റിപ്പോ നിരക്ക്: ഭവന വായ്പകളുടെ പലിശ ഭാരം കുറയില്ല; ഇ.എം.ഐ കുറയ്ക്കാനുളള മാര്‍ഗങ്ങള്‍ അറിയൂ

തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്ക് ആർ.ബി.ഐ മാറ്റമില്ലാതെ 6.5 ശതമാനത്തിൽ തന്നെ നിലനിര്‍ത്തിയതോടെ ഭവന വായ്പയുടെ പലിശ നിരക്കില്‍ മാറ്റം വരാനുളള സാധ്യതകള്‍ ഇല്ലാതായിരിക്കുകയാണ്. ഭവന വായ്പ എടുത്തവര്‍ക്ക് അടയ്ക്കേണ്ട പ്രതിമാസ തവണകളും (ഇ.എം.ഐ) പലിശ ഭാരവും മാറ്റമില്ലാതെ തുടരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഹോം ലോണുകള്‍ 8.35 ശതമാനത്തില്‍ ആരംഭിക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), ബാങ്ക് ഓഫ് ബറോഡ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ ബാങ്കുകൾ നിലവിൽ 8.35 ശതമാനം മുതല്‍ 8.75 ശതമാനം വരെ ഭവന വായ്പാ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്.
2019 ഒക്‌ടോബർ 1 മുതൽ ബാങ്കുകൾ ഫ്ലോട്ടിംഗ് റേറ്റ് റീട്ടെയിൽ ലോണുകള്‍ റിപ്പോ നിരക്ക് പോലുളള ബാഹ്യ മാനദണ്ഡവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഭവന വായ്പാ നിരക്കുകൾ 2023 ലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോള്‍ താരതമ്യേന കുറവാണ് എന്നു പറയാം. 2023 ല്‍ വായ്പാ നിരക്ക് 9 ശതമാനം വരെ എത്തിയിരുന്നു.
നിലവില്‍ ഹോം ലോണ്‍ എടുക്കുന്നവര്‍ക്ക് കുറച്ച് മാസങ്ങൾ കൂടി പലിശ നിരക്ക് കഠിനമായി തുടരും. ഇതു രണ്ട് പാദങ്ങളില്‍ കൂടുതലാകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനുശേഷം റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് ആവശ്യമായ പണപ്പെരുപ്പം നിയന്ത്രണ വിധേയമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
പ്രതിമാസ തവണകള്‍ കുറയ്ക്കാനുളള മാര്‍ഗങ്ങള്‍
8.5 ശതമാനം മുതൽ ഒട്ടേറെ ബാങ്കുകൾ ഭവനവായ്പ വാഗ്ദാനം ചെയ്യുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ വായ്പ നല്‍കുന്ന ബാങ്കിനെ മാറാനുള്ള അവസരങ്ങളും ഉപഭോക്താവിനുണ്ട്.
പൊതുമേഖലാ ബാങ്കുകളിൽ വായ്പയെടുക്കുന്നവർക്ക് ഇ.എം.ഐ അല്‍പ്പം കൂടാനുളള സാധ്യതയുണ്ട്. കാരണം ഇത്തരം ബാങ്കുകളില്‍ വലിയൊരു ശതമാനം ലോണുകളും പഴയ മാനദണ്ഡങ്ങളായ എം.സി.എൽ.ആർ (marginal cost of funds-based lending rate), ബേസ് റേറ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്. റിപ്പോ ബെഞ്ച്മാർക്കായി പരിഗണിക്കുന്ന വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരം ബാങ്കുകളില്‍ പലിശ നിരക്ക് നേരിയ തോതിൽ ഉയർന്നേക്കാം.
സ്വന്തം ബാങ്കിൽ റീഫിനാൻസ് ചെയ്യാന്‍ സാധിച്ചാല്‍ വളരേ നല്ലതാണ്. ഈ പ്രക്രിയ ലളിതവും ചെലവ് കുറഞ്ഞതുമാണ്. അതേസമയം വായ്പയെടുക്കുന്നവർക്ക് ലക്ഷങ്ങൾ ലാഭിക്കാനും സാധിക്കും. വായ്പകൾ കുറഞ്ഞ കാലത്തേക്കും കുറഞ്ഞ നിരക്കിലേക്കും റീഫിനാൻസ് ചെയ്യുന്നത് പലിശ ചെലവ് ലാഭിക്കുന്നതിന് സഹായിക്കുന്നതാണ്.
നിങ്ങളുടെ സമ്പാദ്യത്തിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും വായ്പയുടെ ഒരു ഭാഗം മുൻകൂറായി പേയ്‌മെന്റ് നടത്തുന്നത് ഉപഭോക്താവിന് പരിഗണിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ പലിശ പേഔട്ട് ദീർഘകാലത്തേക്ക് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ വാർഷിക ബോണസിന്റെ ഒരു ഭാഗം എല്ലാ വർഷവും ഹൗസിംഗ് ലോൺ മുൻകൂറായി അടയ്‌ക്കുന്നതിന് മാറ്റിവെക്കുന്നത് നല്ല ഒരു നടപടിയാണ്.
Related Articles
Next Story
Videos
Share it