Begin typing your search above and press return to search.
രാകേഷ് ജുന്‍ജുന്‍വാല ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കില്ല, കാരണമിതാണ്
ഡിജിറ്റല്‍ കറന്‍സി ബിറ്റ്‌കോയിന്‍ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍, ഏസ് നിക്ഷേപകനും ശത കോടീശ്വരനുമായ രാകേഷ് ജുന്‍ജുന്‍ വാല ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കില്ല എന്നു പറഞ്ഞു. മാത്രമല്ല, ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. 2
2021 ല്‍ മാത്രം ബിറ്റ്‌കോയിന്‍ വില 90 ശതമാനത്തിലധികം ഉയര്‍ന്നപ്പോള്‍, 60 കാരനായ ഇന്ത്യയുടെ സ്വന്തം 'വാറന്‍ ബഫെറ്റ്' ഈ വമ്പന്‍ ക്രിപ്‌റ്റോകറന്‍സി 5 ഡോളറിന് പോലും വാങ്ങിയിട്ടില്ല. 'ഇത് ഏറ്റവും ഉയര്‍ന്ന ഓര്‍ഡറിന്റെ ഊഹക്കച്ചവടമാണെന്ന് ഞാന്‍ കരുതുന്നു. ജുന്‍ജുന്‍വാല പ്രതികരിച്ചു.
ഓഹരി നിക്ഷേപത്തിലൂടെ കോടീശ്വരനായി മാറിയ സുപ്രസിദ്ധ വ്യവസായിയായ രാകേഷ് ജുന്‍ജുന്‍വാല കഴിഞ്ഞ ദിവസം നടത്തിയ ഈ പ്രതികരണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. കേന്ദ്ര ബാങ്കുകള്‍ക്ക് മാത്രമാണ് ലോകത്ത് കറന്‍സി സൃഷ്ടിക്കാന്‍ അധികാരം. നാളെ ആളുകള്‍ 5 ലക്ഷം ബിറ്റ്കോയിനുകള്‍ സൃഷ്ടിക്കുമെന്ന് കരുതുക. അങ്ങനെയെങ്കില്‍ ഏതു കറന്‍സി പുറത്തു പോകുമെന്ന് പറയാനാകുമോ? ഒരു ദിവസം തന്നെ 5 മുതല്‍ 10 ശതമാനം വരെ മൂല്യം ചാഞ്ചാടുന്ന ഒന്നിനെ കറന്‍സിയായി എങ്ങനെ പരിഗണിക്കാനാകു? ജുന്‍ജുന്‍വാല ചോദിക്കുന്നു.
ബിറ്റ്കോയിന്‍ നിരോധിച്ച് പുതിയ ഡിജിറ്റല്‍ രൂപ അവതരിപ്പിക്കാനായിരിക്കണം സര്‍ക്കാര്‍ ശ്രമിക്കേണ്ടത്' ജുന്‍ജുന്‍വാല അഭിപ്രായപ്പെട്ടു. നിലവില്‍ ലോകം കണ്ടതില്‍ വെച്ചേറ്റവും ചാഞ്ചാട്ടമുള്ള ഡിജിറ്റല്‍ കറന്‍സിയായി മാറുകയാണ് ബിറ്റ്കോയിന്‍. കഴിഞ്ഞവര്‍ഷം ആദ്യ പകുതി വരെ ബിറ്റ്കോയിന്റെ ഉയര്‍ച്ച സാവധാനമായിരുന്നു. എന്നാല്‍ ഡിസംബറോടെ 19,417 ഡോളറുണ്ടായിരുന്ന ബിറ്റ്കോയിന്‍ 50,416 ഡോളറിലെത്തി. ഫെബ്രുവരിയില്‍ ഒരു ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമെന്ന നാഴികക്കല്ലും ബിറ്റ്കോയിന്‍ പിന്നിട്ടത് കാണാം. ബിറ്റ്കോയിന്റെ അസാധാരണ വളര്‍ച്ച കണ്ടുകൊണ്ട് ടെസ്ല, മാസ്റ്റര്‍കാര്‍ഡ്, ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെലണ്‍ എന്നിവടങ്ങളില്‍ നിന്നെല്ലാം വമ്പന്‍ നിക്ഷേപമെത്തിയതും ഇതിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകര്‍ന്നു.
58,000 ഡോളര്‍ വരെ എത്തിയ ബിറ്റ്‌കോയിന്‍ ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് ക്രിപ്റ്റോ കറന്‍സിയുടെ കുതിപ്പിന് അപ്രതീക്ഷിത കടിഞ്ഞാണിട്ടു. ഇന്റര്‍നെറ്റ് ലോകത്ത് ബിറ്റ്കോയിനും മറ്റൊരു ക്രിപ്റ്റോ കറന്‍സിയായ ഈഥറിനും വില കൂടുതലെന്നാണ് മസ്‌ക് അഭിപ്രായപ്പെട്ടത്. പിന്നാലെ ബിറ്റ്കോയിന്റെ മൂല്യം 50,000 ഡോളറിലേക്ക് നിലംപതിച്ചു. ഏകദേശം 16 ശതമാനത്തോളമാണ് മസ്‌കിന്റെ ട്വീറ്റില്‍ ബിറ്റ്കോയിന് സംഭവിച്ച തകര്‍ച്ച. ഇന്ന് ബിറ്റ്കോയിന്‍ യൂണിറ്റിന് 49,000 ഡോളറാണ് വിലനിലവാരം. അതായത് ഇന്ത്യന്‍ രൂപ കൊടുത്ത് ബിറ്റ്കോയിന്‍ വാങ്ങണമെങ്കില്‍ യൂണിറ്റൊന്നിന് 35.49 ലക്ഷം രൂപ മുടക്കണം.
Next Story
Videos