ഖത്തര്‍ ഉപരോധം പിന്‍വലിക്കല്‍; സാമ്പത്തിക മേഖലയ്ക്ക് വരാനിരിക്കുന്നത് വന്‍ നേട്ടം

ഖത്തര്‍ - സൗദി സഖ്യം തീരുമാനിച്ചത് ഗള്‍ഫ് സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ നേട്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിന്റെ എണ്ണ ഇതര വരുമാനം വര്‍ധിക്കാനുള്ള അവസരങ്ങള്‍ക്ക് തടസ്സമായിരുന്ന കാരണങ്ങള്‍ ആണ് ഇതോടെ നീങ്ങുന്നത്. മൂന്നര വര്‍ഷമായി ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി, ബഹ്റൈന്‍, യുഎഇ, ഈജിപറ്റ്് എന്നിവിടങ്ങളിലേക്ക് വിലക്കുണ്ടായിരുന്നു. വ്യോമ പാതയിലൂടെ വളഞ്ഞ വഴിയില്‍ സര്‍വീസ് നടത്തിയിരുന്നത് ഖത്തറിന് ഏറെ സാമ്പത്തിക ബാധ്യതയാരുന്നു. ഇനി പരിധികളില്ലാതെ വ്യോമ മേഖലയിലൂടെ തന്നെ ഖത്തര്‍ എയര്‍വേയ്സിന് പറക്കാം, ചെലവ് ചുരുക്കാന്‍ വഴി തെളിഞ്ഞതോടെ കമ്പനിക്ക് നേട്ടമാകും.

മാത്രമല്ല, ഖത്തറിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവും കൂടുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്. മാത്രമല്ല നിരവധി പ്രവാസികള്‍ക്കാണ് ഇത് പ്രയോജനം ചെയ്യുന്നത്. ഉപരോധം കാരണം ഖത്തറില്‍ ബന്ധുക്കളുള്ള ഒട്ടേറെ പേര്‍ക്ക് രാജ്യത്തേക്ക് വരാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതും നീങ്ങുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ഉണര്‍വുണ്ടാകുമെന്നാണ് റേറ്റിംഗ്ഏജന്‍സിയായ ഫിറ്റ്ച്ചിന്റെ വിലയിരുത്തല്‍.
ഖത്തര്‍ ഉപരോധം കൂടെ കണക്കിലെടുത്തായിരുന്നു എണ്ണവിലയിലെ ആഗോള ഇടിവും. എണ്ണ ഇതര മേഖലയില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള ശ്രമം മേഖലയിലെ എല്ലാ രാജ്യങ്ങളും നടപ്പാക്കി വരികയാണ്. ഖത്തറിനെതിരായ ഉപരോധം അവസാനിച്ചത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകുമെന്നും കരുതുന്നു.
കൊറോണ നീങ്ങുന്നതോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങളുമായി ബന്ധപ്പെട്ട ബിസിനസുകള്‍ക്കും ഉപരോധം അവസാനിച്ചതോടെ അവസരങ്ങളേറുകയാണെന്ന് മൂഡീസിന്റെ നിരീക്ഷകന്‍ അലക്സാണ്ടര്‍ പെര്‍ജെസി വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഗള്‍ഫ് മേഖലയിലെ എല്ലാ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് ടൂറിസ്റ്റുകളുടെ വന്‍ ഒഴുക്കിനാണ് സാധ്യത.
ഖത്തറിലെയും സൗദിയിലെയും ഓഹരി വിപണികളില്‍ ആദ്യ വ്യാപാരത്തില്‍ തന്നെ ഉയര്‍ച്ചയും പ്രകടമായിരുന്നു. ക്ഷീരോല്‍പ്പാദക / ഉല്‍പ്പന്ന കമ്പനിയായ അല്‍ മറായിയുടെ ഖത്തറിലെ പഴയ വ്യാപാര മേഖല തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.


Related Articles
Next Story
Videos
Share it