Begin typing your search above and press return to search.
ഇനി രണ്ടുപേര്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യു.പി.ഐ പേയ്മെന്റുകള്‍ നടത്താം; ഇതോടെ കുട്ടികള്‍ക്കും യു.പി.ഐ ഉപയോഗിക്കാം
യു.പി.ഐ പേയ്‌മെന്റുകള്‍ക്ക് ഒരാള്‍ക്ക് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടും ഇനി ഉപയോഗിക്കാം. ഇതിനു അനുവദിക്കുന്ന ഡെലിഗേറ്റഡ് പേയ്‌മെന്റ് സൗകര്യം അവതരിപ്പിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ള സാഹചര്യത്തില്‍ കുടുംബത്തിലെ മറ്റുളളവര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും ഈ സൗകര്യം. ഒരാള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് അക്കൗണ്ട് ഉടമ നിശ്ചയിക്കുന്ന പരിധി വരെ യു.പി.ഐ പണമിടപാടുകള്‍ നടത്താന്‍ മറ്റൊരു വ്യക്തിയെ ചുമതലപ്പെടുത്താന്‍ അനുവദിക്കുന്ന സംവിധാനത്തെയാണ് ഡെലിഗേറ്റഡ് പേയ്‌മെന്റ് എന്നു പറയുന്നത്.
ഒരേ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് പേര്‍ക്ക് പണമിടപാട് നടത്താന്‍ അനുവദിക്കുന്ന സൗകര്യം ഡിജിറ്റല്‍ പേയ്മെന്റിന്റെ ഉപയോഗം കൂടുതല്‍ ജനകീയമാക്കാന്‍ സഹായിക്കുന്നതാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.
പ്രായപൂർത്തിയാകാത്തവർക്കും യു.പി.ഐ ഇനി ഉപയോഗിക്കാം
ഇതുവരെ ഉപയോക്താവിന് സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം മാത്രമാണ് യു.പി.ഐ ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നത്. സ്വന്തമായി അക്കൗണ്ടില്ലാത്തയാള്‍ക്കും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ഉപയോഗിക്കാന്‍ സാധിക്കുന്ന സാഹചര്യം ഇതോടെ നിലവില്‍ വരികയാണ്.
ഒരു വ്യക്തിയ്ക്ക് (പ്രാഥമിക ഉപയോക്താവിനെ) മറ്റൊരു വ്യക്തിയെ (ദ്വിതീയ ഉപയോക്താവിനെ) പ്രാഥമിക ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് UPI ഇടപാടുകൾ നടത്താൻ അനുവദിക്കുന്ന സംവിധാനമാണ് ഡെലിഗേറ്റഡ് പേയ്‌മെന്റ്. പ്രൈമറി അക്കൗണ്ട് ഉടമയെ (രക്ഷിതാവിനെ) അംഗീകൃത അധികാരിയാക്കാനാണ് ഈ സംവിധാനത്തിലൂടെ ശ്രമിക്കുന്നത്. ഇതിലൂടെ പ്രായപൂർത്തിയാകാത്തവർക്കും യു.പി.ഐ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. കുടുംബ അക്കൗണ്ട് വഴിയുള്ള കുട്ടികളുടെ ഇടപാടിന് ഇനി രക്ഷിതാക്കൾ അനുമതി നൽകിയാൽ മതിയാകും.
സൗകര്യം സേവിംഗ്സ് അക്കൗണ്ട് വഴി മാത്രം
പ്രായപൂർത്തിയാകാത്തവരെ അവരുടെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ അംഗീകൃത ഉപയോക്താക്കളായി ചേർക്കാനും ഡെബിറ്റ് കാർഡ് നൽകാനും കഴിയുന്നതിന് സമാനമായ സംവിധാനമാണിത്. ഈ സാഹചര്യത്തിൽ, പ്രായപൂർത്തിയാകാത്തവരെയോ ബാങ്ക് അക്കൗണ്ടില്ലാത്ത വ്യക്തിയെയോ യു.പി.ഐ ആപ്പിലെ 'കുടുംബ അക്കൗണ്ടിലേക്ക്' ചേർക്കാനും സാധിക്കും.
ഈ ഇടപാടുകൾ ഒരു സേവിംഗ്സ് അക്കൗണ്ട് വഴി മാത്രമേ സാധിക്കൂ എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. യു.പി.ഐയിലെ ക്രെഡിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് ലൈൻ വഴി ഡെലിഗേറ്റഡ് പേയ്‌മെന്റ് സൗകര്യം അനുവദനീയമല്ല.
യു.പി.ഐ വഴിയുള്ള നികുതി പേയ്‌മെന്റുകളുടെ പരിധി 5 ലക്ഷമാക്കി
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള നികുതി പേയ്‌മെന്റുകളുടെ പരിധിയും ആർ.ബി.ഐ വർധിപ്പിച്ചിട്ടുണ്ട്. ഇതിന് മുമ്പ് ഇടപാട് പരിധി ഒരു ലക്ഷം രൂപയായിരുന്നു. ഈ പരിധി 5 ലക്ഷമാക്കിയാണ് വര്‍ധിപ്പിച്ചത്.
വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലെ പരിധി നേരത്തേ തന്നെ അഞ്ച് ലക്ഷമാക്കിയിരുന്നു. നെഫ്റ്റ് (NEFT) വഴി പണമിടപാട് നടത്തുമ്പോള്‍ ഉപയോക്താവ് അക്കൗണ്ട് നമ്പറുകൾ നൽകേണ്ടത് ആവശ്യമാണ്. മാത്രവുമല്ല ഇടപാടിന്റെ വേഗത യു.പി.ഐ ഉപയോഗിക്കുമ്പോള്‍ വർധിക്കുകയും ചെയ്യുന്നു.
Next Story