കോവിഡ് കാലത്ത് ഫാർമസ്യൂട്ടിക്കൽ, ആരോഗ്യ പരിരക്ഷാ മേഖലയിൽ ഏഴ് പുതിയ ശതകോടീശ്വരന്മാർ

കോവിഡ് മഹാമാരി രോഗികളെ മാത്രമല്ല സൃഷ്ടിക്കുന്നത്, പുതിയ ശതകോടീശ്വരന്മാരെയും വളർത്തിയെടുക്കുന്നു. ഫാർമ, ഹെൽത്ത് കെയർ മേഖലയിലാണ് ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ ഉയർന്നുവരുന്നത്. കഴിഞ്ഞ വര്‍ഷം ഈ മേഖലയിൽ പുതുതായി ഏഴ് ശതകോടീശ്വരൻ ഉണ്ടായി.

കഴിഞ്ഞ വർഷം ഇന്ത്യയിൽ പുതുതായി ഉണ്ടായ ശതകോടീശ്വരന്മാരിൽ പകുതിയിലധികം ഈ മേഖലയിലാണെന്നറിയുമ്പോൾ ഈ വളർച്ചയ്ക്ക് നന്ദി പറയേണ്ടത് കോവിഡിനോട് തന്നെ. 2020 ൽ പുതുതായി 13 പേർ വിവിധ മേഖലകളിൽ നിന്ന് അതിസമ്പന്നരുടെ ക്ലബിലേക്ക് പ്രവേശിച്ചു. അതിൽ ഏഴ് പേർ ഫാർമ, ഹെൽത്ത് കെയർ മേഖലയിൽ നിന്ന്. മാർക്കറ്റിലെ ഇടിവ് കാരണം മറ്റു മേഖലകളിലുള്ള അഞ്ച് പേർ പട്ടികയിൽ നിന്ന് പുറത്തു കടക്കുകയും ചെയ്ത വർഷമാണ് കടന്നു പോയത്. ഇപ്പോൾ ഫാർമ, ഹെൽത്ത് കെയർ മേഖലയിൽ 17 അതിസമ്പന്നർ ഉണ്ട് ഇന്ത്യയിൽ. കഴിഞ്ഞ വർഷം ഇത് പത്ത് പേരായിരുന്നു.
ഇന്ത്യയിലെ ഫാർമ, ഹെൽത്ത് കെയർ മേഖലയിലെ എല്ലാവരുടെയും സമ്പത്ത് ഒന്നിച്ച് കണക്കുകൂട്ടിയാൽ 2020 ഡിസംബർ അവസാനം അത് 4.35 ട്രില്യൺ വരും. മുൻ വർഷത്തേക്കാൾ 2.7 ട്രില്യൺ കൂടുതൽ. ഈ 17 പ്രൊമോട്ടർ കുടുംബങ്ങളുടെ ആസ്തി കോവിഡ് വന്നതിന് ശേഷം 61 ശതമാനം വർദ്ധിച്ചു. അഥവാ കഴിഞ്ഞ വർഷത്തെ അവരുടെ ആസ്തിയെക്കാൾ 1.65 ട്രില്യൺ കൂടുതൽ.
മരുന്ന് നിർമ്മാതാക്കൾ, ആശുപത്രിനടത്തുന്നവർ, ഡയഗ്നോസ്റ്റിക് കമ്പനികൾ, കൂടാതെ ഫാർമ വ്യവസായത്തിനുള്ള അസംസ്കൃത വസ്തുക്കൾ നിർമ്മിക്കുന്ന കെമിക്കൽ കമ്പനികൾ എന്നിവരുടെ ഷെയർ മൂല്യം മഹാമാരിക്കാലത്ത് കുതിച്ചുയർന്നു.
ഈ കുതിച്ചു കയറ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഐടി സാങ്കേതിക വിദ്യാ സേവനദാതാക്കളിൽ നാല് അതിസമ്പന്നരുണ്ട്. 2020 അവസാനത്തോടെ ഇവരുടെ മൊത്തം ആസ്തി 4.11 ട്രില്യൺ ആയിരുന്നു. വിപ്രോയുടെ അസിം പ്രേംജിയാണ് പട്ടികയിൽ ഒന്നാമത് -1.63 ട്രില്യൺ. ഈ മേഖലയിലെ എല്ലാവരുടേയും മൊത്തം മൂല്യം 35 ശതമാനം വർധന രേഖപ്പെടുത്തിയ വർഷമാണ് 2020, ഏകദേശം 42 ട്രില്യൺ. ഐ പി സി എ ലാബിന്റെ പ്രേംചന്ദ് ഗോധയായിരുന്നു ശരവേഗത്തിൽ കുതിച്ച് ആദ്യമായി ശതകോടീശ്വരന്മാരുടെ ക്ലബിൽ പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കമ്പനിയിൽ അദ്ദേഹത്തിന്റെ ഓഹരി മൂല്യം 12,805 കോടി രൂപയായിരുന്നു, അതായത്, വർഷാവർഷ അടിസ്ഥാനത്തിൽ 94 ശതമാനം വർധന. ഇത് അദ്ദേഹത്തെ ലിസ്റ്റ് ചെയ്യപ്പെട്ടവരിൽ 58-ാമത്തെ ഏറ്റവും സമ്പന്നനായ സംരംഭകനാക്കി മാറ്റി. മുൻ വർഷത്തെ 83-ാം റാങ്കിൽ നിന്നായിരുന്നു ഈ ചാട്ടം.
ഹെൽത്ത് കെയർ മേഖലയിൽ നിന്നുള്ള മറ്റ്എൻട്രികളിൽ അപ്പോളോയുടെ പ്രതാപ് സി റെഡ്ഡി ഉൾപ്പെടുന്നു (ആസ്തി 10,340 കോടി). മറ്റൊരാൾ അജന്ത ഫാർമയുടെ മന്നാലാൽ അഗർവാൾ (ഏകദേശം 8,500 കോടി). നാറ്റ്കോ ഫാർമയുടെ വി സി നന്നപനേനിയുടെ അറ്റവരുമാനം കഴിഞ്ഞ വർഷം 62 ശതമാനം ഉയർന്നു (8,570 കോടി).
കെമിക്കൽ കമ്പനികളുടെ സ്റ്റോക്കുകളിലെ കുതിച്ചു കയറ്റം ചില സ്ഥാപനങ്ങൾക്ക് ഗുണം ചെയ്തു. അതുലിലെ സുനിൽ എസ് ലാൽഭായി രാജ്യത്തെ 78-ാമത്തെ സമ്പന്നനായി മാറി. 2020 അവസാനത്തോടെ അദ്ദേഹത്തിന്റെ ആസ്തി 8,550 കോടി രൂപയുടെ മൂല്യം ഉണ്ടാക്കി.

