Begin typing your search above and press return to search.
ബൈജൂസിലെ നിക്ഷേപം എഴുതിത്തള്ളി ഡച്ച് കമ്പനി, നഷ്ടം ₹ 4110 കോടി
സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഇന്ത്യന്‍ എഡ്യൂടെക് സ്ഥാപനമായ ബൈജൂസിലെ (Byju's) ഓഹരിനിക്ഷേപം എഴുതിത്തള്ളി ഡച്ച് നിക്ഷേപ സ്ഥാപനമായ പ്രോസസ് (Prosus). ബൈജൂസിലെ 9.6 ശതമാനം ഓഹരികളാണ് കമ്പനി എഴുതിത്തള്ളിയത്. ഇതോടെ കമ്പനിക്ക് 49.3 കോടി ഡോളറിന്റെ (ഏകദേശം 4110 കോടി രൂപ) നഷ്ടമുണ്ടായതായും കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈജൂസിന്റെ സാമ്പത്തികാവസ്ഥ, ബാധ്യതകള്‍, ഭാവി പരിപാടികള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2019 മുതല്‍ വിവിധ ഘട്ടങ്ങളിലായി 536 മില്യന്‍ ഡോളര്‍ ( ഏകദേശം 4472 കോടി രൂപ) നിക്ഷേപമാണ് പ്രോസസ് നടത്തിയത്. ബൈജൂസിനെതിരെ നിയമനടപടിക്കായി കോടതിയെ സമീപിച്ച നാല് കമ്പനികളില്‍ ഒന്നാണ് പ്രോസസ്. ബൈജൂസിന് പുറമെ സ്വിഗി, പേ യു (PayU), ഫാംഈസി തുടങ്ങിയ കമ്പനികളിലുംപ്രോസസിന് നിക്ഷേപമുണ്ട്.
ബൈജൂസിന് ഇനിയും രക്ഷപ്പെടാം
അതേസമയം, എഡ്യൂടെക് തങ്ങളുടെ ഇഷ്ട നിക്ഷേപ മേഖലയാണെന്നും എന്നാല്‍ പ്രതീക്ഷിച്ച പ്രകടമുണ്ടാക്കാനായില്ലെന്നും പ്രോസസ് പറയുന്നു. എഡ്യൂടെക് കമ്പനികളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഏറെ സമയം ചെലവിട്ടു. നിക്ഷേപമുള്ള സ്റ്റാക്ക് ഓവര്‍ഫ്‌ളോ, സ്‌കില്‍സോഫ്റ്റ്, ബൈജൂസ് എന്നീ മൂന്ന് കമ്പനികളും വേണ്ടത്ര നേട്ടമുണ്ടാക്കിയില്ല. ഇതില്‍ ബൈജൂസിന്റെ മൂല്യമാണ് പൂജ്യമാക്കിയത്. ഇതിലൂടെ കമ്പനിയുടെയും മറ്റ് നിക്ഷേപകരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ചെയ്തതെന്നും പ്രോസസ് പറയുന്നു. നിലവിലെ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ബൈജൂസ് മാനേജ്‌മെന്റ് നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് ബൈജൂസിന്റെ ഭാവിയില്‍ പ്രതീക്ഷയുണ്ടെന്നും ഇതിനായി ആദ്യം ചെയ്യേണ്ടത് കമ്പനിയുടെ ഭരണസമിതിയില്‍ മാറ്റം വരുത്തലാണെന്നും പ്രോസസ് അറിയിച്ചു.
ഒരുകാലത്ത് 2200 കോടി ഡോളര്‍ (ഏകദേശം 1.8 ലക്ഷം കോടി) മൂല്യമുണ്ടായിരുന്ന ബൈജൂസില്‍ നിരവധി ക്രമക്കേടുകള്‍ നടക്കുന്നതായി കണ്ടെത്തിയാണ് സ്ഥാപനങ്ങള്‍ നിക്ഷേപം പൂജ്യമാക്കാന്‍ തുടങ്ങിയത്. 2022 നവംബറില്‍ ബൈജൂസിന്റെ മൂല്യം 5.9 ബില്യന്‍ ഡോളറായും (ഏകദേശം 49,000 കോടി രൂപ) കഴിഞ്ഞ വര്‍ഷം മൂന്ന് ബില്യന്‍ ഡോളറായും (ഏകേദശം 22,000 കോടി രൂപ) പ്രോസസ് കുറച്ചിരുന്നു. ബൈജൂസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പ്രോസസിന്റെ പ്രതിനിധി കഴിഞ്ഞ വര്‍ഷം രാജി വയ്ക്കുകയും ചെയ്തിരുന്നു. നേരത്തെ, ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ബ്ലാക്ക് റോക്ക് അടക്കമുള്ളവര്‍ ബൈജൂസിന്റെ നിക്ഷേപം പൂജ്യമാക്കിയിരുന്നു. ഇത് കമ്പനിയെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചു.
Next Story
Videos