Begin typing your search above and press return to search.
ഫൈസര്‍ വാക്‌സിന്‍ ജുലൈ മാസത്തോടെ ലഭ്യമായേക്കും: രാജ്യത്ത് പുതുതായി 1.34 ലക്ഷം കോവിഡ് ബാധിതര്‍
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,154 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്. അതേസമയം 2,884 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2,11,499 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. തമിഴ്‌നാട്ടിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയത്, 25,317 പേര്‍. പ്രതിദിന കേസുകള്‍ കുറയാന്‍ തുടങ്ങിയതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണവും കുത്തനെ കുറഞ്ഞു. 17.13 ലക്ഷം പേരാണ് ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്.
ഏഴ് ദിവസമായി രാജ്യത്തെ പ്രതിദികോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് താഴെയാണ്. 6.2 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളുടെ എണ്ണവും കുറഞ്ഞുവെങ്കിലും മരണനിരക്ക് തുടര്‍ച്ചയായ 44 ാം ദിവസവും രണ്ടായിരത്തിന് മുകളിലാണ്. ഇതോടെ 3,37,989 പേര്‍ക്കാണ് രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
കോവിഡിനെതിരായ വാക്‌സിനേഷനും രാജ്യത്ത് പുരോഗമിക്കുന്നുണ്ട്. ഇതുവരെ 22 കോടി ജനങ്ങളാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കൂടാതെ വിദേശ വാക്്സിനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള തീരുമാനം ഉടനുണ്ടായേക്കുമെന്നാണ് സൂചന. ഇത് യാഥാര്‍ത്ഥ്യമായാല്‍ ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെക്കും അമേരിക്കന്‍ കമ്പനിയായ ഫൈസറും വികസിപ്പിച്ചെടുത്ത ഫൈസര്‍ വാക്‌സിന്‍ ജുലൈയോടെ ഇന്ത്യയില്‍ ലഭ്യമാകും. ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും ഫൈസര്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Next Story
Videos