വരുന്നൂ 3,000 പുത്തന്‍ ട്രെയിനുകള്‍; 5 വര്‍ഷത്തിനകം വെയിറ്റിംഗ് ലിസ്റ്റും ഇല്ലാതാകും

വളര്‍ച്ചയുടെ പുത്തന്‍ ട്രാക്കിലേറി കുതിക്കാന്‍ വന്‍ പദ്ധതികളുമായി ഇന്ത്യന്‍ റെയില്‍വേ. വന്‍ ഹിറ്റായ വന്ദേഭാരതിന്റെ വിജയപാത പിന്തുടര്‍ന്ന് കൂടുതല്‍ ട്രെയിനുകള്‍ പുറത്തിറക്കും. മാത്രമല്ല, 4-5 വര്‍ഷത്തിനകം എല്ലായാത്രക്കാരെയും ഉള്‍ക്കൊള്ളാവുന്നവിധം സൗകര്യങ്ങള്‍ ലഭ്യമാക്കി, വെയിറ്റിംഗ് ലിസ്റ്റ് സമ്പ്രദായവും ഇല്ലാതാക്കാനുള്ള പദ്ധതികളാണ് റെയില്‍വേ ആസൂത്രണം ചെയ്യുന്നത്.

വന്ദേഭാരതും മറ്റ് ട്രെയിനുകളും അടക്കം അടുത്ത 5 വര്‍ഷത്തിനകം 3,000ലേറെ പുതിയ ട്രെയിനുകള്‍ ട്രാക്കിലേക്ക് എത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ റെയില്‍വേ കൈകാര്യം ചെയ്യുന്നത് പ്രതിവര്‍ഷം 800 കോടി യാത്രക്കാരെയാണ്. ഇത് 4-5 വര്‍ഷത്തിനകം 1,000 കോടിയിലേക്ക് ഉയര്‍ത്തുമെന്നും അതിന്റെ ഭാഗമായാണ് പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
372 കോടി നോണ്‍-എ.സി യാത്രക്കാര്‍
നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബറില്‍ 372 കോടി നോണ്‍-എ.സി യാത്രക്കാരെയാണ് റെയില്‍വേ കൈകാര്യം ചെയ്തത്. 95.3 ശതമാനമാണ് വര്‍ധന. മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 38 കോടി അധിക യാത്രികര്‍. ജനറല്‍ കോച്ചുകള്‍, സ്ലീപ്പര്‍ എന്നിവയിലെ യാത്രക്കാരുടെ കണക്കാണിത്.
മൊത്തം യാത്രക്കാരില്‍ 4.7 ശതമാനം പേരാണ് എ.സി കോച്ചുകളില്‍ സഞ്ചരിച്ചത്. ആകെ 18.2 കോടിപ്പേരാണ് എ.സി കോച്ച് യാത്രികര്‍. മുന്‍വര്‍ഷത്തേക്കാള്‍ 3.1 കോടി പേരുടെ വര്‍ധന.
5,000 കോച്ചുകള്‍
നിലവില്‍ റെയില്‍വേയുടെ പക്കല്‍ 69,000 പുതിയ കോച്ചുകളുണ്ട്. ഓരോ വര്‍ഷവും 5,000 പുതിയ കോച്ചുകളാണ് റെയില്‍വേ പുറത്തിറക്കുന്നത്.
അടുത്ത ഓരോ വര്‍ഷവും 200-250 പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കും. പുറമേ വന്ദേഭാരത് ശ്രേണിയില്‍ പുതിയ 400-450 ട്രെയിനുകളും പുറത്തിറക്കും. ഇതുവഴിയാണ് 5 വര്‍ഷത്തിനകം പുതിയ ട്രെയിനുകളുടെ എണ്ണം 3,000 കടക്കുക.
യാത്രാസമയവും കുറയ്ക്കും
ട്രെയിനുകളുടെ വേഗം കൂട്ടി യാത്രാസമയം കുറയ്ക്കുകയെന്ന ലക്ഷ്യവും റെയില്‍വേക്കുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനായി റെയില്‍വേ ശൃംഖല വ്യാപിപ്പിക്കും.
റെയില്‍പ്പാതയിലെ വളവുകള്‍ നികത്തും. ജാഗ്രതയോടെ (Cautions) സഞ്ചരിക്കേണ്ട പാതകളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ പ്രധാന റൂട്ടുകളിലേക്കും വന്ദേഭാരത് ട്രെയിനുകള്‍ അവതരിപ്പിക്കുകയും റെയില്‍വേയുടെ ലക്ഷ്യമാണ്. പല കോച്ചുകള്‍ പരസ്പരം ബന്ധിപ്പിച്ചുള്ള ട്രെയിനുകള്‍ക്ക് പകരം സംയോജിതമായ (Integrated) 22 കോച്ചുകളുള്ള ട്രെയിനുകള്‍ പണിപ്പുരയിലാണ്. ഇത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നത് ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് നിരവധി പ്രയോജനങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Related Articles
Next Story
Videos
Share it