Begin typing your search above and press return to search.
വിലപേശല്‍ നീക്കം ഫലിച്ചില്ല; ₹30,000 കോടിയുടെ 'അലുമിനിയം' വന്ദേഭാരത് കരാര്‍ റദ്ദാക്കി
പുതിയ 100 വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണത്തിനും പരിപാലനത്തിനുമുള്ള ടെന്‍ഡര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. അലുമിനിയം ബോഡിയിലുള്ള ട്രെയിനുകള്‍ക്കായുള്ള ടെന്‍ഡര്‍ റദ്ദാക്കിയതായി അല്‍സ്‌റ്റോം ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഒലിവര്‍ ലൂയിസണ്‍ പറഞ്ഞതായി 'മണികണ്‍ട്രോള്‍' ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
30,000 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ആരംഭിച്ചത്. ഫ്രഞ്ച് കമ്പനിയായ അല്‍സ്‌റ്റോം 150.9 കോടി രൂപയായിരുന്നു ലേലത്തില്‍ ഒരു ട്രെയിനിന്റെ ചെലവായി ബിഡ് ചെയ്തത്. ലേലത്തില്‍ പങ്കെടുത്ത കമ്പനികളില്‍ കുറഞ്ഞ തുകയായിരുന്നു ഇത്.
140 കോടി രൂപയിലേക്ക് നിരക്ക് താഴ്ത്തണമെന്ന് ടെന്‍ഡര്‍ പാനല്‍ ആവശ്യപ്പെട്ടു. 145 കോടി രൂപയിലേക്ക് തുക കുറയ്ക്കാന്‍ അല്‍സ്റ്റോം തയാറായി. എന്നാല്‍ മുന്‍ നിലപാടില്‍ റെയില്‍വേ ഉറച്ചു നിന്നു. ഇതോടെയാണ് ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെന്‍ഡര്‍ റദ്ദാക്കിയതോടെ കുറഞ്ഞ നിരക്കില്‍ പുതിയ കരാറിനെക്കുറിച്ച് ചിന്തിക്കാന്‍ സമയം കിട്ടുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ നിലപാട്. മുമ്പ് 120 കോടി രൂപയ്ക്കായിരുന്നു വന്ദേഭാരത് ട്രെയിന്‍ നിര്‍മാണ കരാര്‍ നല്‍കിയിരുന്നത്.
അടുത്ത ടെന്‍ഡറിന് കൂടുതല്‍ കമ്പനികള്‍
കൂടുതല്‍ കമ്പനികള്‍ പങ്കെടുക്കുന്ന രീതിയില്‍ ടെന്‍ഡര്‍ നടപടികളില്‍ മാറ്റം കൊണ്ടുവരുമെന്ന് റെയില്‍വേയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി. റദ്ദാക്കിയ ടെന്‍ഡറില്‍ രണ്ട് കമ്പനികള്‍ മാത്രമായിരുന്നു പങ്കെടുത്തത്. കൂടുതല്‍ കമ്പനികള്‍ വരുന്നതോടെ മല്‍സരം കൂടുമെന്നും അതുവഴി കുറഞ്ഞ നിരക്കില്‍ ട്രെയിനുകള്‍ ലഭിക്കാന്‍ ഇടയാക്കുമെന്നുമാണ് റെയില്‍വേയുടെ അവകാശവാദം.
എന്തുകൊണ്ട് അലുമിനിയം ട്രെയിന്‍?
അലുമിനിയം കൊണ്ട് നിര്‍മിച്ച ട്രെയിനുകള്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീലിനേക്കാള്‍ ഭാരക്കുറവുള്ളതും ഊര്‍ജക്ഷമത കൂടിയതുമാണ്. പുതിയ ബാച്ചിലുള്ള ട്രെയിനുകള്‍ അടുത്ത വര്‍ഷം പകുതിയോടെ ട്രാക്കിലിറക്കാനാണ് റെയില്‍വേയുടെ പദ്ധതി.
Next Story
Videos