വൈദ്യുതി കണക്ഷന്‍ എടുക്കുമ്പോള്‍ പോസ്റ്റ് വേണ്ടാത്തവര്‍ക്ക് ചെലവ് കൂടും; സപ്ലൈകോഡിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പുതിയതായി വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന് പോസ്റ്റ് വേണ്ടാത്തവര്‍ക്കും വേണ്ടവര്‍ക്കും ഒരേ നിരക്ക് ഈടാക്കുന്ന തരത്തില്‍ സപ്ലൈകോഡില്‍ ഭേദഗതി വരുത്തി. പോസ്റ്റ്, വയര്‍ തുടങ്ങിയ കണക്ഷനു വേണ്ട സാധനങ്ങളുടെ അടിസ്ഥാനത്തില്‍ ഫീസ് ഈടാക്കിയിരുന്ന രീതിക്ക് ഇതോടെ മാറ്റം വരികയാണ്. പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ് വേണ്ടാത്തവര്‍ക്ക് ചെലവ് കൂടും എന്നാണ് കണക്കാക്കുന്നത്.

കിലോ വാട്ട് നിരക്കില്‍ വ്യക്തതയില്ല

കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തില്‍ കണക്ഷനുളള ഫീസ് ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ് ഭേദഗതി ചെയ്തു. ഇതനുസരിച്ച് പോസ്റ്റ് വേണ്ടവര്‍ക്ക് നിലവില്‍ നല്‍‌കുന്ന തുകയേക്കാള്‍ കുറഞ്ഞ തുക നല്‍കിയാല്‍ മതിയാകും.
പോസ്റ്റ് വേണ്ടാത്ത സിംഗിള്‍ ഫേസ് കണക്ഷനുകള്‍ക്ക് 1800 രൂപയാണ് നല്‍കേണ്ടിയിരുന്നത്. ത്രീഫെയ്സ് കണക്ഷന് 4600 രൂപയാണ് ഫീസ് നിശ്ചയിച്ചിരുന്നത്. പോസ്റ്റുകള്‍ കൂടുതല്‍ വേണ്ട കണക്ഷന് ഓരോ പോസ്റ്റിനും 10,000 രൂപ വീതം ചെലവ് ഈടാക്കിയിരുന്നു. പുതിയ ചട്ടങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ് വേണ്ടാത്തവര്‍ നല്‍കുന്ന തുകയുടെ ഏകദേശം സമാനമായിരിക്കും.
അതേസമയം കിലോ വാട്ടിന് എത്ര രൂപ നിരക്കിലാണ് ഈടാക്കുക എന്നത് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തത വരുത്തിയിട്ടില്ല. കെ.എസ്.ഇ.ബി നേരത്തേ നടത്തിയ പഠനത്തില്‍ കിലോ വാട്ടിന് 1200 രൂപയാകുമെന്നാണ് വിലയിരുത്തിയിരുന്നത്.
ഓണ്‍ലൈനായി കണക്ഷന് അപേക്ഷ നല്‍കാം
പുതിയ കണക്ഷന്‍ ആവശ്യമുളളത് 200 മീറ്റര്‍ ദൂരപരിധിക്ക് മുകളിലാണെങ്കില്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ യഥാര്‍ത്ഥ വില അനുസരിച്ച് ചെലവ് ഈടാക്കും. കേന്ദ്ര സര്‍ക്കാര്‍ 2020 ല്‍ പ്രസിദ്ധീകരിച്ച ഇലക്ട്രിസിറ്റി (റൈറ്റ്‌സ് ഓഫ് കണ്‍സ്യൂമേഴ്‌സ്) റൂള്‍സിന്‌റെ അടിസ്ഥാനത്തിലാണ് സപ്ലൈകോഡില്‍ ഭേദഗതികള്‍ വരുത്തിയിട്ടുളളത്. പുതിയ കണക്ഷന് അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകവും ദുര്‍ഘടപ്രദേശങ്ങളില്‍ ഒരു മാസത്തിനകവും വൈദ്യുതി കണക്ഷന്‍ നല്‍കണമെന്ന നിര്‍ദേശവും സപ്ലൈകോഡില്‍ ഉള്‍പ്പെടുത്തി. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി കണക്ഷന് അപേക്ഷ നല്‍കുന്നതിനുളള നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്.
അപേക്ഷയില്‍ ആവശ്യമായ കണക്റ്റഡ് ലോഡ്/ ഡിമാന്റ് ലോഡ് എന്നിവയില്‍ നല്‍കേണ്ട ഫീസ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് തന്നെ ഉപഭോക്താവിന് അറിയാനും കഴിയും. ഇനി മുതല്‍ ഉപഭോക്താവിന് പുതിയ സര്‍വീസ് കണക്ഷന്‍, റീകണക്ഷന്‍, നിലവിലെ വൈദ്യുതി കണക്ഷന്റെ പരിഷ്‌ക്കരണം, താരിഫ് മാറ്റം, കണക്റ്റഡ് ലോഡ്/ കോണ്‍ട്രാക്റ്റ് ഡിമാന്റ് എന്നീ സേവനങ്ങള്‍ ഓണ്‍ലൈനായി തന്നെ ചെയ്യാവുന്നതാണ്. നടപടിക്രമങ്ങളില്‍ എന്തെങ്കിലും തടസ്സങ്ങള്‍ നേരിട്ടാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനെയും കണ്‍സ്യൂമറെയും അറിയിക്കുന്നതിനുള്ള വ്യവസ്ഥകളും സപ്ലൈകോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം
ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാനായി അഞ്ചു കുതിരശക്തി വരെയുള്ള മോട്ടോര്‍ അല്ലെങ്കില്‍ നാല് കിലോവാട്ട് വരെ കണക്റ്റഡ് ലോഡ് ഉള്ള സംരംഭങ്ങള്‍ക്ക് പുതിയ കണക്ഷന്‍ എടുക്കേണ്ടതില്ല എന്ന ഭേദഗതിയും വരുത്തിയിട്ടുണ്ട്. വാടകയ്ക്ക് വീട് എടുക്കുമ്പോള്‍ കെ.എസ്.ഇ.ബിക്ക് നല്‍കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയ അക്കൗണ്ടിലേക്ക് പോകുന്നതാണ്. വീട് ഒഴിയുമ്പോള്‍ ഇത് വാടകക്കാരന് തിരിച്ചു കിട്ടും.

Related Articles

Next Story

Videos

Share it