‍ അരങ്ങേറുകയാണ്. ഇന്ധനവില വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ടപതി റാംനാഥ് കോവിന്ദിന് മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി ദേശീയ റിപ്പോര്‍ട്ടുകളുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it