ദാസിന്റെ വഴിയല്ല മല്‍ഹോത്രയ്ക്ക് നടന്നു തീര്‍ക്കാനുള്ളത്; വെല്ലുവിളികളേറെ, അവസരങ്ങളും!

തന്റെ മുന്‍ഗാമിയായ ഉര്‍ജിത് പട്ടേല്‍ കേന്ദ്രസര്‍ക്കാരുമായി പിണങ്ങി പടിയിറങ്ങിയപ്പോഴാണ് ശക്തികാന്ത് ദാസ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തേക്ക് എത്തുന്നത്. ഇക്കണോമിക്‌സ് പഠിക്കാത്ത ആര്‍.ബി.ഐ ഗവര്‍ണറോ എന്നു നെറ്റിചുളിച്ചവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി പിടിച്ചാണ് ദാസ് പടിയിറങ്ങുന്നത്. കോവിഡ് മഹാമാരിയില്‍ ലോക സമ്പദ്‌വ്യവസ്ഥയാകെ ആടിയുലഞ്ഞപ്പോഴും ഇന്ത്യയെ കാത്തുസംരക്ഷിക്കാന്‍ ദാസിന്റെ നേതൃത്വത്തിനായി.

ഒരു വശത്ത് തന്റേതായ തീരുമാനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടു പോയപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്രസര്‍ക്കാരിനോ കാര്യമായ അപ്രീതി ദാസിനെതിരേ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ ബാറ്റണ്‍ ശക്തികാന്ത ദാസില്‍ നിന്ന് സഞ്ജയ് മല്‍ഹോത്രയിലേക്ക് എത്തിയിരിക്കുന്നു. സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യ സൂചനകളും ക്രിയാത്മകമായ പരിഷ്‌കാരങ്ങളും ഉള്‍പ്പെടെ വലിയ വെല്ലുവിളികളാണ് മല്‍ഹോത്രയ്ക്ക് മുന്നിലുള്ളത്.

പിടിച്ചുകെട്ടണം പണപ്പെരുപ്പം

വിലക്കയറ്റത്തെ നിയന്ത്രിക്കുകയെന്നത് വലിയ ശ്രമകരമായ ജോലിയാണ് ഇന്ത്യയില്‍. മല്‍ഹോത്രയുടെ ആദ്യ ശ്രദ്ധ പതിഞ്ഞേക്കാവുന്ന വിഷയവും ഇതായിരിക്കും. ജി.ഡി.പി വളര്‍ച്ച സെപ്റ്റംബര്‍ പാദത്തില്‍ താഴേക്ക് പോയതും നാണയപ്പെരുപ്പം 6.21 ശതമാനം ഉയര്‍ന്നതും റിസര്‍വ് ബാങ്കിനെ വിഷമിപ്പിക്കുന്നുണ്ട്. സാമ്പത്തിക ക്രയവിക്രയം കൂടുതല്‍ സക്രിയമാക്കാന്‍ ചടുലമായ നീക്കങ്ങളാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ മല്‍ഹോത്രയ്ക്ക് ചുമതയേല്‍ക്കുന്ന ദിവസം മുതല്‍ തന്നെ നന്നായി പണിയെടുക്കേണ്ടി വരും.

ശക്തികാന്ത ദാസിന് മൂന്നാമൂഴം നല്‍കിയേക്കുമെന്ന സൂചനകളായിരുന്നു നവംബര്‍ അവസാന വാരം വരെ ഡല്‍ഹിയില്‍ നിന്ന് കേട്ടത്. എന്നാല്‍ അതുണ്ടാകാത്തതിന് കാരണം ധനമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും ആവശ്യങ്ങള്‍ക്ക് ദാസ് ചെവികൊടുത്തില്ലെന്നതാണെന്നും കേള്‍ക്കുന്നു. പലിശനിരക്ക് കുറച്ച് വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കണമെന്ന് നിര്‍മല സീതാരാമനും പീയുഷ് ഗോയലും അടിക്കടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദാസ് കുലുങ്ങിയില്ല. ധന അവലോകന യോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാതെയാണ് ദാസ് അവസാന യോഗം പൂര്‍ത്തിയാക്കിയത്.

