രാജ്യത്ത് പുതിയ കേസുകളില്‍ കുറവ്: മരണസംഖ്യ ഉയര്‍ന്നുതന്നെ

രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്നുവെങ്കിലും മരണസംഖ്യ നാലായിരത്തിന് മുകളില്‍ തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.43 ലക്ഷം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 4,000 പേര്‍ക്ക് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച 2,40,46,809 പേരില്‍ 37,04,893 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 2,00,79,599 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 2,62,317 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ പ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇവിടെ 42,582 പേര്‍ക്കാണ് രോഗം ബാധിച്ചത്. 882 പേര്‍ക്ക് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമാവുകയും ചെയ്തു. മരണനിരക്കില്‍ കര്‍ണാടകമാണ് രണ്ടാമതുള്ളത്. 344 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രതിദിന കേസുകളില്‍ 39,955 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളമാണ് രണ്ടാം സ്ഥാനത്തുള്ളത്.
കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം അതിന്റെ ഉയര്‍ന്ന നിലയിലാണെന്ന് സൂചിപ്പിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കില്‍ അടുത്ത കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്നനിലയിലെത്തിയേക്കും. കഴിഞ്ഞ ആഴ്ച 4.14 ലക്ഷത്തിലെത്തിയ പ്രതിദിന കേസുകള്‍ കുറഞ്ഞുവരികയാണ്. എന്നിരുന്നാലും കോവിഡ് രണ്ടാം തരംഗം അവസാനിക്കാന്‍ ദിവസങ്ങളെടുക്കുമെന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം പരിശോധന കുറഞ്ഞതാണ് പ്രതിദിന കേസുകളുടെ എണ്ണം കുറയാന്‍ കാരണമെന്ന് ആക്ഷേപമുയരുന്നുണ്ട്.


Related Articles
Next Story
Videos
Share it