പ്രവാസി മലയാളികള്‍ക്ക് ആശ്വാസം, സൗദിയില്‍ ഈ വര്‍ഷം ശമ്പള വര്‍ധന

ലോകത്തെ പല രാജ്യങ്ങളിലും കോവിഡ് മഹാമാരി ബിസിനസ് മേഖലയിൽ വരുത്തിയ ആഘാതത്തെത്തുടർന്ന് വൻതോതിൽ തൊഴിൽ നഷ്ടവും വേതനം വെട്ടിക്കുറയ്ക്കലും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ സൗദിയിൽ നിന്ന് ആശ്വാസത്തിന്റെ വാർത്ത. സൗദിയിലെ തൊഴിൽ ദായകരിൽ പകുതിയും ഈ വര്‍ഷം ശമ്പള വർദ്ധന ആലോചിക്കുന്നു എന്ന വാർത്ത പ്രവാസി മലയാളികളെ സംബന്ധിച്ചേടത്തോളം മനസ്സിൽ കുളിർമഴ പെയ്യിക്കുന്നതാണ്.

ഹെയ്‌സ് നടത്തിയ സർവ്വേയിൽ പങ്കെടുത്ത 53 ശതമാനം തൊഴിൽ ദായകരും ശമ്പള വർദ്ധനയെപ്പറ്റി വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്നു.
കോവിഡാനന്തര കാലത്തെപ്പറ്റി ശുഭാപ്തി വിശ്വാസം വച്ചുപുലർത്തുന്നവരാണ് സർവ്വേയിൽ പങ്കെടുത്ത 56 ശതമാനം ജീവനക്കാരും.
കോവിഡ് സൗദിയിലെ തൊഴിൽ മേഖലയെയും സാരമായി ബാധിച്ചിരുന്നു. ധാരാളം പേർക്ക് ജോലി നഷ്ടപ്പെടുകയോ പലരുടെയും വേതനം പകുതിയായി വെട്ടിച്ചുരുക്കപ്പെടുകയോ ചെയ്തിരുന്നു. ലോക്ക് ഡൌൺ കാലം ഉത്പാദനത്തെ ബാധിച്ചപ്പോൾ പല കമ്പനികൾക്കും ചിലവ് കുറയ്ക്കലിന്റെ ഭാഗമായി ജോലിക്കാരെ വെട്ടിക്കുറക്കേണ്ടി വന്നു പിടിച്ചു നിൽക്കാൻ.
മറ്റു പല രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി സൗദിയിൽ 2020 ലും ചെറിയതോതിൽ ശമ്പള വർധന നടപ്പാക്കിയിരുന്നു. ശമ്പളം കുറയ്ക്കലും ജീവനക്കാരെ വെട്ടിക്കുറയ്ക്കലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു സൗദിയിൽ. സൗദിയേക്കാൾ കൂടുതൽ ഇതിനിരയായത് യു എ ഇ യിലെ പ്രൊഫഷണലുകൾ ആയിരുന്നു, ഏതാണ്ട് ഇരട്ടി പേർ. യു എ ഇ യിലെ പകുതിയിലധികം കമ്പനികൾക്കും സ്റ്റാഫ് കുറയ്‌ക്കേണ്ടി വന്നിരുന്നു. എന്നാൽ സൗദിയിലെ 68 ശതമാനം കമ്പനികൾക്കും ഇത് വേണ്ടി വന്നില്ല.
സർവേയിൽ പങ്കെടുത്ത 81 ശതമാനം കമ്പനികളും തിരിച്ചു വരവിന്റെ പാതയിൽ ആണെന്നാണ് റിപ്പോർട്ട്. ഇതിൽ 62 ശതമാനം പേർ 2021 ൽ ബിസിനസ് പച്ചപിടിക്കും എന്ന ആത്മവിശ്വാസം വച്ചുപുലർത്തുന്നു. കൂടാതെ 71 ശതമാനം പേർ അടുത്ത വര്‍ഷം പുതിയതായി ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിടുന്നു.
സൗദിയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളിൽ 44 ശതമാനം പേർ വരുന്ന 12 മാസത്തിനുള്ളിൽ ജോലി മാറാൻ ആലോചിക്കുന്നു എന്നുകൂടി സർവ്വേ കണ്ടെത്തിയിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച് വിദേശികൾക്ക് ജോലി മാറാൻ തൊഴിൽദായകരുടെ അനുമതി വേണ്ട.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it