ആപ്‌ടെക്കിലെ ഓഹരിയിടപാട്: ജുന്‍ജുന്‍വാലയ്ക്ക് സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

രാകേഷ് ജുന്‍ജുന്‍വാലയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ഐടി വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ആപ്‌ടെക്കിന്റെ ഓഹരികളില്‍ ആഭ്യന്തര വ്യാപാരം നടത്തിയെന്ന ആരോപണവുമായി രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജുന്‍ജുന്‍വാലയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിടാനാണ് സെബി പദ്ധതിയിടുന്നതെന്ന് നോട്ടീസില്‍ പറയുന്നു.

ഇന്ത്യന്‍ ഓഹരിവിപണിയിലെ വാറന്‍ ബഫെറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജുന്‍ജുന്‍വാലയുടെ നിക്ഷേപക പോര്‍ട്ട്‌ഫോളിയോയില്‍ അദ്ദേഹത്തിന് മാനേജ്‌മെന്റ് നിയന്ത്രണമുള്ള ഏക കമ്പനിയാണ് ആപ്‌ടെക്.ഈ വര്‍ഷം ജനുവരിയില്‍ ആപ്‌ടെക്കിന്റെ ഓഹരികളില്‍ ആഭ്യന്തര വ്യാപാരം നടത്തിയെന്നാരോപിച്ച് മാര്‍ക്കറ്റ് റെഗുലേറ്റര്‍ ജുന്‍ജുന്‍വാലയ്ക്ക് എതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ജുന്‍ജുന്‍വാലയെ കൂടാതെ സഹോദരന്‍ രാജേഷ്, ഭാര്യ രേഖ, സഹോദരി സുധ, ഭാര്യാമാതാവാ സുശിലാദേവി ഗുപ്ത എന്നിവരെയും സെബി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്.2016 മെയ് മുതല്‍ 2016 ഒക്ടോബര്‍ വരെയുള്ള വ്യാപാരമാണ് സെബി അന്വേഷിക്കുന്നത്.

ജുന്‍ജുന്‍വാലയ്ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ആപ്‌ടെക്കിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും വിപുലീകരണ പദ്ധതികളെക്കുറിച്ചും വിവരങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സെബി അറിയിപ്പില്‍ പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യാപാരം നടന്നിട്ടുള്ളതെന്നാണ് കണ്ടെത്തല്‍.ജുന്‍ജുന്‍വാലയുടെ അസറ്റ് മാനേജുമെന്റ് കമ്പനിയായ അപൂര്‍വ എന്റര്‍പ്രൈസസ് സിഇഒയും ആപ്‌ടെക് ഡയറക്ടറുമായ ഉത്തപാല്‍ ഷെത്തിന്റെ സഹോദരിയായ ഉസ്മ ഷെത്ത് സുലെയെ സെബി വിളിച്ചുവരുത്തിയിരുന്നു. നിക്ഷേപകനായ രമേശ് എസ് ദമാനി, ഡയറക്ടര്‍ മധു ജയകുമാര്‍ എന്നിവരടക്കം മറ്റ് ബോര്‍ഡ് അംഗങ്ങളുടെ പങ്കിനെക്കുറിച്ചും സെബി അന്വേഷിച്ചുവരികയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it