കേരളത്തിലൂടെ 300 സ്‌പെഷ്യല്‍ ട്രെയിനുകള്‍ വരുന്നു; ഇതരസംസ്ഥാനങ്ങളില്‍ നിന്നും സര്‍വീസ്

കേരളത്തിലേക്ക് 300 പുതിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ദക്ഷിണറെയില്‍വേ. ശബരിമല സീസണോട് അനുബന്ധിച്ചാണ് റെയില്‍വേയുടെ പ്രത്യേക ക്രമീകരണം. ചെങ്ങന്നൂരില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തില്‍ ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് തപ്ലയാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളില്‍ നിന്നും കോട്ടയം, പുനലൂര്‍ വഴി സ്‌പെഷ്യല്‍ സര്‍വീസ് ഉണ്ടാകുമെന്നാണ് അറിയിപ്പ്. ശബരിമല സീസണ്‍ കേരളത്തിലോടുന്ന ട്രെയിനുകളില്‍ തിരക്കേറിയ സമയമാണ്. തീര്‍ത്ഥാടകര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും കൂടുതല്‍ സുരക്ഷിത യാത്രയൊരുക്കാന്‍ പുതിയ സര്‍വീസുകള്‍ സഹായിക്കും.

റെയില്‍വേ ഭൂമി വൃത്തിയാക്കും

കാലങ്ങളായി വൃത്തിയാക്കാതെ കിടന്നിരുന്ന റെയില്‍വേ ഭൂമിയില്‍ കൂടി കടന്നുപോകുന്ന ഓടകളും മറ്റും നഗരസഭയ്ക്ക് വൃത്തിയാക്കാനുള്ള അനുമതി യോഗത്തില്‍ ഡിവിഷനല്‍ മാനേജര്‍ നല്‍കി. യാത്രക്കാര്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും കാടുകളും റെയില്‍വേ അടിയന്തരമായി നീക്കം ചെയ്യും.
മണ്ഡലകാലത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ശൗചാലയങ്ങള്‍ തുറന്നു കൊടുക്കും. പ്രത്യേക റിസര്‍വേഷന്‍ കൗണ്ടറുകള്‍ക്ക് റെയില്‍വേ മുന്‍കൈ എടുക്കും. സ്റ്റേഷന്‍ പരിസരത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള സ്റ്റാളുകള്‍ക്ക് റെയില്‍വേ വൈദ്യുതി നല്‍കുമെന്നും ഡോ. മനീഷ് തപ്ലയാല്‍ വ്യക്തമാക്കി.
Related Articles
Next Story
Videos
Share it