രാജ്യത്ത് പുതുതായി 62,224 രോഗബാധിതര്‍, 2542 മരണം

24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത് 62,224 പേര്‍ക്ക്. 2,542 മരണങ്ങളും കോവിഡിനെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. പ്രതിദിന കേസുകള്‍ കുറഞ്ഞതോടെ 70 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം ഒന്‍പത് ലക്ഷത്തില്‍ താഴെയെത്തി. ഇതോടെ 2,96,33,105 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെയായി കോവിഡ് കണ്ടെത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത് 3,79,573 പേര്‍ക്കാണ്.

ഇതുവരെയായി രോഗം ബാധിച്ചവരില്‍ 2.92 ശതമാനം (8,65,432 രോഗികള്‍) പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 95.80 ശതമാനമായും ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.22 ശതമാനമാണ്.
അതേസമയം ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലെത്തിയ നോവാവാക്‌സിന്‍ സെപ്റ്റംബറോടെ വിതരണത്തിന് ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല അറിയിച്ചു. ഒരു ചാനല്‍ ചര്‍ച്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ നോവാവാക്സിന്റെ കൊറോണ വൈറസ് വാക്സിന്‍ പരീക്ഷണം നവംബറോടെ അവസാനിക്കും. ഇതിന് മുമ്പായി അനുമതി തേടാവുന്നതാണ്. നോവാവാക്‌സിന്‍ കോവിഡ് വകഭേദങ്ങള്‍ക്കെതിരേ 90.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it