വ്യക്തിഗത വായ്പകള്‍ ഇനി തോന്നിയപോലെ പറ്റില്ല: കടക്കെണി ഒഴിവാക്കാന്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം

വ്യക്തിഗത വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. ഒരുതരത്തിലും ഉള്ള ഈടോ ഗ്യാരന്റിയോ നല്‍കാതെ ലഭിക്കുന്ന വായ്പകളില്‍ പിടിമുറുക്കാനാണ് ആര്‍.ബി.ഐയുടെ നീക്കം. കുടുംബങ്ങളില്‍ കടം പെരുകുന്നതിനൊപ്പം തിരിച്ചടവ് ഉറപ്പില്ലാത്ത വായ്പകള്‍ ബാങ്കുകള്‍ക്ക് ഭീഷണിയാകുന്നതും പരിഗണിച്ചാണ് ഇത്തരത്തിലൊരു തയാറെടുപ്പ്.
കഴിഞ്ഞ നവംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം വായ്പകള്‍ക്ക് ആര്‍.ബി.ഐ നിയന്ത്രണം കൊണ്ടുവന്നിരുന്നു. അന്നത്തെ നീക്കം ഫലം കണ്ടുവെന്ന വിശ്വാസത്തിലാണ് കൂടുതല്‍ നിയന്ത്രണത്തിനായി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാനങ്ങള്‍ക്കും
ബാങ്കുകള്‍ക്ക് മാത്രമാകില്ല നിയന്ത്രണം. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ വായ്പകളും നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്. എളുപ്പത്തില്‍ വായ്പ കിട്ടിത്തുടങ്ങിയതോടെ ആളുകള്‍ കടക്കെണിയില്‍ പെടുന്നതായും ഇതിന്റെ പ്രത്യാഘാതം ആത്മഹത്യകളിലേക്ക് വരെ നയിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അനാവശ്യ വായ്പകളെ പ്രോത്സാഹിപ്പിക്കുന്നത് കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് തുരങ്കംവയ്ക്കുമെന്ന് സാമ്പത്തികവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയന്ത്രണം വന്നാല്‍ പേഴ്‌സണല്‍ ലോണ്‍ ലഭിക്കാനുള്ള സാധ്യത കുറയും. യാതൊരുവിധ ഈടോ ഗ്യാരന്റിയോ നല്‍കാതെ ലഭിക്കുന്ന വായ്പകളാണ് സുരക്ഷിതമല്ലാത്ത ലോണുകള്‍.
ഇത്തരം വായ്പകള്‍ മുടക്കംവന്നാല്‍ തിരിച്ചു പിടിക്കുക ബാങ്കുകള്‍ക്കും എളുപ്പമല്ല. തവണകള്‍ മുടങ്ങുന്നതോടെ പലിശയും കൂട്ടുപലിശയും കൂടി ചേര്‍ന്ന് വലിയ ബാധ്യത വായ്പ എടുക്കുന്നവരിലേക്ക് എത്തും. അതേസമയം, വ്യക്തിഗത വായ്പകളില്‍ ഈ സാമ്പത്തികവര്‍ഷം 6 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷം ഇത്തരം വായ്പകളുടെ വളര്‍ച്ച മുന്‍വര്‍ഷം 25.7 ശതമാനമായിരുന്നു. ഇത്തവണ അത് 19.2 ശതമാനത്തിലേക്ക് കുറഞ്ഞു.
Related Articles
Next Story
Videos
Share it