ദിവി ലാബിന്റെ മുരളി ദിവി ഈ രംഗത്തെ വലിയ വിജയം കൈവരിച്ച മറ്റൊരു സംരംഭകനാണ്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 53,000 കോടിയാണ്. ലാർജ് ക്യാപ് കമ്പനികളുടെ കൂട്ടത്തിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച കമ്പനികളിൽ ഒന്നായിരുന്നു ദിവി. അതോടെ അദ്ദേഹം മുൻ വർഷത്തെ 28 -ാം സ്ഥാനത്ത് നിന്ന് 16 -ാം സ്ഥാനത്തെത്തി. അരബിന്ദോ ഫാർമയുടെ പി വി ആർ റെഡ്‌ഡി, കെ എൻ റെഡ്‌ഡി എന്നിവർ 28,000 കോടി ആസ്തിയുമായി 102 ശതമാനം നേട്ടമുണ്ടാക്കി. കാഡില ഹെൽത്ത് കെയറിന്റെ ഷാർവിൽ പട്ടേൽ 37,500 കോടിയുടെ ആസ്തിയു,മായി 89 ശതമാനം വളർച്ച നേടി. സൺ ഫാർമയുടെ ദിലീപ് ഷാങ്‌വിയാണ് ഇപ്പോഴും ഫാർമ മേഖലയിലെ രാജ്യത്തെ ഒന്നാമൻ. 81,200 കോടിയുടെ ആസ്തിയുള്ള അദ്ദേഹം 37 ശതമാനം വളർച്ചയുണ്ടാക്കി. രാജ്യത്തെ അസ്ഥിസമ്പന്നരിൽ എട്ടാം സ്ഥാനത്താണ് അദ്ദേഹം. നേരത്തെ പത്താം സ്ഥാനത്തായിരുന്നു.


Ismail Meladi
Ismail Meladi  

Related Articles

Next Story

Videos

Share it