തുടങ്ങിയ ദിവസം മുതല്‍ ഹിറ്റ്, ഈ റൂട്ടിലെ സ്പെഷ്യല്‍ ട്രെയിന്‍ സ്ഥിരമാക്കുമോ?

വടക്കന്‍ കേരളത്തിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണാന്‍ റെയില്‍വേ നടപ്പിലാക്കിയ സ്‌പെഷ്യല്‍ സര്‍വീസ് തുടക്കം മുതല്‍ ഹിറ്റായതോടെ സ്ഥിരം ഓടിക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍. 12 ജനറല്‍ കംപാര്‍ട്ട്‌മെന്റുകളുള്ള ഷൊര്‍ണൂര്‍-കണ്ണൂര്‍-ഷൊര്‍ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിന്‍ ഈ മാസം രണ്ടുമുതലാണ് ഓടിത്തുടങ്ങിയത്.
948 സീറ്റിംഗ് കപ്പാസിറ്റിയുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങിയത് മുതല്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതോടെ വൈകിട്ടുള്ള തിരുവനന്തപുരം-നേത്രാവതി എക്‌സ്പ്രസിലും ഒരു മണിക്കൂര്‍ കഴിഞ്ഞെത്തുന്ന കണ്ണൂര്‍ എക്‌സ്പ്രസിലും വാതിലില്‍ തൂങ്ങിയുള്ള യാത്രയും അവസാനിച്ചു. കണ്ണൂര്‍ ഭാഗത്തേക്ക് താനൂര്‍ മുതലുള്ള സ്റ്റേഷനുകളില്‍ നിന്നുള്ളവര്‍ക്ക് ട്രെയിന്‍ ഉപകാരപ്രദമാണ്. എന്നാല്‍ എക്‌സ്പ്രസ് ട്രെയിനായി ഓടിക്കുന്നത് കൊണ്ട് മിനിമം ചാര്‍ജായി 30 രൂപയാണ് ഈടാക്കുന്നത്. 200ല്‍ താഴെ കിലോമീറ്റര്‍ ഓടുന്ന അണ്‍റിസര്‍വ്ഡ് ട്രെയിനുകള്‍ക്ക് കുറഞ്ഞ നിരക്കായി ഈടാക്കുന്നത് 10 രൂപ, പുതിയ ട്രെയിനിനും ബാധകമാക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു. മാത്രവുമല്ല സ്‌പെഷ്യല്‍ എന്ന നിലയിലല്ലാതെ സ്ഥിരം സര്‍വീസാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
തിരക്ക് കുറഞ്ഞു, പരാതികളും
അതേസമയം, ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ ഓടിത്തുടങ്ങിയതോടെ ഈ റൂട്ടില്‍ തിരക്ക് കുറഞ്ഞിട്ടുണ്ട്. ജനറല്‍ ടിക്കറ്റുകാര്‍ റിസര്‍വ്ഡ് കോച്ചില്‍ കൂട്ടത്തോടെ കയറുന്നുവെന്ന പരാതികളും കുറഞ്ഞു. അപകടകരമായ രീതിയില്‍ തൂങ്ങിനിന്നുള്ള യാത്രയും കാണാനില്ല. വൈകിട്ട് 03.40ന് ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ 05.30ന് കോഴിക്കോടെത്തും. ആഴ്ചയില്‍ നാലു ദിവസം വീതം ഒരു മാസത്തേക്കാണ് ട്രെയിന്‍ ഓടുന്നത്.

Related Articles

Next Story

Videos

Share it