മല്‍ഹോത്രയ്ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി സര്‍ക്കാരിന്റെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കണമെന്നതാകും. നയപരമായി പ്രശ്‌നങ്ങളെ നേരിടുന്നതാണ് മല്‍ഹോത്രയുടെ രീതി. ധനമന്ത്രിയുമായുള്ള ബന്ധം വഷളാക്കുന്ന തരത്തിലുള്ള നീക്കങ്ങളൊന്നും അദ്ദേഹത്തില്‍ നിന്ന് തുടക്കത്തിലേ ഉണ്ടാകാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം അടുത്ത അവലോകന യോഗത്തില്‍ ഉണ്ടായേക്കും.

സാമ്പത്തിക അച്ചടക്കം

മുന്‍ഗാമിയായ ശക്തികാന്ത ദാസ് സാമ്പത്തിക അച്ചടക്കത്തില്‍ വിശ്വസിച്ചിരുന്നുവെന്ന് മാത്രമല്ല അതിനായി പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. കോവിഡ് മഹാമാരി അടക്കം അനവധി പ്രതിസന്ധികളെ നേരിടേണ്ടി വന്നപ്പോഴെല്ലാം ദാസ് അച്ചടക്കത്തില്‍ മുറുകെപിടിച്ചു. വളര്‍ച്ച ധ്വരിതപ്പെടുത്താനുള്ള വ്യഗ്രതയില്‍ കൈവിട്ട കളിക്ക് ദാസ് മുതിര്‍ന്നില്ല. റവന്യു സെക്രട്ടറിയെന്ന നിലയില്‍ രാജ്യത്തിന്റെ നികുതി കാര്യക്ഷമത മെച്ചപ്പെടുത്തുന്നതില്‍ മല്‍ഹോത്ര വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ വലിയ ഭാരം അദ്ദേഹത്തിനു മേല്‍ ഉണ്ടാകും. ദാസിന്റെ കാലത്ത് കേന്ദ്രബാങ്കില്‍ നിന്നും സര്‍ക്കാരിന് റെക്കോഡ് ലാഭവിഹിതം കൈമാറിയിരുന്നു. ഇതേ വഴിയെ മല്‍ഹോത്രയും നടക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇത് ഒരുതരത്തില്‍ മല്‍ഹോത്രയില്‍ അധികസമ്മര്‍ദ്ദം സൃഷ്ടിക്കപ്പെടാനും ഇടയുണ്ട്.

ബാങ്കിംഗ് പരിഷ്‌കരണവും ക്രിപ്‌റ്റോയും

ബാങ്കിംഗ് രംഗത്ത് സമൂലമായ മാറ്റങ്ങള്‍ കൈവന്ന കാലമായിരുന്നു ദാസിന്റേത്. മോദി ആഗ്രഹിച്ചത് പോലെ ഡിജിറ്റല്‍ കാലത്തിന് അനുയോജ്യമായ രീതിയില്‍ ബാങ്കിംഗ് രീതികളെ മാറ്റാന്‍ അദ്ദേഹത്തിനായി. ഇതിന്റെ തുടര്‍ച്ചയാകും മല്‍ഹോത്രയ്ക്കു മുന്നിലുള്ള വെല്ലുവിളി. ഇ-റുപ്പി ഡിജിറ്റല്‍ കറന്‍സി കൂടുതല്‍ വിപുലമാക്കുകയെന്ന ലക്ഷ്യവും നിയുക്ത ഗവര്‍ണര്‍ക്കു മുന്നിലുണ്ട്.

ദാസിന്റെ അവസാന കാലത്ത് വ്യക്തിഗത വായ്പകള്‍ വാരിക്കോരി കൊടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശ്രമം തുടങ്ങിയിരുന്നു. കുടുംബങ്ങള്‍ കൂടുതല്‍ കടത്തിലേക്ക് പോകുന്നത് രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ ബാധിക്കുമെന്ന തിരിച്ചറിവിലായിരുന്നു ഇത്. ദാസ് തുടങ്ങിവച്ച ഈ ദൗത്യം പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വം മല്‍ഹോത്രയ്ക്കുണ്ട്. ക്രിപ്‌റ്റോ കറന്‍സികളുടെ വര്‍ധിച്ചുവരുന്ന സ്വാധീനം ഏതുരീതിയില്‍ മല്‍ഹോത്ര കൈകാര്യം ചെയ്യുമെന്നതും കണ്ടറിയേണ്ടതാണ്. ചുരുക്കത്തില്‍ അവസരങ്ങള്‍ക്കൊപ്പം വെല്ലുവിളികള്‍ നിറഞ്ഞതാകും പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ മൂന്നുവര്‍ഷങ്ങള്‍.
Related Articles
Next Story
Videos
Share it