ഡയമണ്ട്‌സിനെ മറികടന്ന് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി; വഴിത്തിരിവായി പി.എല്‍.ഐ സ്‌കീം

യു.എസിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ചരിത്രത്തിലാദ്യമായി ഡയമണ്ട്‌സ് കയറ്റുമതിയെ മറികടന്നു. 2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദം മുതലാണ് ട്രെന്റ് മാറ്റം. ജൂണില്‍ അവസാനിച്ച പാദത്തില്‍ രണ്ട് ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി. ഈ പാദത്തില്‍ ഡയമണ്ട് കയറ്റുമതി 1.44 ബില്യണ്‍ ഡോളറുമായിരുന്നു.
ഡിസംബര്‍ പാദത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 1.42 ബില്യണ്‍ ഡോളറായിരുന്നു. ഈ ഘട്ടത്തില്‍ 1.3 ബില്യണ്‍ ഡോളറിന്റെ ഡയമണ്ട്‌സ് ആണ് ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്തത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 43 ശതമാനം ഉയര്‍ന്നപ്പോള്‍ ഡയമണ്ട്‌സില്‍ 4.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

കയറ്റുമതിയിലും മാറ്റങ്ങള്‍

ഈ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്ന് യു.എസിലേക്കുള്ള കയറ്റുമതിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നാലാംസ്ഥാനത്തെത്തി. ഇന്ത്യയില്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്‌സ് (പി.എല്‍.ഐ) സ്‌കീം ആണ് സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ വഴിത്തിരിവായത്. ആപ്പിള്‍ ഐഫോണ്‍ അടക്കമുള്ള ബ്രാന്‍ഡുകള്‍ ഇന്ത്യയിലെ സാഹചര്യം പരമാവധി മുതലെടുക്കാന്‍ രംഗത്തെത്തിയത് കയറ്റുമതിക്ക് നേട്ടമായി.
പി.എല്‍.ഐ സ്‌കീം വരുംമുമ്പ് 2019 സാമ്പത്തികവര്‍ഷം വെറും അഞ്ച് മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു യു.എസിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി. ഇന്ത്യയില്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് കമ്പനികളുടെ വരവിന് കാരണമായി.
Related Articles
Next Story
Videos
Share it